കൊടുങ്ങല്ലൂര്‍: തീരദേശ മേഖലയില്‍ അവയവദാന മാഫിയയുടെ ഇരകളായവര്‍ അപ്രത്യക്ഷരാകുന്നു. തീരമേഖലയിലെ കോളനികള്‍ കേന്ദ്രീകരിച്ച് വൃക്ക കച്ചവടം നടന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ച സാഹചര്യത്തിലാണ് വൃക്കദാനം ചെയ്തവരില്‍ ചിലരെ കാണാതായത്. ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനായി അടുത്ത ദിവസങ്ങളില്‍ കൊടുങ്ങല്ലൂരിലെത്താനിരിക്കെയാണ് ചിലര്‍ സ്ഥലംവിട്ടതെന്നാണ് സൂചന. ക്രൈംബ്രാഞ്ചിന് മൊഴി കൊടുക്കാതിരിക്കാന്‍ വൃക്ക ദാതാക്കള്‍ക്കുമേല്‍ ഏജന്റുമാരുടെ സമ്മര്‍ദമുള്ളതായും പറയപ്പെടുന്നു. വൃക്ക ദാതാക്കളുടെ മൊഴിയെടുപ്പോടെ അവയവക്കച്ചവടത്തിലെ ഇടനിലക്കാരെക്കുറിച്ച് വിവരം ലഭിക്കും. ഇതൊഴിവാക്കാനായി ഇവര്‍ ശ്രമിച്ചുവരുന്നതായും സൂചനയുണ്ട്. അവയവദാനത്തിന് ആവശ്യമായ രേഖകള്‍ തയാറാക്കി സമര്‍പ്പിച്ചതിനുപിറകിലുള്ള ഗൂഢാലോചനയും അന്വേഷിക്കുമെന്നാണറിയുന്നത്. കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് കോളനികള്‍ കേന്ദ്രീകരിച്ച് വ്യാപകമായ അവയവദാനം നടന്നതായുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
Comments are closed for this post.