വാഷിങ്ടണ്‍: അല്‍ഖാഇദയുടെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറും പ്രമുഖ നേതാവുമായ അബൂ മുഹമ്മദ് അല്‍ മസ്‌രി എന്നറിയപ്പെടുന്ന അബ്ദുല്ലാഹ് അഹമ്മദ് അബ്ദുല്ലയെ ഇസ്‌റാഈല്‍ വധിച്ചെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇറാനില്‍വച്ച് ഇയാളെ ഇസ്‌റാഈല്‍ ഏജന്റുമാര്‍ വധിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് ഏഴിന് ഇറാനിലെ തെഹ്‌റാനില്‍വച്ച് ഇയാള്‍ കൊല്ലപ്പെട്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. തെഹ്‌റാനിലെ സ്ട്രീറ്റില്‍ മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടുപേരാണ് കൃത്യം നടത്തിയതെന്നും ഇക്കാര്യം അല്‍ ഖാഇദയോ ഇസ്‌റാഈലോ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അയ്മന്‍ അല്‍ സവാഹിരി കഴിഞ്ഞാല്‍ അല്‍ഖാഇദയുടെ രണ്ടാമത്തെ നേതാവാണ് ഈജിപ്തുകാരനായ മസ്‌രി. ഇദ്ദേഹത്തോടൊപ്പം മകളും ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ വിധവയുമായ സ്ത്രീയും കൊല്ലപ്പെട്ടതായും വിവരമുണ്ട്. നേരത്തെ ഇറാനില്‍ തടവിലായിരുന്ന മസ്‌രിയെ പിന്നീട് വിട്ടയച്ചിരുന്നുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്.1998ല്‍ ആഫ്രിക്കയിലെ രണ്ട് അമേരിക്കന്‍ എംബസികളില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാരോപിച്ച് വര്‍ഷങ്ങളായി മസ്‌രിയെ പിടികൂടാന്‍ അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. ഇയാളുടെ കൊലപാതകത്തില്‍ അമേരിക്കയും സഹായിച്ചതായും ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നുണ്ട്.എന്നാല്‍, ഇറാനില്‍വച്ചു മസ്‌രിയെ കൊന്നെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. ഇറാനില്‍ അല്‍ഖാഇദ നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. ഇറാനെതിരേ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് നേട്ടംകൊയ്യാനാണ് അമേരിക്കയും ഇസ്‌റാഈലും ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
Comments are closed for this post.