2022 June 30 Thursday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

അറുപതാണ്ടില്‍ കേരളം എന്തു നേടി


ഐക്യകേരളത്തിന് ഇന്ന് അറുപതാം പിറന്നാള്‍. ഒരുപാട് പ്രതീക്ഷകളും തദനുസൃതമായ പദ്ധതികളും 1956 നവംബര്‍ ഒന്നു മുതല്‍ ആവിഷ്‌കരിച്ച് മുന്നോട്ടു കുതിക്കാന്‍ തുടങ്ങിയതാണ് കേരളം. പുരോഗമനേച്ഛുക്കളും പരിണിതപ്രജ്ഞരായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും ആദ്യകാലത്ത് നടത്തിയ കഠിനയത്‌നത്തിന്റെ സദ്ഫലങ്ങളാണിപ്പോള്‍ കുറച്ചെങ്കിലും കേരളീയര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അയിത്തോഛാടനത്തിനും ജാതീയതക്കുമെതിരേ പഴയതലമുറ നടത്തിയ സമരങ്ങളുടെ ഫലമായാണ് സാമൂഹിക സാംസ്‌കാരിക രംഗത്ത് കേരളത്തിന് നവോത്ഥാനം കൈവരിക്കാന്‍ കഴിഞ്ഞത്. ആ നേട്ടം അറുപതിലെത്തുമ്പോള്‍ ഇല്ലാതാകുന്നു എന്നതു നേര്. ജാതി-മത ചിന്തകള്‍ക്കതീതമായി ഒരൊറ്റ ജനത എന്ന ബോധം കേരളത്തില്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രീനാരായണ ഗുരു മുതല്‍ ഇങ്ങേ അറ്റത്ത് പാണക്കാട് പൂക്കോയ തങ്ങള്‍ക്ക് വരെ അനല്‍പമായ പങ്കാണുള്ളത്.

60 വര്‍ഷത്തനിടയില്‍ സാമ്പത്തികമായി കേരളം അഭിവൃദ്ധി പ്രാപിച്ചുവെന്നത് നേട്ടം തന്നെയാണ്. യുവാക്കള്‍ തൊഴില്‍ തേടി അറുപതുകളിലും എഴുപതുകളിലും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അഭയം തേടിയതിന്റെ ഫലമായാണ് ഈ സാമ്പത്തിക അഭിവൃദ്ധി. പട്ടിണിമരണത്തില്‍ നിന്നും തൊഴിലില്ലായ്മയുടെ രൂക്ഷതയില്‍ നിന്നും ഒരു പരിധി വരെ കേരളത്തെ കരകയറ്റിയത് ഗള്‍ഫ് പണം തന്നെയായിരുന്നു. ആ സൗഭാഗ്യം ഏറെനാള്‍ നീണ്ടു നില്‍ക്കുകയില്ലെന്നാണ് ഇപ്പോള്‍ അവിടെ നിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ നിലവാരത്തിലും ആരോഗ്യ രംഗത്തും പുരോഗതിനേടാന്‍ 60 വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും കൂടിയിട്ടുണ്ട്. ഭൗതികമായ ഈ വളര്‍ച്ചയ്ക്കിടയില്‍ ആന്തരികമായി കേരളം ദരിദ്രമായിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസവും ആതുരശുശ്രൂഷയും വ്യവസായവല്‍ക്കരിക്കപ്പെട്ടത് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ ദുരന്തമാണ്. പഠിച്ചു മിടുക്കരാവുന്നവര്‍ക്ക് ഉന്നത സ്ഥാനങ്ങളിലെത്താന്‍ പണ്ടുകാലത്ത് കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് പണമുണ്ടെങ്കില്‍ ആര്‍ക്കും ഡോക്ടറാകാനും എന്‍ജിനിയറാകാനും കഴിയുന്നതാണ് അവസ്ഥ. കേരളം നിലവില്‍ വരുമ്പോള്‍ ഒരു മെഡിക്കല്‍ കോളജും ഒരു എന്‍ജിനിയറിങ് കോളജും മാത്രമാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമങ്ങള്‍ തോറും മെഡിക്കല്‍ കോളജുകളും എന്‍ജിനിയറിങ് കോളജുകളും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മുന്‍പ് ഈ രംഗത്തുണ്ടായിരുന്ന നൈതികതയും കാരുണ്യവും വറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ചികിത്സ എന്നത് ഇന്ന് സാധാരണക്കാരന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ്. സേവനമേഖലകളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവിടങ്ങളില്‍ കോര്‍പറേറ്റുകള്‍ പിടിമുറുക്കുന്നതിന്റെ ദുരന്തഫലം കൂടിയാണിത്. സംസ്ഥാനത്തിന്റെ ഐശ്വര്യമായിരുന്ന നെല്‍കൃഷി നാടുനീങ്ങി. നാണ്യവിളകളും വേരറ്റുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെട്ട കുട്ടനാട് ഇന്ന് മടകള്‍ വീണ് കൃഷി ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി. നദികളും തോടുകളും മലിനമായി. നിളാനദി പോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് വേദനയോടെയല്ലാതെ കാണാനാകില്ല.

വികസനത്തിന്റെ പേരില്‍ കുന്നും മലകളും ഇടിച്ചു നിരപ്പാക്കുകയും നദികള്‍ മാലിന്യം തള്ളാനുള്ള കുപ്പത്തൊട്ടികളും ആകുമ്പോള്‍ തടയാന്‍ ബാധ്യസ്ഥരായ നേതാക്കളും മന്ത്രിമാരും ഉദ്യോഗസ്ഥരും പണം വാങ്ങി കണ്ണടക്കുന്നു. കായലുകളും തോടുകളും പാടങ്ങളും മണ്ണിട്ടു നികത്തിക്കൊണ്ടിരിക്കുന്നതിനാല്‍ വര്‍ഷം കഴിയുന്തോറും വരള്‍ച്ച രൂക്ഷമാവുന്നു. പ്രകൃതിദത്തമായ ഈ ജലസംഭരണികള്‍ അപ്രത്യക്ഷമാകുമ്പോള്‍ മഴവെള്ളം മുഴുവന്‍ ഭൂമിയിലേക്കിറങ്ങാതെ കടലിലേക്കൊഴുകുന്നു. ഇതിനാലാണ് മഴക്കാലം തീരുമ്പോഴേക്കും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത്.
രാഷ്ട്രീയരംഗത്തും ഉദ്യോഗസ്ഥ തലത്തിലും നാള്‍ക്കുനാള്‍ അപചയം കൂടിക്കൊണ്ടിരിക്കുകയാണ്. പരസ്പരസഹകരണവും സഹാനുഭൂതിയും ദീനാനുകമ്പയും നഷ്ടപ്പെടുന്നിടത്ത് വര്‍ഗീയത തലപൊക്കുമെന്നതിനു സംശയമില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചിലര്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരള നിയമസഭയില്‍ ഒരു വര്‍ഗീയ പാര്‍ട്ടിയുടെ പ്രതിനിധി സ്ഥാനം പിടിച്ചത് കേരളത്തിന്റെ മതേതര പാരമ്പര്യത്തിനേറ്റ പ്രഹരമാണ്. മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിന് അറുപത് വര്‍ഷം പുരോഗതി പ്രാപിക്കാനുള്ള വലിയൊരു സമയം തന്നെയായിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരേ അഴിമതിക്കാരായ ഉദ്യോഗസ്ഥ കൂട്ടങ്ങള്‍ വാളെടുക്കുന്നു. അഭിശപ്തമായ ഇത്തരമൊരു കാലത്തെയും കൂടിയാണ് ഷഷ്ടിപൂര്‍ത്തിയിലെത്തിയ കേരളം അടയാളപ്പെടുത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.