2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

അറുതിയില്ലേ
ഈ കൊള്ളയ്ക്ക്?രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടിയിരിക്കുകയാണ്. ഗാർഹികാവശ്യങ്ങൾക്കുള്ള 14.2 കിലോ സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോ സിലിണ്ടറിന് 350.50 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 1,103 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 2,119.50 രൂപയുമാകും. മറ്റിടങ്ങളിൽ ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകും. രണ്ടു വർധനയും സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്നതാണ്. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലവർധന കുടുംബ ബജറ്റ് താളംതെറ്റിക്കുമ്പോൾ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലവർധന റസ്‌റ്റോറന്റുകൾ അടക്കമുള്ള ഭക്ഷ്യവിപണിയിൽ വിലക്കയറ്റമുണ്ടാക്കും. ഇതും ബാധിക്കാൻ പോകുന്നത് സാധാരണക്കാരെയാണ്.


മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് കൗശലപൂർവം വില വർധിപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വർധിക്കാത്ത വില തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായാലുടനെ വർധിക്കുന്നത് പതിവാണ്. വില വർധനയിൽ സർക്കാരിന് പങ്കില്ലെന്ന വാദം പൊള്ളയാണെന്നതിന്റെ തെളിവാണിത്.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈ വർഷം രണ്ടാം തവണയാണ് വില കൂട്ടുന്നത്. ജനുവരിയിൽ 25 രൂപ കൂട്ടിയതാണ്. കഴിഞ്ഞ 10 മാസത്തിനിടെ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കൂടിയത് 150ലധികം രൂപയാണ്. കഴിഞ്ഞ വർഷം മെയിലും ജൂണിലുമാണ് നേരത്തെ വർധിപ്പിച്ചത്. മെയിൽ 53 രൂപയും ജൂണിൽ 98.50 രൂപയും കൂട്ടി. ഇപ്പോഴത്തെ വർധന കൂടി ചേർത്താൽ 10 മാസത്തെ ആകെ വർധന 200ലധികമാകും. ജൂലൈയിൽ 48 രൂപ കുറക്കുകയും ചെയ്തിട്ടുണ്ട്. 2018 ജനുവരിയിൽ 736 രൂപയായിരുന്ന വിലയാണ് 1103 രൂപയായി ഇന്നലെ ഉയർന്നത്.


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞാലും ഇന്ത്യയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയാറില്ലെന്ന് മാത്രമല്ല കൂടുകയും ചെയ്യുന്നു. ഇതിലൂടെ സാധാരണക്കാരെ കൊള്ളയടിക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ചെയ്യുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധന കുറച്ചുകാലമായി സാധാരണക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ വിലകൾ നൂറു കടന്ന് കുതിക്കുകയാണ്. വിമാന ഇന്ധന വിലവർധനമൂലം വിമാനക്കൂലി സാധാരണക്കാർക്ക് താങ്ങാത്തതായിട്ടുണ്ട്. പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, ഭക്ഷ്യ എണ്ണ, സസ്യേതര ഇനങ്ങൾ, മുട്ട തുടങ്ങി പലചരക്ക് സാധനങ്ങളുടെ വില കുത്തനെ ഉയർന്നത് ഏതാനും മാസങ്ങളായി സാധാരണക്കാരുടെ ജീവിതം ദുരിതമാക്കിയിട്ടുണ്ട്. ഈ എരി തീയിലേക്കാണ് ഇപ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾ എണ്ണ പകർന്നിരിക്കുന്നത്. ഇതെല്ലാം നടക്കുമ്പോൾ ഒരു നിയന്ത്രണത്തിനും തയാറാകാതെ കണ്ണടച്ചിരിക്കുകയാണ് സർക്കാർ. അവശ്യസാധനങ്ങളുടെ വിലവർധന തടയാൻ നടപടിയൊന്നുമില്ല. ഇന്ധനവില കുതിച്ചുയരുന്നത് തടയുന്നുമില്ല.


സർക്കാർ ഇടപെടാതിരിക്കുന്നിടത്തോളം കാലം സമീപഭാവിയിലൊന്നും വിലക്കയറ്റം കുറയാനിടയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമീപകാലത്തുണ്ടായ അവശ്യസാധന വിലവർധനയിൽ വലിയ പങ്കുവഹിച്ചത് എണ്ണവില വർധനയാണ്. ക്ഷേമരാഷ്ട്രമെന്ന സങ്കൽപ്പമൊന്നും നിലവിൽ കേന്ദ്രസർക്കാർ അജൻഡയിലില്ല. സംഭരണം, വ്യാപാരം, വിലനിർണയം എന്നിവ സ്വകാര്യവൽക്കരിക്കുകയും കാർഷികമേഖല സ്വകാര്യ കുത്തകകൾക്ക് എഴുതിനൽകാനുമുള്ള നടപടികളിലാണ് സർക്കാർ. വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടിയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. മോദി സർക്കാർ വന്നശേഷം നോട്ടു നിരോധിച്ച് ചെറുകിട വ്യവസായത്തെ തകർത്തു. കൊവിഡ് കാലത്ത് കരുതലില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സാധാരണക്കാരെ തെരുവിലാക്കി. പാചകവാതക സബ്‌സിഡി ഇല്ലാതാക്കി. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കൊള്ളവിലയായി. ജി.എസ്.ടി നടപ്പാക്കിയാൽ വില കുറയുമെന്ന് പ്രഖ്യാപിച്ചതിനെല്ലാം വില കൂടി. കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അരിയുടെ വില 24 ശതമാനവും ഗോതമ്പ് പൊടി 28 ശതമാനവും പയറുവർഗങ്ങൾ 20-30 ശതമാനം വരെയും കൂടി. ഭക്ഷ്യ എണ്ണ വില അനിയന്ത്രിതമായി ഉയർന്നു.


കടുകെണ്ണ 71 ശതമാനം, വനസ്പതി 112 ശതമാനം, സൂര്യകാന്തി എണ്ണ 107 ശതമാനം, പാമോയിൽ 128 ശതമാനം എന്നിങ്ങനെയാണ് വിലക്കയറ്റം. ഉരുളക്കിഴങ്ങിന് 65 ശതമാനവും ഉള്ളിക്ക് 69 ശതമാനവും തക്കാളിക്ക് 155 ശതമാനവും വില കൂടി. പാലിന്റെ വില 25 ശതമാനം കൂടി. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്തെ കർഷകർ റെക്കോർഡ് ഭക്ഷ്യധാന്യ വിളവെടുപ്പ് നടത്തിയിട്ടുണ്ട്. 2014ൽ ധാന്യ ഉൽപ്പാദനം 234.87 ദശലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞവർഷം ഇത് 285.28 ദശലക്ഷം ടണ്ണായി ഉയർന്നു. പയറുവർഗങ്ങളുടെ ഉൽപ്പാദനം 17.15 ദശലക്ഷം ടണ്ണായിരുന്നത് കഴിഞ്ഞവർഷം 25.46 ദശലക്ഷം ടണ്ണായി. എന്നിട്ടും വില കൂടുന്നത് ഉൽപാദനം കുറഞ്ഞതുകൊണ്ടല്ലെന്ന് സാരം.


കഴിഞ്ഞ 75 വർഷത്തിനിടയിൽ അരി, ഗോതമ്പ്, പയറുവർഗങ്ങൾ, തൈര്, പനീർ, മാംസം, മത്സ്യം, ശർക്കര തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തിയിട്ടില്ല. ഇതെല്ലാമിപ്പോൾ ജി.എസ്.ടിയുടെ പരിധിയിൽ വന്നിരിക്കുന്നു. ബാങ്ക് അക്കൗണ്ടിൽനിന്ന് സ്വന്തം സമ്പാദ്യം പിൻവലിക്കാൻ പോലും ചെക്കുകൾക്ക് 18 ശതമാനം ജി.എസ്.ടി നൽകണം. ചില്ലറ വിപണിയിൽ സർക്കാർ നിയന്ത്രണമില്ല. ഒരേ സാധനത്തിന് കടകളിൽ വ്യത്യസ്ത വിലയാണ്. വിതരണത്തിൽ നിയന്ത്രണവുമില്ല. ഏത് ഉത്സവവേളയിലും പൂഴ്ത്തിവയ്പ്പ് സാധാരണ സമ്പ്രദായമായി മാറിയിരിക്കുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഡെലിവറി ചാർജുകൾക്ക് പുറമെ വർധിച്ച പണവും ഈടാക്കുന്നുണ്ട്. ഇ-കൊമേഴ്‌സ് സൈറ്റുകളിൽനിന്ന് കിഴിവുകൾ/റിബേറ്റുകൾ അപ്രത്യക്ഷമായി.


ഇന്ധനവില തീരുമാനിക്കാനുള്ള അധികാരം കമ്പനികളിൽനിന്ന് എടുത്തുകളയാൻ സർക്കാർ നടപടി സ്വീകരിക്കണം. പാചക വാതകമടക്കമുള്ളവയുടെ വില കുറയ്ക്കാൻ അതിവേഗ നടപടി വേണം. സാധാരണക്കാരുടെ പ്രയാസങ്ങളെ അവഗണിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം വൈകിയിരിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.