2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അറിവുള്ളതേ പറയാവൂ

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി

അറിവില്ലാത്ത കാര്യങ്ങളുടെ പിന്നാലെ നീ പോകരുത്. കാത്, കണ്ണ്, ഹൃദയം എന്നിവയെക്കുറിച്ചെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്, തീര്‍ച്ച. (വിശുദ്ധ ഖുര്‍ആന്‍ 17:36).
കേട്ട പാതി കേള്‍ക്കാത്തപാതി തന്റെ ചെവിയിലെത്തിയ വാര്‍ത്ത കൈമാറാന്‍ പലര്‍ക്കും വ്യഗ്രതയാണ്. അതിന്റെ ശരിതെറ്റുകള്‍ അന്വേഷിക്കാനവര്‍ നില്‍ക്കില്ല. അത് മറ്റുള്ളവന്റെ ന്യൂനതയാണെങ്കില്‍ അതിനവര്‍ക്ക് ആയിരം നാവാണ്. ഒരു തരം ജീര്‍ണിച്ച മനസിന്റെ ഉടമകളാണവര്‍. തന്റെ കൈയിലുള്ള മൊബൈലിലേക്ക് എങ്ങുനിന്നോ വന്ന മെസേജ് അവന്‍ ഫോര്‍വേഡ് ചെയ്യുന്നു. അതിന്റെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ നിന്നാല്‍ തനിക്ക് മുന്‍പ് മറ്റാരെങ്കിലും അത് വിതരണം ചെയ്‌തേക്കും അതിനാല്‍ തനിക്ക് തന്നെ അത് ആദ്യം വിതരണം ചെയ്യണമെന്നാണവന്റെ മനോഗതി.
പിന്നെ ചിലരുണ്ട് കേട്ടതിന്റെ മതവിധി പ്രസ്താവിക്കാന്‍ തിരക്കു കൂട്ടുന്നവര്‍. അവര്‍ക്ക് മതനിയമങ്ങളില്‍ തെല്ലും അറിവുണ്ടായിട്ടല്ല. തനിക്ക് വിവരമില്ല എന്നതവര്‍ക്ക് സമ്മതിക്കാന്‍ വിഷമമായതിനാലാണ്. ഏറ്റവും വലിയ വിവരം വിവരമില്ലെന്ന വിവരമാണെന്ന് വിവരമുള്ളവര്‍ പറഞ്ഞത് ഇതു കൊണ്ടാണ്.
നാമെരു പാട് കേട്ടു പരിചയിച്ച ഒരു കഥ, അന്ധന്‍ ആനയെ കാണാന്‍ പോയ കഥ. ഇത്തരക്കാര്‍ക്ക് ഏറ്റം ഉചിതമാണ്. അഞ്ചു കുരുടന്മാര്‍ കൂടി അത്രയും കാലം കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ ആനയെ കുറിച്ച്. എന്നാല്‍, കേള്‍വിയില്‍ കേട്ട ആനയെ ‘കണ്ടു ‘കളയാമെന്നു കുരുടന്മാര്‍ കരുതി യാത്ര തിരിച്ചു. അവര്‍ യാത്രചെയ്ത് ആനയുള്ള സ്ഥലത്തെത്തി. അവര്‍ കാണാത്ത ആനയുടെ ചുറ്റും കൂടി, ഒരാള്‍ കാലിന്റെ അടുത്ത് ചെന്നു. അയാള്‍ കാലു മുഴുവന്‍ തപ്പി തടവി നോക്കി. രണ്ടാമത്തെ ആളിന് വാലാണ് കൈയില്‍ തടഞ്ഞത്. മൂന്നാമത്തെ ആള്‍ക്ക് ചെവി പിടിക്കാന്‍ കിട്ടി.
നാലാമനു കിട്ടിയത് കൊമ്പാണ്. അഞ്ചാമത്തെ ആള്‍ക്ക് തുമ്പിക്കൈയുമാണ് തപ്പി നോക്കാന്‍ കിട്ടിയത്. മതിയാകും വരെ അവര്‍ ആനയുടെ വിവിധഭാഗങ്ങള്‍ തപ്പി തപ്പി തൃപ്തിയടഞ്ഞു. അവസാനം അവര്‍ തിരികെ നടന്നു. നടത്തത്തിനിടയില്‍ ഓരോ അഭിപ്രായ പ്രകടനവും അവര്‍ നടത്തിക്കൊണ്ടേയിരുന്നു. ആദ്യത്തെ ആള്‍ പറഞ്ഞു ആന ഒരു തൂണു പോലെയാണെന്ന്. രണ്ടാമത്തെ ആള്‍ അല്‍പ്പം പരിഹാസത്തോടെ പറഞ്ഞു, നിങ്ങള്‍ പറഞ്ഞത് ശരിയല്ല. ആനയ്ക്ക് തൂണിന്റെ അത്ര വണ്ണമില്ല. അത് ഒരു ചൂലു പോലെയാണ്.
മൂന്നാമന്‍ എല്ലാവരോടുമായി പറഞ്ഞു, മൂഢത്തം വിളമ്പാതെ ആന ശരിക്കും ഒരു മുറം പോലെയാണ്. ഞാന്‍ തൊട്ടുനോക്കി മനസിലാക്കിയതല്ലേ? നിങ്ങള്‍ അങ്ങനെ ചെയ്തിരിക്കില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ആനയെ അറിയാന്‍ കഴിയില്ല. അല്‍പം വീരസ്യം നടിച്ചു നാലാമന്‍ പറഞ്ഞു. നിങ്ങള്‍ മൂന്നു പേരും പറഞ്ഞതല്ല ശരി. ആന ഒരു കുന്തം പോലെയാണ്. അയാള്‍ വിശദീകരിച്ചു. അത് കേള്‍ക്കേ അഞ്ചാമനു ഒട്ടും തൃപ്തിയായില്ല എന്ന് മാത്രമല്ല ഒരല്‍പം കാര്യബോധത്തോടെ പറഞ്ഞു. നിങ്ങള്‍ നാലു പേരു പറഞ്ഞതിലും കാര്യമില്ലാതില്ല. പക്ഷേ, കഴമ്പില്ല. എന്തോ എവിടെയോ തൊട്ടു എന്നല്ലാതെ പൂര്‍ണമായി ആനയെ മനസിലാക്കിയവന്‍ ഞാനാണ്. ആന ഒരു ഉലക്ക പോലെയാണ്. അയാള്‍ ഒട്ടും വിട്ടുകൊടുക്കാതെ ഉറപ്പിച്ചു പറഞ്ഞു.
ആനുകാലികമായി പുറത്തുവന്ന പല സംഭവങ്ങളും ഇത്തരം നിഗമനങ്ങളുടെ പരിണിതിയാണെന്ന് കാണാം. അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാനും വിവരസ്ഥരാകാനുമുള്ള ചിലരുടെ വ്യഗ്രതയില്‍ നാട് കുട്ടിച്ചോറാകുന്നു. കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍ എത്ര കലാപങ്ങള്‍ നാട്ടില്‍ പൊട്ടിപ്പുറപ്പെട്ടു? എത്രയെത്ര കുടുംബങ്ങല്‍ തകര്‍ന്നു? എത്രയധികമാളുകളുടെ അഭിമാനം തകര്‍ന്നു…?
അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയരുത്. എല്ലാം താന്‍ കണ്ടതാണ് ശരി എന്ന് മേനി നടിക്കരുത്. കേട്ടതിനും കണ്ടതിനുമപ്പുറം കാണാനും കേള്‍ക്കാനും ബാക്കിയുണ്ടെന്നും തിരിച്ചറിയാനാകണം. അജ്ഞതയാണ് എല്ലാ തിന്മകളുടേയും അടിസ്ഥാനം. താന്‍ അറിഞ്ഞത് മാത്രമാണ് ശരിയെന്ന് അവന്‍ ശാഠ്യം പിടിക്കുന്നു. പരമാര്‍ഥമായ ശരിയിലേക്കവന്‍ എത്തുന്നുമില്ല. ശരി പഠിക്കാന്‍ മിനക്കെടുന്നുമില്ല. പിന്നെങ്ങനെ വിവരസ്ഥരാകാനാകും?
ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മനുഷ്യനെ നശിപ്പിക്കുവാന്‍ വളരെ സഹായകമാണ്. അതിന്റെ നന്മകളുടെ ഭാഗം കാണാതെ അവകളിലെ തിന്മകളിലേക്കാണ് മിക്കവരും ഊളിയിടുന്നത്. ഫേസ്ബുക്ക്, യൂട്യൂബിലെ വിഡിയോ സൗകര്യങ്ങള്‍ ബൈലക്‌സിലെ സംസാരങ്ങള്‍, വെബ്‌സൈറ്റ് സൗകര്യങ്ങള്‍ എന്നുതുടങ്ങി ഒട്ടനവധി സങ്കേതങ്ങള്‍ ഇന്നുണ്ടെങ്കിലുംപലതും പരലോകത്തേക്ക് ബാധ്യതയാകുന്ന രൂപത്തിലാണ് ആളുകള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഏതൊരാളെക്കുറിച്ചുമുള്ള എന്തെങ്കിലും മോശമായ കാര്യം കേട്ടാലുടന്‍, നിജസ്ഥിതി അന്വേഷിക്കാതെ കേവലം ഒരു മൗസ് ക്ലിക്കുകൊണ്ട്, ലോകത്തുള്ള ആയിരക്കണക്കിന് മെയിലുകളിലേക്കും ഫേസ്ബുക്കുകളിലേക്കും തെറ്റായ സന്ദേശം നല്‍കുമ്പോള്‍ ഭാരിച്ച ഒരു ബാധ്യതയാണ് പരലോകത്തേക്ക് അതുണ്ടാക്കി വയ്ക്കുന്നത് എന്ന ബോധം നമുക്കുണ്ടാവണം.
നാം അയച്ച സന്ദേശങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാലും പിന്നീട് തിരിച്ചെടുക്കാനാവാത്ത സാഹചര്യങ്ങളാണ് ഉണ്ടാവാറുള്ളത്. അറിഞ്ഞുകൂടാത്തതിന്റെ പിന്നാലെ കടന്നുപോവുകയും ഏഷണി, പരദൂഷണം, ഊഹിച്ചു പറയുക, കളവ് പറയുക, പരിഹസിക്കുക തുടങ്ങിയ ദുഷ്പ്രവണതകളില്‍ നിന്നും സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതുണ്ട്. നമ്മള്‍ ധരിക്കുന്ന വസ്ത്രവും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഏതുപോലെ വൃത്തിയുള്ളതാണോ അതിനേക്കാളേറെ വൃത്തിയും വെടിപ്പുമുള്ളതാവണം നമ്മുടെ ചിന്തകളും, നമ്മുടെ സംസാരങ്ങളും. കാരണം സമ്പത്തും സൗകര്യങ്ങളും സന്താനങ്ങളും ഉപകാരപ്പെടാത്ത നാളത്തെ ലോകത്തേക്കുള്ള മുതല്‍ക്കൂട്ടാണ് കുറ്റമറ്റ ഹൃദയവും അതില്‍ നിന്നുള്ള നിര്‍മലമായ ചിന്തകളും.
ഒരിക്കല്‍ നബി (സ്വ) സ്വഹാബത്തിനോടായി ചോദിച്ചു; ആരാണ് മുഫ്‌ലിസ് (ദരിദ്രവാസി) എന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ പറഞ്ഞു: സമ്പത്തും ജീവിത വിഭവങ്ങളും ഇല്ലാത്തയാളാണ് ദരിദ്രവാസി.
നബി (സ്വ) പറഞ്ഞു: എന്റെ സമുദായത്തിലെ ദരിദ്രവാസി ക്വിയാമത്ത് നാളില്‍ നമസ്‌കാരവും സകാത്തും നോമ്പുമൊക്കെയായിവരുന്നവനാണ്. എന്നാല്‍ അവന്‍ ഇന്നവനെ ചീത്ത പറഞ്ഞിരിക്കും ഇന്നവനെക്കുറിച്ച് കുറ്റാരോപണം നടത്തുകയും ചെയ്തിരിക്കും, ഇന്നവന്റെ ധനം അന്യായമായി തിന്നുകയും ഇന്നവന്റെ രക്തം ചിന്തുകയും ഇന്നവനെ മര്‍ദിക്കുകയും ചെയ്തിട്ടുണ്ടാവും. അതിനാല്‍ അവന്റെ സല്‍കര്‍മങ്ങള്‍ പരലോകത്ത് വച്ച് (ഉപദ്രവത്തിന് ഇരയായവര്‍ക്ക്) നല്‍കും, വിധി തീര്‍പ്പിന് മുമ്പ് തന്നെ അയാളുടെ സല്‍ക്കര്‍മങ്ങള്‍ തീര്‍ന്നുപോകും. ഇരകളുടെ തിന്‍മകള്‍ അയാളില്‍ ചാര്‍ത്തി അയാളെ നരകത്തിലെറിയും.’ (മുസ്‌ലിം)
പരലോകത്ത് വച്ച് നാം പാപ്പരാവാനും നരകത്തിലേക്ക് വലിച്ചിഴക്കപ്പെടാനും ഇടവരുന്ന പ്രവര്‍ത്തനങ്ങളില്‍പ്പെട്ടതാണ് മറ്റുള്ളവരെ ചീത്ത പറയലും അവര്‍ക്കെതിരെ കുറ്റാരോപണം നടത്തലും. ഒരാളെയും വിഷമിപ്പിക്കുന്ന വാക്കുകള്‍ പറയുകയോ അത്തരം സന്ദേശങ്ങള്‍, മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയോ ചെയ്യുന്നത് ഗുരുതരമായ തെറ്റായി നാം മനസ്സിലാക്കേണ്ടതുണ്ട്. കാരണം, ഒരു വ്യക്തിയുടെ ഇരുവശങ്ങളിലുമിരുന്ന് അവന്റെ വാഗ്‌വിചാരങ്ങള്‍ രണ്ടു മലക്കുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
അല്ലാഹു പറയുന്നു: സ്ഥിരപ്പെടുത്തുന്ന രണ്ടു പേര്‍ സ്ഥിരപ്പെടുത്തുന്ന സന്ദര്‍ഭം (ഓര്‍ക്കുക). വലഭാഗത്തും ഇടഭാഗത്തും ഇരിക്കുന്നവരാണവര്‍.തയ്യാറായ സൂക്ഷ്മവീക്ഷകര്‍ അവന്റെ അടുക്കല്‍ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കുന്നതല്ല.(ഖാഫ് 17,18) വിശ്വാസികളുടെ പ്രത്യേകതകള്‍ എടുത്ത് പറയുന്നേടത്ത് അല്ലാഹു പറയുന്നു: അനാവശ്യ കാര്യങ്ങളില്‍ നിന്ന് തിരിഞ്ഞു കളയുന്നവരാണവര്‍ (മുഅ്മിനൂന്‍: 3)
മറ്റൊരിടത്ത് കാണാം: ‘വ്യര്‍ഥമായ വാക്കുകള്‍ കേള്‍ക്കാനിടയായാല്‍ അവരതില്‍ നിന്ന് അകന്നുമാറുന്നു. (ഖസസ്: 55)
അബൂദര്‍ദാഅ് (റ)ല്‍ നിന്ന്: പ്രവാചകന്‍ (സ്വ) പറഞ്ഞു. ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനം സംരക്ഷിച്ചാല്‍ അന്ത്യനാളില്‍ അല്ലാഹു അയാളുടെ മുഖത്തെ നരകാഗ്‌നിയില്‍ നിന്ന് സംരക്ഷിക്കുന്നതാണ്. (തുര്‍മുദി). അല്ലാഹു പറയുന്നു: കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം (ഖു. 104:1).അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതക്ക് നിങ്ങള്‍ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.’ (ഹുജറാത്ത്: 6)
ഇമാം ശാഫിഈ (റഹി) പറഞ്ഞു: ‘നിങ്ങള്‍ സംസാരിക്കുനതിനു മുന്‍പ് അതിനെക്കുറിച്ച് ചിന്തിക്കുക. അതില്‍ നന്മയുണ്ട് എന്ന് തോന്നുന്നുവെങ്കില്‍ സംസാരിക്കുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക’. രണ്ടു ചുണ്ടുകള്‍ക്കിടയിലുള്ള നാവിനെ സൂക്ഷിക്കുന്നവര്‍ക്ക് നബി(സ) സ്വര്‍ഗം നല്‍കുമെന്ന് പറഞ്ഞു. ‘ആദമിന്റെ മക്കളുടെ മിക്ക തെറ്റുകളും നാവ് കാരണത്താലാണ് ‘. കഴിവതും നാവിനെ സൂക്ഷിക്കുക. വിഡ്ഢികള്‍ തീര്‍ക്കുന്ന വിഡ്ഢി ദിനങ്ങളില്‍ പങ്കു ചേര്‍ന്ന് നാളെ പരലോകത്ത് സ്വയം വിഡ്ഢിയായി തീരാതിരിക്കുക
ഉമര്‍ (റ) പറഞ്ഞു: സ്വാഭിപ്രായം പറയുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക. അവര്‍ സുന്നത്തിന്റെ ശത്രുക്കളാണ്. ഹദീസുകള്‍ മനപ്പാഠമാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ സ്വാഭിപ്രായം പറഞ്ഞുതുടങ്ങി. അങ്ങനെ അവര്‍ സ്വയം വഴികേടിലാവുകയും ആളുകളെ വഴികേടിലാക്കുകയും ചെയ്തു. ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: അല്ലാഹുവാണെ സത്യം! ബുദ്ധിഭ്രംശം സംഭവിച്ചവനല്ലാതെ ചോദിക്കപ്പെടുന്ന എല്ലാ വിഷയത്തിലും ഫത്‌വ നല്‍കുകയില്ല.
നബി (സ) പറഞ്ഞു: ‘ആരെങ്കിലും എന്റെ പേരില്‍ ഞാന്‍ പറയാത്തത് പറഞ്ഞാല്‍ അവന്‍ നരകത്തില്‍ അവന്റെ സ്ഥാനം ഒരുക്കിക്കൊള്ളട്ടെ’. അതിനാല്‍ ദീനിന്റെ പേരില്‍ സംസാരിക്കുമ്പോള്‍ അതിയായി സൂക്ഷിക്കേണ്ടതുണ്ട്. അറിയുക! അറിവില്ലാത്ത കാര്യങ്ങളില്‍ ചോദിക്കപ്പെട്ടാല്‍ അറിയില്ല എന്ന് പറയല്‍ ബുദ്ധിയുള്ളവരുടെ രീതിയാണ്. ആദം നബി(അ)ന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഉള്ള സംഭവം സുവിദിതമാണല്ലോ.
മലക്കുകളോട് അല്ലാഹു ചില വസ്തുക്കളുടെ നാമം പറയാന്‍ പറഞ്ഞു. എന്നാലവ അറിയാത്ത മലക്കുകള്‍ തങ്ങളുടെ നിസഹായാവസ്ഥ വ്യക്തമാക്കി: ‘അവര്‍ പറഞ്ഞു.നിന്റെ പരിശുദ്ധിയെ ഞങ്ങള്‍ വാഴ്ത്തുന്നു; നീ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നിട്ടുള്ളതല്ലാതെ വേറെ യാതൊരു അറിവും ഞങ്ങള്‍ക്കില്ല; നിശ്ചയമായും സര്‍വജ്ഞനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനും നീ മാത്രമാകുന്നു’. അറിവില്ലാത്തത് അറിയില്ലെന്ന് പറയാന്‍ മലക്കുകള്‍ പോലും മടിച്ചിട്ടില്ല. പിന്നെ അറിയാത്ത കാര്യങ്ങളില്‍ ഫത്‌വ ഇറക്കിയും അത്തരം വാര്‍ത്തയുടെ പ്രചാരകരായും നാമെന്തിന് നിന്ദ്യരാകണം.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.