2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അറബ് ലോകത്തെ ശക്തനായ ഭരണാധികാരി

അഷറഫ് ചേരാപുരം

ദുബൈ
യു.എ.ഇയെ പ്രസിദ്ധിയുടെയും അഭിവൃദ്ധിയുടെയും അഭിമാനത്തിന്റെയും രാഷ്ട്രമാക്കി മാറ്റുന്നതിൽ കൃത്യമായ പങ്കുവഹിച്ചതിനു ശേഷമാണ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ വിടവാങ്ങുന്നത്. പിതാവ് ചെയ്തുവച്ച ശ്രദ്ധേയ പ്രവർത്തനങ്ങളുടെ തുടർച്ചക്കൊപ്പംതന്നെ ഭരണപരിഷ്‌കാര മേഖലയിൽ അദ്ദേഹം തിളങ്ങിനിന്നു. മരുഭൂവിൽ പിതാവ് വിത്തിട്ട വികസന സങ്കൽപങ്ങൾ അതിന്റെ നൂറിരട്ടിമികവിൽ യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം വിജയിച്ചുവെന്ന് കാലം തെളിയിച്ചു. 1990കളുടെ അവസാനപാദം മുതൽ തന്നെ പിതാവിന്റെ പിൻഗാമിയായി ആധുനിക യു.എ.ഇയെ കൂടുതൽ ശക്തമാക്കാൻ ഖലീഫ ബിൻ സായിദ് മുന്നിലുണ്ടായിരുന്നു. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെ മരണത്തെ തുടർന്നാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യു.എ.ഇ) രണ്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

1971 ഡിസംബർ രണ്ടിന് സ്ഥാപിതമായ രാജ്യത്തെ ഏഴ് എമിറേറ്റുകളിൽ ഏറ്റവും വലുതും തലസ്ഥാനവുമായ അബൂദബിയുടെ 16ാമത്തെ ഭരണാധികാരി കൂടിയാണ് ശൈഖ് ഖലീഫ ബിൻ സായിദ്. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മൂത്തമകനായ ശൈഖ് ഖലീഫ 2004 നവംബർ രണ്ടിനാണ് അബൂദബി ഭരണാധികാരിയായി സ്ഥാനമേറ്റത്. അടുത്ത ദിവസം യു.എ.ഇ പ്രസിഡന്റായും ചുമതലയേറ്റു.
അബൂദബി പ്രതിരോധ സേനയുടെ കമാൻഡറായപ്പോൾ തന്നെ നിരവധി വികസനപ്രവർത്തനങ്ങളിൽ അദ്ദേഹം നേതൃത്വം നൽകി. രാജ്യതലസ്ഥാനത്ത് പ്രതിരോധ സേനയെ ശക്തമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. 1971 ജൂലൈ ആദ്യത്തിലാണ് അബൂദബി എമിറേറ്റിലെ പ്രാദേശിക മന്ത്രിസഭയുടെ പ്രഥമ പ്രധാനമന്ത്രിയായി അദ്ദേഹം വരുന്നത്. ഇതോടൊപ്പം തന്നെയായിരുന്നു അദ്ദേഹം പ്രതിരോധ, ധനകാര്യ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചതും.

1973 ഡിസംബറിൽ ഫെഡറൽ ഗവൺമെന്റിൽ ഉപപ്രധാനമന്ത്രിയായി. 1974 ഫെബ്രുവരിയിൽ പ്രാദേശികമന്ത്രിസഭ നിർത്തലാക്കിയശേഷം അബൂദബി എമിറേറ്റിലെ പകരം രൂപീകരിച്ച അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിലിന്റെ ആദ്യ തലവനായും ശൈഖ് ഖലീഫ തിളങ്ങി. 1976ൽ അബൂദബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നേതൃത്വം അദ്ദേഹത്തിന്റേതായിരുന്നു.
യു.എ.ഇ പ്രസിഡന്റായ ശേഷം നവീനമായ പല പദ്ധതികളും അദ്ദേഹം കൊണ്ടുവന്നു. ഫെഡറൽ നാഷനൽ കൗൺസിലിൽ അംഗങ്ങളെ ജനാധിപത്യപരമായി തിരഞ്ഞെടുക്കുകയെന്നതായിരുന്നു ഇതിൽ ശ്രദ്ധേയം. പാർലമെന്റിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം നടപ്പാക്കിയതും അദ്ദേഹത്തിന്റെ ആശീർവാദത്തോടെയായിരുന്നു.

ലോകരാജ്യങ്ങളിലൂടെയുള്ള സഞ്ചാരവും ലോക ഭരണാധികാരികളെ തന്റെ നാട്ടിലേക്ക് അതിഥികളായെത്തിച്ചും നയതന്ത്രബന്ധങ്ങളിൽ പുതുമകൾ തീർക്കാൻ കഴിഞ്ഞ ഭരണാധിപനാണ് ശൈഖ് ഖലീഫ. ലോകത്തെ ഏറ്റവും ധനികരായ ഭരണാധികാരികളിൽ ഒരാളുകൂടിയായിരുന്നു. അബൂദബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാനെന്ന നിലയിൽ 5,75,000 ഡോളറിന്റെ ആസ്തിയാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് അദ്ദേഹം നല്ല ബന്ധം പുലർത്തി. ഇന്ത്യയുൾപ്പെടെ പ്രവാസ ലോകത്തുനിന്നുള്ള ലക്ഷങ്ങളുടെ പ്രിയങ്കരനാണ് ശൈഖ്. അദ്ദേഹത്തിന്റെ കാരുണ്യം കേരളം ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ നിരവധി തവണ അനുഭവിച്ചിട്ടുണ്ട്. പ്രളയകാലത്തും മറ്റും യു.എ.ഇയുടെ സഹായം കേരളത്തിന് ഏറെ ലഭിച്ചത് മറക്കാനാവില്ല. 73ാം വയസിൽ തന്റെ പിതാവ് സ്വപ്‌നം കണ്ട ഒരു രാജ്യത്തെ ലോകത്തിന് കാഴ്ചവച്ചു.ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പേര് ബുർജ് ഖലീഫയെന്നാണ്. ആ പേരിന്റെ ഉടമസ്ഥനാണ് ലോകത്തിലെ തന്നെ ശ്രദ്ധേയ രാജ്യങ്ങളിൽ ഒന്നായി തന്റെ നാടിനെ മാറ്റിയശേഷം യാത്രയായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.