2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അര്‍ധസത്യങ്ങളുടെ ഇരുവശങ്ങള്‍

സുഹൃത്തിനോട്: ”പൂച്ച കടിക്കുമോ?”
”ഏയ്… ഇല്ല.” സുഹൃത്തിന്റെ മറുപടി.
ആ വാക്കുകേട്ട് അയാള്‍ പൂച്ചയെ വാങ്ങി കളിപ്പിക്കാന്‍ തുടങ്ങി. പക്ഷേ, ആദ്യ ദിവസംതന്നെ പണി പാളി. കലി കയറിയ പൂച്ച തന്നെ ശല്യംചെയ്ത കൈകള്‍ക്ക് ആഴത്തിലൊരു കടി കൊടുത്തു. വേദനകൊണ്ടു പുളഞ്ഞ അയാള്‍ ഇഞ്ചക്ഷനടിക്കാനായി പോകവേ സുഹൃത്തിനെ വിളിച്ചു പറഞ്ഞു:
”നീ ഇങ്ങനെ ചതിക്കുമെന്നു കരുതിയിരുന്നില്ല.”
”എന്ത്! ഞാന്‍ ചതിച്ചെന്നോ?!”
”അതേ, നീയല്ലേ പൂച്ച കടിക്കില്ലെന്നു പറഞ്ഞത്?”
”ഞാന്‍ എന്റെ വീട്ടിലെ പൂച്ചയുടെ കാര്യമാണു പറഞ്ഞത്. അതു കടിക്കാറില്ല.”
പൂച്ച കടിക്കില്ലെന്ന സുഹൃത്തിന്റെ പ്രസ്താവന കളവാണോ എന്നു ചോദിച്ചാല്‍ അതേയെന്നു തീര്‍ച്ചപ്പെടുത്തി പറയാനാവില്ല. എന്നാല്‍ പൂര്‍ണമായും സത്യമാണോ എന്നു ചോദിച്ചാല്‍ അതിനും അതേയെന്നു പറയാനാവില്ല. പിന്നെ എന്താണത്?
‘അര്‍ധ സത്യം’.
സത്യസന്ധമായി പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല, പറയുന്നതും പൂര്‍ണ സത്യമായിരിക്കണം. അല്ലാതിരുന്നാല്‍ പറയുന്ന വാക്കുകള്‍ വഴിതെറ്റിച്ചുകളയും. പൂച്ച കടിക്കില്ലെന്നു കളവ് പറഞ്ഞതല്ല സുഹൃത്ത്. പൂച്ച കടിക്കില്ലെന്ന പ്രസ്താവം പൂര്‍ണ സത്യമായില്ലെന്നതാണു പ്രശ്‌നം. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലിരുന്നുകൊണ്ട് ‘പൊതുജനം കഴുതയാ’ണെന്ന് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ നുണയനാണെന്നു പറയാന്‍ കഴിയില്ല. എന്നു കരുതി അയാളുടെ പ്രസ്താവന പൂര്‍ണമായും സത്യമാണെന്നു വിധിയെഴുതാനും പറ്റില്ല. പ്രബുദ്ധരായ പൊതുജനത്തിന്റെ കാര്യത്തില്‍ അതു കളവായിരിക്കും.
അര്‍ധസത്യം പെരുംകള്ളം സൃഷ്ടിക്കുന്ന അനര്‍ഥങ്ങളുണ്ടാക്കാറുണ്ട്. ചിലപ്പോള്‍ പെരുംകള്ളത്തെയും മറികടക്കുന്ന വിപത്തുകളും വരുത്തിവയ്ക്കും. കള്ളമാണെന്നറിഞ്ഞാല്‍ തള്ളാം. സത്യമാണെന്നറിഞ്ഞാല്‍ കൊള്ളാം. അര്‍ധസത്യത്തെയെന്തു ചെയ്യും? സത്യമെന്നു കരുതി വിശ്വസിച്ചാല്‍ വഴിതെറ്റുകയല്ലേ ചെയ്യുക.
പറയുന്നവന്റെ കാര്യത്തില്‍ സത്യമായിരിക്കുന്നതും ശ്രോതാവിന്റെ കാര്യത്തില്‍ അസത്യമായിരിക്കുന്നതുമായ കാര്യങ്ങളില്‍ സാമാന്യവല്‍ക്കരണം പാടില്ല. തന്റെ മക്കള്‍ വഴിതെറ്റിയതിനാല്‍ ഇക്കാലത്തെ മക്കളെയൊന്നും പിടിച്ചാല്‍ കിട്ടില്ലെന്നല്ല, എന്റെ മക്കളെ പിടിച്ചാല്‍ കിട്ടുന്നില്ലെന്നാണു പറയേണ്ടത്. രാഷ്ട്രീയക്കാരെയൊന്നും വല്ലാതെ നമ്പാന്‍ പറ്റില്ലെന്നു പറയരുത്. നമ്പാന്‍ പറ്റാത്ത രാഷ്ട്രീയക്കാരെ മാത്രം ചൂണ്ടിക്കാണിച്ചാല്‍ മതി. ഇതൊക്കെ ഏതാള്‍ക്കും മനസിലാകുന്ന കാര്യമല്ലേ എന്നല്ല; എനിക്കിതു വേഗം മനസിലാകുന്നുണ്ടെന്നാണു പറയേണ്ടത്. അവിടേക്കു കുറഞ്ഞ ദൂരമേയുള്ളൂ എന്നു പറയരുത്; ദൂരം എത്രയാണെന്നാണു പറയേണ്ടത്. പറയുന്നവനു കുറഞ്ഞ ദൂരമാണെങ്കിലും കേള്‍ക്കുന്നവന് അതു ദീര്‍ഘദൂരമായിരിക്കാം. കുറഞ്ഞ ദൂരമാണെന്നു കേട്ട് വാഹനത്തിനു കാത്തുനില്‍ക്കാതെ നടത്തം തുടങ്ങിയാല്‍ ഒരുപക്ഷേ, ലക്ഷ്യത്തിലെത്തുംമുന്‍പ് അയാള്‍ ക്ഷീണച്ചവശാനായേക്കും.
അര്‍ധസത്യങ്ങളില്‍ ദോഷകരമായവയുള്ളപോലെ നിര്‍ദോഷകരമായവയുമുണ്ട്. ജീവരക്ഷയ്ക്കും അഭിമാനസംരക്ഷണത്തിനും നര്‍മരസത്തിനുമെല്ലാം അവയെ കൂട്ടുപിടിക്കാം. അനാരോഗ്യകരമായ അനുഭവങ്ങള്‍ക്ക് അവ ഹേതുവാകരുതെന്നേയുള്ളൂ.
ഒരിക്കല്‍ അയല്‍ക്കാരന്റെ വീട്ടില്‍നിന്നു വലിയൊരു ശബ്ദം. വല്ല അപകടവും സംഭവിച്ചോ എന്നറിയാന്‍ ചെന്നു നോക്കിയതായിരുന്നു. തറയിലിരുന്ന് എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന അയല്‍ക്കാരനെയാണ് അപ്പോള്‍ കണ്ടത്.
അയാള്‍ ചോദിച്ചു: ”എന്താ സംഭവിച്ചത്?”
”ടെറസില്‍നിന്ന് എന്റെ ഷര്‍ട്ട് വീണതാണ്”-കാര്യമായ ഒന്നും സംഭവിക്കാത്ത മട്ടില്‍ അയല്‍ക്കാരന്‍ മറുപടി കൊടുത്തു.
”ഷര്‍ട്ട് വീണതിന് ഇത്ര ശബ്ദമോ?”
”അതേ, അതിനകത്ത് ഞാനുമുണ്ടായിരുന്നു!”
ആപ്പിള്‍ ഫോണ്‍ എന്നു കേള്‍ക്കുമ്പോള്‍ ആപ്പിളുമായി ബന്ധപ്പെട്ട വല്ലതുമാണോ എന്നു തോന്നും. സത്യത്തില്‍ അവ തമ്മില്‍ പുലബന്ധം പോലുമില്ലല്ലോ. പുതിയ ജീവിതത്തിലേക്കു പുതുവസ്ത്രങ്ങളണിഞ്ഞിറങ്ങുന്ന പെണ്ണിനെ കുറിച്ച് പുതുപെണ്ണ് എന്നു പറയും. സത്യത്തില്‍ പഴയ പെണ്ണാണവള്‍. പുതിയ രീതിയില്‍ അവതരിക്കപ്പെട്ടുവെന്നേയുള്ളൂ. പുതുപെണ്ണെന്ന പ്രയോഗം ഏറ്റവും യോജിക്കുക പുതുതായ ജനിച്ച പെണ്‍കുഞ്ഞിനാണ്. എന്നു കരുതി ആരും ആ കുഞ്ഞിന് പുതുപെണ്ണെന്നു പറയാറില്ല. കളവ് പറയുന്ന ദുശ്ശീലമുള്ളവനും പേര് സിദ്ദീഖ് എന്നായിരിക്കും. എന്നു കരുതി പേരു മാറ്റേണ്ടതില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഗോക്കളെ പരിപാലിച്ചിട്ടില്ലാത്തവനും ഗോപാലന്‍ എന്നു പേരുണ്ടാകും. മാറ്റി നിര്‍ത്തേണ്ടത് കളവിന്റെ റോള്‍ വഹിക്കുന്ന അര്‍ധസത്യങ്ങളെ മാത്രമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.