
ശതാബ്ദി കോപ്പ അമേരിക്ക കിരീടം ചിലിക്ക്
ഈസ്റ്റ് റുതര്‍ഫോര്‍ഡ്: നൂറ്റാണ്ടിന്റെ കോപ്പ അമേരിക്ക കിരീടത്തിനായുള്ള ഫൈനല്‍ മത്സരം ഗോള്‍രഹിതമായി നിശ്ചിത സമയം പിന്നിട്ടപ്പോള്‍തന്നെ വര്‍ത്തമാനകാലത്തെ ഏറ്റവും മികച്ച ഫുട്ബോളറും അര്‍ജന്റീന നായകനുമായ ലയണല്‍ മെസ്സി അസ്വസ്ഥനായിരുന്നു. അധിക സമയത്തും ഗോള്‍ പിറക്കാതായതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.
ചിലിക്കായി ആദ്യ കിക്കെടുത്ത ആര്‍തുറോ വിദാലിന്റെ ഷോട്ട് അര്‍ജന്റൈന്‍ ഗോളി റൊമേറോ തട്ടിയകറ്റിയപ്പോള്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. എന്നാല്‍, അര്‍ജന്റീനയുടെ ആദ്യ കിക്കെടുക്കാനെത്തിയ മെസ്സിക്ക്, നിരവധി തവണ ഫ്രീ കിക്കുകള്‍ ഗോളാക്കി ലോകത്തെ അദ്ഭുതപ്പെടുത്തിയ സാക്ഷാല്‍ മെസ്സിക്കു പക്ഷേ പെനാല്‍റ്റി പിഴച്ചു. ഷോട്ട് ഗോള്‍പോസ്റ്റിനു മുകളിലൂടെ പറന്നതു ലോകം അമ്പരപ്പോടെ നോക്കിക്കണ്ടു. നിരുത്തരവാദപരമായ ആ ഒരൊറ്റ ഷോട്ട് അര്‍ജന്റീനയുടെ വിധിയെഴുതി, ലയണല്‍ മെസ്സിയുടേതും.
ഒരു ലോകകപ്പിന്റേയും രണ്ടു കോപ്പ കിരീടങ്ങളുടേയും തൊട്ടരികില്‍വച്ച് മെസ്സി പൊട്ടിക്കരഞ്ഞു തലകുനിച്ചു മടങ്ങി. കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം ചിലി നെഞ്ചോടു ചേര്ക്കുന്നതുകണ്ടു, ബാഴ്സലോണയുടെ കുപ്പായത്തില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച മെസ്സിയെന്ന രാജകുമാരന് അര്‍ജന്റീനയ്ക്കായി ഇനി കളത്തിലേക്കില്ലെന്നു പറഞ്ഞ് അന്താരാഷ്ട്ര കരിയറിനു വിരാമമിട്ടപ്പോള്‍ ആ ദുരന്തചിത്രം പൂര്‍ണമായി.
കഴിഞ്ഞ വര്‍ഷം നേടിയ കിരീടം ചിലി നിലനിര്‍ത്തി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ വഴങ്ങാതിരുന്നപ്പോള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തീരുമാനമായത്. ഷൂട്ടൗട്ടില്‍ 4-2നാണ് ചിലി വിജയം സ്വന്തമാക്കിയത്. ബ്രസീലിനു ശേഷം കോപ്പ അമേരിക്കയില്‍ കിരീടം നിലനിര്‍ത്തുന്ന രാജ്യമായും ചിലി മാറി. മെസ്സിയെന്ന നായകന് പരാജയമായ അതേ മൈതാനത്തു മറ്റൊരു നായകന് തന്റെ കരുത്തുറ്റ കൈകള്‍കൊണ്ട് ഒരു രാജ്യത്തിനു തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം സമ്മാനിക്കുന്നതിനും ലോകം സാക്ഷ്യംവഹിച്ചു.
ക്ലൗഡിയോ ബ്രാവോയെന്ന ചിലി നായകന് അധിക സമയത്ത് അര്‍ജന്റീന താരം കുന് അഗ്യെറോ ഹെഡ്ഡ് ചെയ്ത ഗോളെന്നുറച്ച ഷോട്ട് അസാമാന്യ കരുത്തോടെ തട്ടിയകറ്റിയും പെനാല്‍റ്റിയെടുത്ത ബിഗ്ലിയയുടെ ഷോട്ട് തടഞ്ഞിട്ടും തന്റെ ടീമിനെ ചാംപ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ചു.
പെനാല്‍റ്റിയില്‍ ചിലിക്കായി കിക്കെടുത്ത കാസ്റ്റിലോ, അരാംഗ്യുസ്, ബൊസീഞ്ഞ്യോ, സില്‍വ എന്നിവര്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീനയ്ക്കായി അഷറാനോ, അഗ്യെറോ എന്നിവരാണ് ഗോളുകള്‍ വലയിലെത്തിച്ചത്. കിരീടത്തിനായുള്ള അര്‍ജന്റീനയുടെ 23 വര്‍ഷത്തെ കാത്തിരിപ്പും മെസ്സിയുടെ കിരീട സ്വപ്നവുമാണ് ഇത്തവണയും പൊലിഞ്ഞത്. തുടര്‍ച്ചയായി മൂന്നാമത്തെ സുപ്രധാന ടൂര്‍ണമെന്റിലാണ് മെസ്സിയുടെ നായകത്വത്തില്‍ ഇറങ്ങിയ അര്‍ജന്റൈന്‍ ടീം ഫൈനല്‍ പരാജയമേറ്റുവാങ്ങി ദുരന്തചിത്രമാകുന്നത്. 2014ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടും കഴിഞ്ഞ തവണയും ഇപ്പോള്‍ നൂറ്റാണ്ടിന്റെ കോപ്പയിലും ചിലിയോടും അവര്‍ പരാജയമേറ്റുവാങ്ങി.
കളിയുടെ ആദ്യപകുതിയില്‍ ചിലിയുടെ മാര്‍സെലോ ഡയസും അര്‍ജന്റീനയുടെ മാര്‍ക്കോ റോഹോയും ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതും കളിയുടെ ഒഴുക്കിനെ ബാധിച്ചു.