
കൊച്ചി: ഐ.എസ്.ല്‍ ഏഴാം സീസണിന് തയ്യാറാകുന്ന കേരളാ ബ്ലാസ്റ്റേഴ്സ് പുതിയൊരു താരത്തെ കൂടി ടീമിലെത്തിച്ചു. അര്‍ജന്റീനയില്‍ നിന്നുള്ള ഫകുണ്ടോ പെരേരയേയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ പെരേര. അര്‍ജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേര അമേച്വര്‍ ടീമായ എസ്റ്റുഡിയന്റ്സ് ഡി ബ്യൂണസ് അയേഴ്സിലാണ് തന്റെ ഔദ്യോഗിക ഫുട്ബാള്‍ ജീവിതം ആരംഭിച്ചത്.
2006മുതല്‍ 2009 വരെ അവിടെ തുടര്‍ന്ന അദ്ദേഹം ലോണില്‍ ചിലിയന്‍ ഫുട്ബോള്‍ ക്ലബ്ബായ പലസ്തീനോയിലെത്തി. പിന്നീട് ചിലിയന്‍, മെക്സിക്കന്‍, അര്‍ജന്റീനിയന്‍ ലീഗുകളില്‍ കളിച്ച അദ്ദേഹം പിന്നീട് ഗ്രീക്ക് ക്ലബ്ബായ പി.എ.ഒ.കെയ്ക്കായി ബൂട്ടണിഞ്ഞു. സ്ട്രൈക്കറായും, ക്രിയേറ്റീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിയുന്ന താരമാണ് പെരേര. ഇടതുകാല് കളിക്കാരനായ അദ്ദേഹം 2018ല്‍ അപ്പോളന്‍ ലിമാസ്സോളില്‍ എത്തുകയും ക്ലബ്ബിനായി യോഗ്യത മത്സരങ്ങള്‍ ഉള്‍പ്പടെ 53 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. ബോക്സില്‍ പെരേരയുടെ ചടുലതയും, അനുഭവ സമ്പത്തും അര്‍ജന്റീനിയന്‍ നിലവാരവും സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് കരുത്താകും. ‘ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാറിലെത്തുന്നത് ഒരു പദവിയായി ഞാന്‍ കാണുന്നുവെന്ന് പെരേര പറഞ്ഞു.