കണ്ണൂര്‍: തേച്ചുമിനുക്കി പാകം വരുത്തിയ സര്‍ഗവാസനകള്‍ മാറ്റുരയ്ക്കാനെത്തിയ കൗമാരക്കാരുടെ കലാമേള വേദികളില്‍ ആളും ആരവവും ഒഴിഞ്ഞു. തെയ്യത്തിന്റെയും തിറയുടെയും നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യയിലെ എറ്റവും വലിയ കലോത്സവ മാമാങ്കത്തിന് വേദിയായത്.
കഴിഞ്ഞ ഏഴു ദിവസമായി നിളയും ചന്ദ്രഗിരിയും കബനിയും പമ്പയുമുള്‍പ്പെടെ കലോത്സവനഗരിയിലെ 21 വേദികളും രാപകലില്ലാതെ കരകവിഞ്ഞൊഴുകുകയായിരുന്നു. കണ്ണൂരിന്റെ രാവുകളെ പകലുകളാക്കി നടന്ന താള-മേള ലയ-ലാസ്യ-നടന വിന്യാസങ്ങള്‍ തങ്ങളുടെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുകയായിരുന്നു ഓരോ കണ്ണൂരുകാരനും
കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്ന കാഴ്ചകളും കേട്ടറിഞ്ഞ കഥകളുമല്ല യാഥാര്‍ഥമെന്ന് ഇന്നാട്ടുകാര്‍ അവരുടെ നിഷ്‌കളങ്കമായ സ്‌നേഹത്തിലൂടെ കാണിച്ചുതന്നു. ജാതി, മത, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അതീതമായി കലയെ സ്‌നേഹിക്കുന്ന കണ്ണൂരിന്റെ മനസിന്റെ നന്മ ആവോളം അനുഭവിച്ചാണ് ഇവിടെയെത്തിയ ഓരോരുത്തരും മടങ്ങുന്നത്.
മത്സരംകഴിഞ്ഞ് മടങ്ങുന്ന ഓരോരുത്തരെയും യാത്രയാക്കുമ്പോള്‍ കഴിഞ്ഞുപോയ ദിനരാത്രങ്ങള്‍ തിരികെ വരാനായി വീണ്ടുമൊരു കലോത്സവ വേദി തങ്ങളുടെ നാട്ടിലെത്തുന്നതും കാത്തിരിപ്പിലാണ് നഗരവാസികള്‍. അതിനാല്‍ തന്നെ ‘എനിം കാണാട്ടാ’ എന്ന യാത്രാമൊഴി ചൊല്ലിയാണ് എല്ലാവരെയും ഇവര്‍ യാത്രയാക്കുന്നത്.
Comments are closed for this post.