
ബംഗളൂരു: പിറന്നപ്പോള്‍ ലോകത്തിലെ ഏറ്റവും തൂക്കം കൂടിയ കുട്ടിയെന്ന ബഹുമതി ഇനി ഇന്ത്യന്‍ പെണ്‍കുഞ്ഞിന്. കഴിഞ്ഞ തിങ്കളാഴ്ച കര്‍ണാടകയിലെ ഹസ്സന് ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച 6.8 കിലോ തൂക്കമുള്ള പെണ്‍കുട്ടിയാണ് റെക്കോര്‍ഡിനുടമയായത്.
19 കാരിയായ നന്ദിനിയെന്ന യുവതിയാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കുട്ടിയുടെ തൂക്കം 15 എല്‍.ബി.എസ് അഥവാ 6.8 കിലോഗ്രാമായിരുന്നുവെന്നു ഹെല്‍ത്ത് ഓഫിസറായ ഡോക്ടറാണ് വെളിപ്പെടുത്തിയത്. സാധാരണ കുഞ്ഞുങ്ങളുടെ തൂക്കം മൂന്നു കിലോഗ്രാം വരെയേ ഉണ്ടാവാറുള്ളൂവെന്ന് ഡോക്ടര്‍ പറയുന്നു. തന്റെ 25 വര്‍ഷത്തെ സര്‍വിസിനിടെ ഇത്രയും തൂക്കമുള്ള കുട്ടി ജനിക്കുന്നത് ഇതാദ്യമായാണെന്ന് ഡോ. വെങ്കടേഷ് രാജു വ്യക്തമാക്കി.
മാതാവായ യുവതിയുടെ തൂക്കം 94 കിലോ ആണ്. അര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തതെന്ന് നേതൃത്വം നല്കിയ ഡോ. പൂര്‍ണിമ മനു പറഞ്ഞു. പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. രണ്ടു വര്‍ഷം മുന്‍പ് വിവാഹിതരായ അരുണ്‍- നന്ദിനി ദമ്പതികളുടെ ആദ്യ കണ്മണിയാണ് റെക്കോര്‍ഡുമായി ജനിച്ചത്. കഴിഞ്ഞ നവംബറില്‍ 6.6 കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനു ജന്മം നല്കി ഇന്ത്യന്‍ യുവതി ഫിര്‍ദൗസ് ഖാത്തൂന് ശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ ഏറ്റവും തൂക്കം കൂടിയ ആണ് കുഞ്ഞായിരുന്നു ഇവരുടേത്.