2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അമേരിക്കയിലെ കാറോട്ട മത്സരത്തിന് സ്വയം നിര്‍മിച്ച കാറുമായി വിദ്യാര്‍ഥികള്‍

കണ്ണൂര്‍: സ്വന്തമായി നിര്‍മിച്ച കാറുമായി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര കാറോട്ട മത്സരത്തിലേക്ക്. അമേരിക്കയിലെ ഇല്ലിനോയിസില്‍ ജൂണ്‍ ഏഴു മുതല്‍ 10 വരെ നടക്കുന്ന എസ്.എ.ഇ ബാഹര്‍ ഇന്റര്‍നാഷനല്‍ മത്സരത്തില്‍ പങ്കെടുക്കാനാണ് ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചത്. വിദ്യാര്‍ഥികള്‍ സ്വയം രൂപകല്‍പന ചെയ്ത് നിര്‍മിച്ച ഓഫ് റോഡ് വാഹനം സാങ്കേതിക മികവ് ഉറപ്പു വരുത്തി മത്സരിക്കാന്‍ അവസരമൊരുക്കുന്ന കാറോട്ട മത്സരമാണിത്. ഏഴു ലക്ഷം രൂപ ചെലവില്‍ നാലുമാസം കൊണ്ടാണ് ഏത് വിധം റോഡിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഓള്‍ ടെറയിന്‍ വാഹനം ഇവര്‍ രൂപകല്‍പന ചെയ്തത്. 

പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനം കീഴ്‌മേല്‍ മറിഞ്ഞാലും പൂര്‍വസ്ഥിതിയിലേക്കെത്തുന്നതിനുള്ള സാങ്കേതിക വിദ്യയും നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഫോര്‍മുല ത്രീ റെയ്‌സിങ് കാറും ഓള്‍ ടെറയിന്‍ വാഹനങ്ങളും വിദ്യാര്‍ഥികള്‍ നിര്‍മിച്ചിട്ടുണ്ട്.
കോയമ്പത്തൂരില്‍ നടന്ന എന്‍ഡ്യൂറോ സ്റ്റുഡന്റ് ഇന്ത്യ മത്സരത്തിലും ഈ വാഹനം ശ്രദ്ധനേടിയിരുന്നു. ബീച്ച് സ്‌പോര്‍ട്‌സിനുതകുന്ന തരത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നതിന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഇന്‍ക്യുബേഷന്‍ സെന്ററും പി.കെ ശ്രീമതി എം.പിയും കലക്ടര്‍ മിര്‍ മുഹമ്മദലിയും സഹായം വാഗ്ദാനം ചെയ്തതായും കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജിനു വടക്കേമുളഞ്ഞനാല്‍, പി.ആര്‍.ഒ സെബാസ്റ്റിയന്‍ പുത്തന്‍പുര, പ്രൊഫ. ജസ്റ്റിന്‍ സി ജോസ്, ടി ജിബിന്‍ പങ്കെടുത്തു. മത്സരത്തിനായി വാഹനം കപ്പല്‍ മാര്‍ഗം അമേരിക്കയിലെത്തിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.