
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തെ സുപ്രിം കോടതി ജഡ്ജിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. റിപബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിക്ഷമുള്ള സെനറ്റില്‍ 48നെതിരേ 52 വോട്ടുകള്‍ നേടിയാണ് അമി കോണി ജഡ്ജിയാവുന്നത്. ട്രംപിന്റെ സാന്നിധ്യത്തില്‍ ഇവര്‍ വൈറ്റ്ഹൗസില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു.
സ്ത്രീപക്ഷ അവകാശങ്ങള്‍ക്കായി നിലകൊണ്ടിരുന്ന ജസ്റ്റിസ് റുത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗ് സെപ്റ്റംബറില്‍ മരിച്ചതിനു ശേഷമാണ് പുതിയെ ജഡ്ജിയെ തെരഞ്ഞെടുക്കുന്നത്. ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹം എന്നിവയ്ക്കെതിരെ അമി കോണി നേരത്തെ നിലപാടെടുത്തിരുന്നു. ജുഡീഷ്യല്‍ ബോഡിയിലേക്ക് ട്രംപ് നിയമിക്കുന്ന മൂന്നാമത്തെയാളാണിവര്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പിലാക്കിയ മിതമായ നിരക്കില്‍ എല്ലാ അമേരിക്കകാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യപദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള ഹരജി നവംബര്‍ 10ന് ഇവരുടെ മുമ്പാകെയാണെത്തുന്നത്.
നവംബര്‍ മൂന്നിനുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാളാണ് പുതിയ ജഡ്ജിയെ നോമിനേറ്റ് ചെയ്യേണ്ടതെന്ന് നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.