2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അമിത കീടനാശിനിപ്രയോഗം ജനിതക വൈകല്യ ഭീതിയിൽ തോട്ടംതൊഴിലാളികൾ

ബാസിത് ഹസൻ
തൊടുപുഴ
അമിതമായ കീടനാശിനിപ്രയോഗം മൂലം തോട്ടംമേഖല ജനിതക വൈകല്യ ഭീഷണിയിൽ. ഹൈറേഞ്ചിലെ ഏലം, തേയില, കുരുമുളക്, പാവൽ ,നേന്ത്രവാഴ, കരിമ്പ് തോട്ടങ്ങളിലാണ് സർക്കാർ നിരോധം മറികടന്ന് എൻഡോസൾഫാൻ അടക്കമുള്ള കീടനാശിനികളുടെ അമിത പ്രയോഗം നടക്കുന്നത്.
കാസർകോട് കുടിനീരും വായുവും വിഷലിപ്തമാക്കി നവജാത ശിശുക്കളിൽ ജനിതക വൈകല്യത്തിന് കാരണമായെന്ന് കണ്ടൈത്തിയ അതേ മാരക കീടനാശിനികളെല്ലാം ഇടുക്കിയിലും വ്യാപകമായി ഉപയോഗിക്കുകയാണ്.

ഹൈറേഞ്ചിലെ നീർച്ചാലുകളിൽ 0.3 ശതമാനം വരെ എൻഡോസൾഫാൻ കലരുന്നതായി കാക്കനാട്ടെ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. അറക്കുളംപടി മുതൽ കല്ലാർ ഡാം വരെയുള്ള പ്രദേശങ്ങളിൽ മീനുകളും ജലത്തിലെ ചെറുജീവികളും ചത്തുപൊങ്ങിയതിനെ തുടർന്ന് വാട്ടർ അതോറിറ്റിയാണ് ജലസാംപിൾ പരിശോധനയ്ക്ക് അയച്ചത്. ആരോഗ്യവകുപ്പ് മുമ്പ് മൂന്നാറിൽ നടത്തിയ പരിശോധനയിൽ ഏലത്തോട്ടത്തിലൂടെ ഒഴുകുന്ന അരുവികളിലെ ജലത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു.ഭക്ഷ്യാവശ്യങ്ങൾക്കും ഔഷധ നിർമാണത്തിനും ഏലം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കീടനാശിനിയുടെ അംശം ഏലക്കയുടെ ഉള്ളിൽ ആഴ്ന്നിറങ്ങുകയും മാരകമായ ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് ആറും ഏഴും തവണ വരെ കീടനാശിനികൾ ഏലത്തോട്ടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഫ്യൂറിഡാൻ എന്ന തരിരൂപത്തിലുള്ള കീടനാശിനിയാണ് നേന്ത്രവാഴകൃഷിയിലും പച്ചക്കറി കൃഷിയിലും പ്രയോഗിക്കുന്നത്. പീരുമേട്, കുട്ടിക്കാനം, പാമ്പാടുംപാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ തേയിലയ്ക്കും ആലടി, ഉപ്പുതുറ, മുരിക്കാശ്ശേരി, വണ്ടന്മേട് മേഖലകളിൽ കാപ്പിച്ചെടികൾക്കും കൂടിയ അളവിൽ കീടനാശിനി പ്രയോഗം നടത്തുന്നുണ്ട്. ഇതുമൂലം പെരിയാറിലും അതിന്റെ കൈവഴികളിലും കീടനാശിനിയുടെ അംശം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ നദികളിൽ ചെറുമീനുകളും തവളകളും ഞണ്ടുകളും കുറവാണ്. നെടുങ്കണ്ടം, ശാന്തമ്പാറ, പാമ്പാടുംപാറ, കുമളി, മറയൂർ, കാന്തല്ലൂർ, വണ്ടൻമേട് പഞ്ചായത്തുകളിലെ തോട്ടങ്ങളിലാണ് എൻഡോസൾഫാൻ അനധികൃതമായി ഉപയോഗിക്കുന്നത്. വൻകിട തോട്ടമുടമകൾ തമിഴ്‌നാട്ടിൽനിന്നാണ് കീടനാശിനി എത്തിക്കുന്നത്. 10 വർഷത്തിനുള്ളിൽ തോട്ടം മേഖലയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ ഭയാനകമായ വർധനവാണ് ഉണ്ടായത്. ഹൈറേഞ്ചിലെ 9 ഗ്രാമപഞ്ചായത്തുകളിൽ 6810 കാൻസർ ബാധിതർ ഉള്ളതായി സ്വകാര്യ സർവേ കണ്ടെത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.