2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അഭിമന്യുവിന്റെ കുടുംബത്തിന് നീതി അകലെ

അൻസാർ മുഹമ്മദ്
കൊച്ചി
നാൻ പെറ്റ മകനേ… എൻ രാസാ. ഇടുക്കിയിലെ വട്ടവട എന്ന കൊച്ചു ഗ്രാമത്തിൽ മകന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചുള്ള ആ അമ്മയുടെ വിലാപം കേരളത്തിന്റെ നെഞ്ചിൽ തറച്ചിട്ട് വർഷം മൂന്നര കഴിഞ്ഞു. മഹാരാജാസ് കോളജിൽ കാംപസ് ഫ്രണ്ടിന്റെ നരാധമന്മാർ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ അമ്മയുടെ കരച്ചിൽ മനുഷ്യത്വം അൽപ്പമെങ്കിലും അവശേഷിക്കുന്നവരുടെ നെഞ്ചിലാണ് ചെന്നുപതിച്ചത്.

കലാസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ അനേകം യോദ്ധാക്കളെ സൃഷ്ടിച്ച മഹാരാജസിന്റെ കലാലയമുറ്റത്ത് കുത്തേറ്റു വീണ് പിടഞ്ഞു മരിച്ച അഭിമന്യുവിന്റെ കുടുംബത്തിന് നീതി കിട്ടിയോ? വീണ്ടും കലാലയമുറ്റത്ത് മറ്റൊരു എസ്.എഫ്.ഐ രക്തസാക്ഷി കൂടി ഉണ്ടാകുമ്പോൾ കേരളം ചേദിക്കുന്ന ചോദ്യമുണ്ട്. അഭിമന്യുവിന്റെ കൊലയാളികളെ പൂർണമായും പിടികൂടിയോ? ഇല്ല എന്നു തന്നെ പറയാം. അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം പൂർത്തിയായപ്പോഴും കുത്തി വീഴ്ത്തിയവരെ പിടികൂടാൻ അന്ന് പിണറായി സർക്കാരിന് കഴിഞ്ഞില്ലായിരുന്നു എന്നതാണ് വസ്തുത. കേസിൽ നേരിട്ട് പങ്കാളികളായ പ്രതികളിൽ പലരും ഒരു വർഷം പിന്നിട്ടപ്പോൾ പൊലിസിനു മുന്നിൽ കീഴടങ്ങുകയും അറസ്റ്റിലാവുകയും ചെയ്തു.

പ്രതികളെയെല്ലാം അറസ്റ്റുചെയ്‌തെന്ന് കേരളാ പൊലിസും സർക്കാരും അവകാശപ്പെട്ടുവെങ്കിലും ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തുവന്നിട്ടില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയ ആയുധവും കണ്ടെടുത്തിട്ടില്ല. കേസിന്റെ വിചാരണയ്ക്കാവശ്യമായ പല തെളിവുകളും പൊലിസിന് ലഭിച്ചിട്ടില്ലെന്നാണ് വസ്തുത.
സമ്മേളന വേദികൾക്ക് അഭിമന്യുവിന്റെ പേരു നൽകാൻ മടിക്കാത്ത സി.പി.എമ്മിന് പാർട്ടി ഭരിക്കുമ്പോൾ തന്നെ അഭിമന്യുവിനെ കുത്തി വീഴ്ത്താൻ ഗൂഢാലോചന നടത്തിയവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ കഴിഞ്ഞില്ല. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കാംപസിൽ അഭിമന്യു കൊല്ലപ്പെട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.