2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളിയത് കേന്ദ്രത്തിന്റെ ശുപാര്‍ശയാല്‍: പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണകേസ് പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളിയതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. വ്യക്തിപരമായി താന്‍ വധശിക്ഷയെ എതിര്‍ക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ദയാഹരജി തള്ളിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പലഘട്ടങ്ങളും നടപടിക്രമങ്ങളും കടന്നാണ് ദയാഹരജി രാഷ്ട്രപതിയുടെ അന്തിമ പരിഗണനയ്ക്ക് എത്തുക. ഇതില്‍ രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരായും. ഹരജി തള്ളാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നതെങ്കില്‍ സാധാരണ നിലയില്‍ രാഷ്ട്രപതിയും അതേ നിലപാടാണ് സ്വീകരിക്കുകയെന്നും പ്രണബ് പറഞ്ഞു. വധശിക്ഷ നിരോധിക്കാന്‍ ജനപ്രതിനിധികള്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും പ്രണബ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരുന്ന 2012-17 കാലയളവില്‍ വിവിധ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട 30 പേരുടെ ദയാഹരജി തള്ളിയിരുന്നു. 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റിനുനേരെയുണ്ടായ ഭീകരാക്രമണ കേസിലാണ് വിചാരണക്കോടതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷക്ക് വിധിച്ചത്. ഡല്‍ഹി ഹൈക്കോടതിയും സുപ്രിം കോടതിയും പിന്നീട് ശിക്ഷ ശരിവച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 2006 ഡിസംബര്‍ 20ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവച്ചു. 2013 ഫെബ്രുവരി മൂന്നിന് ദയാഹരജി തള്ളിയതിനെ തുടര്‍ന്ന് ഒന്‍പതിന് തിഹാര്‍ ജയിലില്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.