2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

അപ്രസക്തം, അപ്രായോഗികം


വ്യാഴാഴ്ച കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച മുസ്‌ലിം വനിത (വിവാഹ അവകാശ സംരക്ഷണ) ബില്ല് കാര്യമായ ഒരു ഭേദഗതിയും കൂടാതെ ലോക്‌സഭ പാസാക്കിയിരിക്കുന്നു.ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയ രാജ്യസഭയില്‍ അറിയിച്ചത്. പ്രതിപക്ഷത്തിന്റെ ഭേദഗതികളൊന്നും അംഗീകരിക്കാതെയാണ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്. ബില്‍ ഇന്നലെ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാക്കിയെടുക്കാന്‍ പ്രയാസമായതിനാല്‍, സമവായത്തിലെത്തി അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനു വേണ്ടിയാണ് ബില്‍ അവതരിപ്പിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവച്ചത്.

1986ലെ മുസ്‌ലിം സ്ത്രീകള്‍ക്ക് വിവാഹ മോചനത്തില്‍ നിന്നുള്ള സംരക്ഷണ അവകാശ നിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുത്വലാഖിന് വിധേയയാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരേ പൊലിസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്ന് ഭാര്യക്ക് കോടതിയോട് ആവശ്യപ്പെടാമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മുത്വലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നേരത്തേ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റകൃത്യമാക്കുന്നതിന് നിയമം കൊണ്ടുവരുന്നത്.
എന്നാല്‍, ബില്‍ പാസാക്കാന്‍ കാണിച്ച തിടുക്കം പരക്കെ ആക്ഷേപം ക്ഷണിച്ചുവരുത്തിയിരുന്നു.ബില്ലിനെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മുത്വലാഖ് ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വ്യക്തമാക്കുകയും ചെയ്തു. ബില്‍ തയാറാക്കിയത് മുസ്‌ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

വനിതാ ശിശുക്ഷേമ ബോര്‍ഡും ബില്ലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബില്ലില്‍ അഭിപ്രായമാരാഞ്ഞപ്പോഴാണ് മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിന് പ്രത്യേകമായ നിയമം ആവശ്യമില്ലെന്ന് വനിതാ,ശിശുക്ഷേമ മന്ത്രാലയം അറിയിച്ചത്. ഗാര്‍ഹിക പീഡന നിരോധന നിയമം നില്‍ക്കെ അതിന്റെ ആവശ്യമില്ലെന്നായിരുന്നു വനിതാ,ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിലപാട്.
ഒരിക്കലും ഒത്തുപോകാനാവാത്ത വിധം വഷളാകുന്ന ബന്ധങ്ങള്‍ വിവാഹമോചനം നേടുക എന്നത് ആധുനിക കാഴ്ചപ്പാടാണ്. അത് അനിവാര്യമാണെന്ന് സാമാന്യ ബുദ്ധിയും സമ്മതിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ വളരെ കുറച്ച് വിവാഹമോചന കേസുകള്‍ മാത്രമാണ് നടക്കുന്നത്. ഇതില്‍ മുത്വലാഖ് സമ്പ്രദായത്തിലൂടെയുള്ള വിവാഹമോചനം വളരെ തുച്ഛമാണ്. എന്നാല്‍, ഇത് പെരുപ്പിച്ചുകാണിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. നിയമനിര്‍മാണത്തിനു പിന്നിലെ ഗൂഢോദ്ദേശ്യങ്ങള്‍ തുറന്നുകാട്ടുന്നതില്‍ മതേതര പാര്‍ട്ടികള്‍ പരാജയപ്പെട്ടു എന്നതാണ് സത്യം.ഈ നിയമം ഒരിക്കലും പ്രായോഗികമല്ല. മുസ്‌ലിം വനിതകളുടെ വിവാഹ അവകാശ സംരക്ഷണത്തിനാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം. തന്നെ മുത്വലാഖിലൂടെ വിവാഹമോചനം നടത്തിയതായി ഒരു സ്ത്രീ വാദിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങള്‍ ആരംഭിക്കും. പ്രാഥമിക ഘട്ടത്തില്‍തന്നെ മൂന്നു മാസം കഴിയും. മൂന്ന് ത്വലാഖ് ചെല്ലിയിട്ടില്ല, ഒന്നേ ചെല്ലിയിട്ടുള്ളൂ എന്ന് വാദിക്കാനും അത് കോടതി അംഗീകരിക്കാനും സാധ്യതയുണ്ട്. ഇനി ഒരു ത്വലാഖ് സംഭവിച്ചാല്‍ തന്നെ ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്ന ഇദ്ദയുടെ കാലം അപ്പോഴേക്കും കഴിഞ്ഞിട്ടുണ്ടാകും. ഇതില്‍ പുതിയ നിയമം കൊണ്ട് എന്ത് പരിരക്ഷയാണ് സ്ത്രീക്ക് ലഭിക്കുന്നത്.
മുത്വലാഖിനെ നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതിന് ഒരു പുതിയനിയമനിര്‍മാണത്തിന്റെ ആവശ്യവുമില്ല. നിലവിലെ ഗാര്‍ഹിക പീഡന നിരോധന നിയമം തന്നെ അധികമാണ്. ഇക്കാര്യം വനിതാ,ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കിയതുമാണ്. മൂന്നു കൊല്ലം ജയിലില്‍ അടയ്ക്കപ്പെടുന്ന ഭര്‍ത്താവ് അയാളുടെ ഭാര്യക്കും മക്കള്‍ക്കും ജയിലില്‍ ആയിരിക്കെ ചെലവിനു കൊടുക്കണമെന്ന വ്യവസ്ഥ എങ്ങനെയാണ് പ്രായോഗികമാകുക. ഇത്തരം വ്യവസ്ഥകള്‍ എങ്ങനെയാണ് സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശ സംരക്ഷണത്തിനും നിമിത്തമാകുക.

മതേതര ചേരിയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പലതും നിരുത്തരവാദപരമായാണ് ബില്ലിനെ കണ്ടത്. കാര്യമായ ചര്‍ച്ചകളോ പഠനങ്ങളോ ഇല്ലാതെയാണ് കോണ്‍ഗ്രസ് പോലും ഇതിനെ പിന്തുണച്ചത്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ മറപിടിച്ചാണ് നിയമനിര്‍മാണം. എന്നാല്‍, സുപ്രീംകോടതിയുടെ മുത്വലാഖ് വിധിയില്‍ ഇങ്ങനെയൊരു നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നല്ല, വ്യക്തിനിയമം ഭരണഘടനയുടെ 25ാം അനുച്ഛേദം പ്രദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഭൂരിപക്ഷവിധിയില്‍ ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇസ്‌ലാം നിര്‍ദേശിക്കുന്ന രീതി അവലംബിക്കാനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നിരീക്ഷിച്ചത്. സത്യത്തില്‍ ഈ വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി നിലനില്‍ക്കേ നിയമനിര്‍മാണത്തിന്റെ ആവശ്യമില്ലെന്നാണ് നിയമജ്ഞരുടെ നിലപാട്.
വിവാഹനിയമങ്ങളുമായി ബന്ധപ്പെട്ട് സ്രഷ്ടാവ് നിര്‍ദേശിച്ച വിധികളെ കവച്ചുവയ്ക്കാന്‍ ഒരു നിയമനിര്‍മാണത്തിനും സാധ്യമല്ലെന്ന് വ്യക്തമാകാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരില്ല. മൂന്ന് വര്‍ഷം വരെ കഠിനതടവിന് വിധിക്കപ്പെടുന്ന ഒരു കൊടുംകുറ്റവാളിയായി ആരെയും മുദ്രചാര്‍ത്താനുള്ള സുവര്‍ണാവസരം ഫാസിസ്റ്റ് ഭരണകൂടത്തിന് നല്‍കിയതില്‍ കോണ്‍ഗ്രസിനടക്കം സമാധാനിക്കാം!

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.