
തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പില്‍ നിന്നും പറയകാട്ടിലേക്കുള്ള മംഗലാപുരം പാലം ഏത് നിമിഷവും തകര്‍ന്ന് വീഴുമെന്ന ദയനീയസ്ഥിതിയില്‍. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതും നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നതുമായ തഴുപ്പ് പ്രദേശത്തെ പ്രധാന സഞ്ചാര മാര്‍ഗമാണ് ഈ പാലം.
തഴുപ്പ് പ്രദേശത്തെയും പറയകാടിനെയും ബന്ധിപ്പിക്കുന്നതാണ് പുന്നത്തറ തോട്ടിലുള്ള മംഗലാപുരം പാലം. ദിനംപ്രതി സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര് സഞ്ചരിക്കുന്ന ഈ പാലം കാലപ്പഴക്കം മൂലം ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്. ജി.ഐ പൈപ്പിന്റെ കൈവരികള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. പാലത്തിന്റെ അടിഭാഗത്തെ കമ്പികള്‍ തുരുമ്പെടുത്തു.
കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന നിലയിലാണ്. പാലത്തിലൂടെ ജീവന് പണയം വെച്ചാണ് ഇപ്പോള്‍ ജനങ്ങള്‍ സഞ്ചരിക്കുന്നത്. നടക്കുന്നതിനിടെ നിരവധി പേര് കാല്‍വഴുതി വീണിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് പലരും പരുക്കുകളോന്നും ഏല്ക്കാതെ രക്ഷപ്പെട്ടത്. ഇവിടെ ഉയരത്തില്‍ നിര്‍മിച്ചിരുന്ന തടിപ്പാലം നശിച്ചതോടെയാണ് 30 വര്‍ഷം മുമ്പ് ഇപ്പോഴത്തെ പാലം നിര്‍മിച്ചത്. കുത്തിയതോട് പഞ്ചായത്തിലെ നാല്, അഞ്ച് എന്നി വാര്‍ഡുകളുടെ അതിര്‍ത്തിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. തഴുപ്പ് റോഡില്‍ നിന്ന് പടിഞ്ഞാറോട്ട് മംഗലാപുരം പാലം വരെയും കണ്ണാട്ട് റോഡില്‍ നിന്ന് കിഴക്കോട്ട് മംഗലാപുരം പാലം വരെയും റോഡ് പൂര്‍ത്തികരണത്തിന് ശ്രമം നടക്കുന്നുണ്ട്.
കാല്‍നടയാത്ര മാത്രം സാധ്യമായ പാലം വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയുന്ന രീതിയില്‍ വീതി കൂട്ടി പുനര്‍നിര്‍മിക്കണമെന്ന ജനകീയാവശ്യം ശക്തമായി. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ ശോച്യാവസ്ഥയിലായ പാലത്തിനെക്കുറിച്ച് പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നതാണെന്നും പാലം നിര്‍മാണത്തിന് ഫണ്ട് ലഭിക്കാതെ വന്നതാണ് പാലം പുനര്‍നിര്‍മാണം നടക്കാതെ വന്നതെന്ന് കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ആര്. ഹരീഷ് പറഞ്ഞു.
പാലത്തിന്റെ അവസ്ഥ നേരില്‍ മനസിലാക്കുകയും പുനര്‍നിര്‍മാണത്തിന് നല്ലൊരു തുക ആവശ്യമായതിനാല്‍ ജില്ലാ പഞ്ചായത്തിന്റെ അടക്കമുള്ള ഫണ്ട് അനുവദിക്കാന്‍ ശ്രമം നടത്തുകയാണെന്ന് കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമരാജപ്പന്‍ പറഞ്ഞു.
Comments are closed for this post.