
കെയ്റോ: പാരിസില്‍ നിന്നുള്ള യാത്രയ്ക്കിടെ മധ്യധരണ്യാഴിയില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ എയറില്‍ സ്ഫോടനം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഈജിപ്ത് തള്ളി. കടലില്‍ നിന്ന് കണ്ടെത്തിയവരുടെ ശരീരഭാഗങ്ങള്‍ പരിശോധിച്ചതില്‍ സ്ഫോടനം നടന്നതായ സൂചനകള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഈജിപ്ത് ഫോറന്‍സിക് മേധാവി തള്ളിയത്. 66 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണു വിമാനം തകരുന്നതിനു മുന്‍പ് സ്ഫോടനം നടന്നതായി ഇന്നലെ രാവിലെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ വാര്‍ത്ത ഈജിപ്ത് ഫോറന്‍സിക് വിദഗ്ധര്‍ തള്ളിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്ന 80ലേറെ മനുഷ്യശരീരഭാഗങ്ങളാണ് ലഭിച്ചത്. ഇവ പരിശോധിച്ചതില്‍ സ്ഫോടനം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫോറന്‍സിക് വിഭാഗം പറഞ്ഞു. ചെറിയ ശരീരഭാഗങ്ങള്‍ മാത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ. 23 പായ്ക്കുകളായാണ് ശരീരഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. വളരെ ചെറിയ അളവില്‍ മാത്രമേ ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടുള്ളൂവെന്നും ഇത് ഉപയോഗിച്ചു സ്ഫോടന സാധ്യത കണ്ടെത്താന്‍ പ്രയാസമാണെന്നും മുതിര്‍ന്ന ഫോറന്‍സിക് ഉദ്യോഗസ്ഥന് പറഞ്ഞു.
എന്നാല്‍ വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി അടിയന്തര സന്ദേശങ്ങള്‍ വിമാനം പുറപ്പെടുവിച്ചതായും പിന്നീട് വിമാനത്തിലെ കംപ്യൂട്ടറുകള്‍ നിലച്ചതായും ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ സാങ്കേതിക തകരാര്‍ സംബന്ധിച്ച സന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനു മുന്‍പ് താഴ്ചയിലേക്കു പതിച്ചുവെന്ന ഗ്രീസ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് ഈജിപ്ത് നാവിഗേഷന്‍ സര്‍വിസ് മേധാവി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചറിയാനും ശ്രമം നടത്തുന്നുണ്ട്.