2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അപകടക്കെണി

താജുദ്ദീന്‍ ഇല്ലിക്കുളം

കായംകുളം: നവീകരിച്ച കായംകുളം-പ്രയാര്‍-ആലുംപീടിക റോഡിന്റെ ഇരുവശങ്ങളും താഴ്ന്നു കിടക്കുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതായി പരാതി ഉയരുന്നു. റോഡ് ഉദ്ഘാടനം ചെയ്ത് മാസങ്ങളായിട്ടും ഇവിടെ അടിയന്തിരമായി ചെയ്യേണ്ട പണി മുടങ്ങിക്കിടക്കുകയാണ്. പല ഭാഗങ്ങളിലും ടാറിങ്ങില്‍ നിന്നും അരമീറ്റര്‍ താഴ്ന്നു കിടക്കുകയാണ്. ഇതുമൂലം കൂടുതലായും ഇരുചക്രരവാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
കമലാലയം ജങ്ഷന്‍ മുതല്‍ പ്രയാര്‍,ആലുംപീടിക വരെയുള്ള റോഡില്‍ അശാസ്ത്രീയമായി വെള്ളവരയിട്ടിരിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലായുള്ള ഈ വെള്ളവര റോഡിന്റെ ടാറിങ് തീരുന്ന ഭാഗത്തായി വന്നിരിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡിന്റെ അതിര് വലിയ വാഹനങ്ങള്‍ക്ക് വേണ്ടി കണക്കാക്കുന്നതിനായാണ് വെള്ളവരയിടുന്നത്. എന്നാല്‍ ടാറിങ്ങിന്റെ ഓരംചേര്‍ന്ന് വരവന്നതിനാല്‍ യാത്രക്കാര്‍ക്ക് കാല്‍നടയായി പോകാനോ ഈ റോഡ്‌വക്കില്‍ ബസ് കാത്തുനില്‍ക്കാനോ സാധ്യമല്ല. വെള്ളവരയുടെ വ്യാപ്തി അധികമുണ്ടെന്ന തോന്നലില്‍ വലിയ വാഹനങ്ങള്‍ കടന്നുവന്നാല്‍ കാല്‍ നടയാത്രികരും ഇരുചക്രവാഹനയാത്രികരും റോഡിന്റെ വശങ്ങളിലെ പുരയിടത്തിലേക്ക് കയറി നില്‍ക്കേണ്ട അവസ്ഥയിലാണ്.
ഈ വരകള്‍ അടിയന്തിരമായി പുനഃ:ക്രമീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ചില വീടുകളില്‍ നിന്ന് റോഡിലേക്ക് കാലെടുത്തുവെക്കാന്‍പോലും സ്ഥലമില്ലാത്ത രീതിയിലാണ് ഈ വരയിട്ടിരിക്കുന്നത്. റോഡ് ഉദ്ഘാടനം ചെയ്തിട്ടും വശങ്ങള്‍ വേണ്ടത്ര ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കാത്തത് വശങ്ങളിലെ താമസക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ഗ്രാവലിന് പകരം ചെളിമണ്ണാണ് ഇട്ടിരിക്കുന്നത്്. മഴക്കാലമായാല്‍ ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. മഴക്കാലത്ത് റോഡരികിലൂടെ കാല്‍നടയായിപോലും യാത്രചെയ്യാന്‍സാധിക്കാത്ത അവസ്ഥയാകും. ഇപ്പോള്‍ ഇടവിട്ട് പെയ്യുന്ന വേനല്‍ മഴയില്‍ വെള്ളം ഗ്രാവലിനൊപ്പം വീടുകളുടെമുറ്റത്തേക്കും വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലേക്കും ഒഴുകി എത്തുന്നുണ്ട്. നവീകരിച്ച റോഡില്‍ ന്യൂജെന്‍ ബൈക്ക്പാച്ചിലും ജനങ്ങളെ ഭീതിയിലാക്കുന്നു.
ഇവിടെ രാത്രി സമയങ്ങളില്‍ ഹെഡ്‌ലൈറ്റില്‍ തീവ്രതകൂടിയ ഹാലജന്‍ ബള്‍ബുകള്‍ഘടിപ്പിച്ച പോകുന്നത് മറ്റ് വാഹനയാത്രികര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. നവീകരിച്ച റോഡുകളുടെ പ്രധാന ജങ്ഷനുകളില്‍ ഹമ്പുകളുടെ അഭാവവുംഅപകട ഭീഷണിയാകുന്നുണ്ട്. നവീകരിച്ച റോഡില്‍ വന്‍ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്നആശങ്കയിലാണ് പ്രദേശവാസികള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.