
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ യുവ സെന്റര്‍ ബാക്ക് അന്‍വര്‍ അലിയോട് ഫുട്ബോളില്‍ നിന്ന് മാറി നില്ക്കാന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ നിര്‍ദേശം. പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് തിരികെ വന്നാല്‍ താരത്തിന്റെ ജീവന് അത് ഭീഷണിയാകും എന്ന് പറഞ്ഞാണ് എ.ഐ.എഫ്.എഫ് മെഡിക്കല്‍ കമ്മിറ്റി അന്‍വര്‍ അലിയോട് കളിയില്‍ നിന്ന് മാറി നില്ക്കാന് ആവശ്യപ്പെട്ടിട്ടുള്ളത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ഫുട്ബോളില്‍ നിന്ന് വിട്ടുനിന്ന അന്‍വര്‍ അലി അടുത്തിടെയായി മുഹമ്മദന്‍സുമായി കരാറില്‍ എത്തിയിരുന്നു.
എന്നാല്‍ അന്‍വര്‍ അലിയുടെ മെഡിക്കല്‍ ഫയലുകള്‍ പഠിച്ച ആരോഗ്യ വിദഗ്ദ്ധര്‍ പ്രൊഫഷനല്‍ ഫുട്ബോളില്‍ കളിക്കുന്നത് താരത്തിന്റെ ജീവന് ഭീഷണിയാകും എന്നാണ് വിലയിരുത്തുന്നത്. അവസാന സീസണില്‍ ഇന്ത്യന്‍ ക്യാംപില്‍ നടത്തിയ പരിശോധനയ്ക്കിടയിലായിരുന്നു അന്‍വറിന്റെ ആരോഗ്യ പ്രശ്നം തിരിച്ചറിഞ്ഞത്. 20കാരനായ താരം ഐ.എസ്.എല്ലില്‍ മുംബൈ സിറ്റിയുടെ താരമായിരുന്നു. രോഗ വിവരത്തിന് ശേഷം മുംബൈ താരത്തിന്റെ കരാര്‍ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്തന്‍ ക്ലബായ മുഹമ്മദന്‍സിലൂടെയാണ് അന്‍വര്‍ അലി തിരികെയെത്താന്‍ ശ്രമിക്കുന്നത്.
അന്‍വര്‍ അലി മുഹമ്മദന്‍സുമായി താല്‍ക്കാലിക കരാര്‍ ഒപ്പുവെച്ചത് വലിയ വാര്‍ത്ത ആയിരുന്നു. അര് 17 ലോകകപ്പില്‍ ഇന്ത്യയുടെ നെടുംതൂണായിരുന്ന താരമാണ് അന്‍വര്‍. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു അന്‍വര്‍ അലിയെ മുംബൈ സിറ്റി ഒരു സീസണ് മുമ്പ് സ്വന്തമാക്കയിരുന്നത്. രണ്ട് ഐലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനായി അന്‍വര്‍ അലി ബൂട്ടു കെട്ടിയിരുന്നു.