2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അന്വേഷണ കുരുക്കില്‍ ചെന്നിത്തലയും

 

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി
കെ.എം ഷാജിക്കെതിരേയും വിജിലന്‍സ് അന്വേഷണത്തിന് അനുമതി
സതീശനെതിരായ പുനര്‍ജനി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി സ്പീക്കര്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബിജു രമേശിന്റെ കോഴ ആരോപണത്തെ തുടര്‍ന്ന് ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിജിലന്‍സ് രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയിരുന്നു. മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജി എം.എല്‍.എക്കെതിരായ അന്വേഷണത്തിനും വിജിലന്‍സിന് സ്പീക്കര്‍ അനുമതി നല്‍കി. വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരേയുള്ള അന്വേഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ കൂടുതല്‍ വിവരങ്ങള്‍ തേടി.
ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാതിരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും കെ. ബാബുവലിന് 50 ലക്ഷം രൂപയും വി.എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ വിജിലന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് ഡയറക്ടര്‍ അഴിമതി നിരോധന നിയമ പ്രകാരം സര്‍ക്കാരിനോട് പ്രാഥമികാന്വേഷണത്തിന് അനുമതി തേടി. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് അനുമതി തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.
പണം നല്‍കിയെന്ന് പറയുന്ന സമയം ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റും എം.എല്‍.എയുമായിരുന്നെങ്കിലും മന്ത്രിയായിരുന്നില്ല. മുന്‍പ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണം എന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും നിയമോപദേശം ലഭിച്ചതനുസരിച്ച് സ്പീക്കറുടെ അനുമതി മതി എന്ന് തീരുമാനിക്കുകയായിരുന്നു. കെ. ബാബുവും വി.എസ് ശിവകുമാറും അക്കാലത്ത് മന്ത്രിമാരായിരുന്നതിനാലാണ് ഗവര്‍ണറുടെ അനുമതി തേടിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ചെന്നിത്തലയ്‌ക്കെതിരേ കേസ് എടുത്ത് അന്വേഷിക്കാനാണ് വിജിലന്‍സ് നീക്കമെന്നറിയുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജിക്കെതിരേ അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവ് നല്‍കിയതിനെ തുടര്‍ന്നാണ് സ്പീക്കറുടെ അനുമതി തേടിയത്. സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന പരാതിയില്‍ ഷാജിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും നടക്കുന്നുണ്ട്. വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത് എന്നീ എം.എല്‍.എമാര്‍ക്കെതിരേയും അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടിയിട്ടുണ്ട്. വി.ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സ്പീക്കര്‍ തേടി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.