
മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്ചുതാനന്ദന് മൂന്നാറില്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമത്തിനു തടസ്സം നിന്നതു സി.പി.ഐയായിരുന്നു.
മൂന്നാര്‍ ദൗത്യസംഘം കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി പൊളിച്ച കെട്ടിടത്തില്‍ സി.പി.ഐയുടെ ഓഫീസും ഉള്‍പ്പെട്ടതായിരുന്നു സഖ്യകക്ഷിയായിരുന്ന സി.പി.ഐ യെ പ്രകോപിച്ചത്. ഇതോടെ ഓഫീസ് തൊടാന്‍ വരുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്നു പാര്‍ട്ടി നേതാവ് കെ.ഇ ഇസ്മായില്‍ യുദ്ധപ്രഖ്യാപനം നടത്തി. സി.പി.ഐയും സി.പി.എമ്മിലെ വി.എസ് വിരുദ്ധരും ടാറ്റയുടെ സമ്മര്‍ദ്ദവും എല്ലാം കൂടെയായപ്പോള്‍ വി.എസിനു മൂന്നാര്‍ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു.
ഇന്നു സി.പി.ഐയുടെ റവന്യൂ മന്ത്രിയുടെ നേത്യത്വത്തില്‍ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിനു സി.പി എമ്മാണു കുരിശായി നില്‍ക്കുന്നത്. കുരിശു തകര്‍ത്തതില്‍ ആ മതവിഭാഗങ്ങള്‍ക്കില്ലാത്ത പ്രതിഷേധമാണു മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കടുത്തഭാഷയില്‍ കലക്ടറെ ശാസിക്കാന്‍ മുഖ്യമന്ത്രി തയാറായി.
ജനകീയവിഷയങ്ങളില്‍ വിരുദ്ധനിലപാടു സ്വീകരിക്കുന്ന പൊലിസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കു കൈയേറ്റക്കാര്‍ക്കെതിരേ നിലപാടെടുത്ത ഉദ്യോഗസ്ഥരോടാണു ശണ്ഠ. എല്ലാം കൈയേറ്റക്കാര്‍ക്ക് അനുഗ്രഹമാവുകയാണ്. ദൈവിക നിലപാടു കൈയേറ്റത്തിനും അന്യായങ്ങള്ക്കുമെതിരാണ്. അതുകൊണ്ടു തന്നെ കുരിശും മിനാരവും പ്രതിഷ്ഠകളും സ്ഥാപിക്കേണ്ടതു കറകളഞ്ഞ ഭൂമിയിലായിരിക്കണം.
സര്‍ക്കാര്‍ ഭൂമിയില്‍ പാര്‍ട്ടി ഓഫീസുകളും ആരാധനാലയങ്ങളും വന്‍കിട കൈയേറ്റക്കാരുടെ സംരക്ഷണത്തിനു വേണ്ടിയാണ് സ്ഥാപിക്കപ്പെടുന്നത്. ഇതു തിരിച്ചറിയാന്‍ കഴിയാത്ത മുഖ്യമന്ത്രിയല്ല പിണറായി വിജയന്. ജനകീയതാല്പര്യങ്ങള്ക്കപ്പുറം കോര്‍പറേറ്റ് താല്പര്യങ്ങള്ക്കാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സര്‍ക്കാരിന്റെ കൂട്ടായ പരിശ്രമമില്ലെങ്കില്‍ വി.എസിന്റെ മൂന്നാര്‍ ദൗത്യനേറ്റ അതേ ഗതി തന്നെയായിരിക്കും ഫലം.
.