2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ അഭിമാനമായി മലയാളി വിദ്യാര്‍ഥി

മങ്കട: യു.എ.ഇയില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി ഹാഫിള് സിനാന്‍ മുഹമ്മദ് നൂറുല്ലയ്ക്കു മികച്ച വിജയം.

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ പിന്തുണയോടെ ദര്‍ശന ടി.വി ദുബൈയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ സിനാന്‍, ആദ്യ മൂന്നു സ്ഥാനങ്ങളിലെ ഏക ഇന്ത്യക്കാരനുമായി.

ഒന്ന്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം ആതിഥേയരായ യു.എ.ഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ക്കാണു ലഭിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലും സിനാന്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ആലുങ്ങല്‍ മൊയ്തീന്‍ മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് നൂറുല്ലയാണ് സിനാനിന്റെ പിതാവ്. മാതാവ് പരേതനായ ആദൃശ്ശരി മുഹമ്മദ് മുസ്‌ലിയാരുടെ മകള്‍ നഫീസയും.

സ്‌കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ എ ഗ്രേഡും നേടിയ സിനാന്‍, ഒന്‍പതാം വയസിലാണ് ഖുര്‍ആന്‍ പഠനം ആരംഭിച്ചത്. ഒന്നരവര്‍ഷംകൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി. ഇപ്പോള്‍ യു.എ.ഇയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.