2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അനുശോചന പ്രവാഹം

പ്രധാനമന്ത്രി
മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധി പ്രാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണെന്നും മോദി അനുസ്മരിച്ചു.
മുഖ്യമന്ത്രി
യു.എ.ഇയും ഇന്ത്യയുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വഹിച്ചിരുന്നത്. യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ ആദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ്
കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ്. ഭരണത്തില്‍ വനിതകള്‍ക്കും തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളോടും കരുതലോടെയുള്ള സമീപനമായിരുന്നു ശൈഖ് ഖലീഫയ്ക്കുണ്ടായിരുന്നുത്.
സാദിഖലി തങ്ങൾ
വിടവാങ്ങിയ യു.എ.ഇ പ്രസിഡന്റ് ക്ഷേമരാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരിയായിരുന്നു. യു.എ.ഇ എന്ന രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമായ പ്രവാസികളുമായി ഹൃദയബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. കെ.എം.സി.സിക്ക് യു.എ.ഇയിൽനിന്ന് ലഭിച്ച അംഗീകാരങ്ങൾ അവിസ്മരണീയമാണ്.
പി.കെ
കുഞ്ഞാലിക്കുട്ടി
പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ്. ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നതിനും ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി. എല്ലാവരോടും അനുകമ്പയോടെയാണ് യു.എ.ഇ പെരുമാറിയത്.
എം.എ യൂസഫലി
സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ ചേർത്തുനിർത്തിയ ഭരണാധികാരിയായിരുന്നു ശൈഖ് സായിദ്. അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും സ്‌നേഹസ്മരണകൾ ഒരിക്കലും വിസ്മരിക്കാനാവില്ല. ലോകത്തെ ഏറ്റവും വികസിതവും സുരക്ഷിതവും സഹിഷ്ണുതയുള്ളതും സാംസ്‌കാരികമായി സമ്പന്നവുമായ രാജ്യങ്ങളിലൊന്നായി യു.എ.ഇയെ മാറ്റിയെടുത്ത യഥാർഥ മനുഷ്യസ്‌നേഹിയാണ് അദ്ദേഹം.
ഡോ. ഷംഷീർ വയലിൽ
രാഷ്ട്രനിർമാണത്തിന് ശാശ്വത സംഭാവനകൾ നൽകിയ രാഷ്ട്രതന്ത്രജ്ഞനും മാന്യനായ നേതാവുമായിരുന്നു ശൈഖ് സായിദ്. തന്റെ ജീവിതകാലം മുഴുവൻ പരമാവധി ഉപയോഗപ്പെടുത്തി രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്രത്തിനും ലോകത്തിനും തന്റെ പ്രിയപ്പെട്ട ജനതയ്ക്കും മികച്ച സംഭാവനകൾ നൽകിയ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം.
ഡോ. ആസാദ് മൂപ്പൻ
ഗൾഫ് മേഖലയിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നായി യു.എ.ഇയെ നയിച്ച ദീർഘവീക്ഷണമുള്ള നേതൃത്വമായിരുന്നു ശൈഖ് ഖലീഫയുടേത്. രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹം നിസ്തുലമാണ്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കിടയിൽ സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അദ്ദേഹം നടത്തിയ നിശബ്ദ ഇടപെടൽ ഏറെ ഫലപ്രദമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News