2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അനാഥം

സമദ് പനയപ്പിള്ളി

അനാഥാലയത്തിനു മുന്നില്‍ അയാള്‍ ബസ്സിറങ്ങുമ്പോള്‍ സന്ധ്യയായിരുന്നു. അന്നേരം അനാഥാലയത്തിലെ വിശാലമായ മുറ്റത്തില്‍ ജപമാല
യുമായി ഉലാത്തുകയായിരുന്നു സിസ്റ്റര്‍ ബെനീഞ്ഞ. അയാളുടെ ആഗമനം അറിഞ്ഞിട്ടെന്നോണം സിസ്റ്റര്‍ അപരിചിതത്വം നിഴലിക്കുന്ന നോട്ടമയക്കുമ്പോള്‍ അയാള്‍ പറഞ്ഞു.
‘സിസ്റ്റര്‍, ഞാന്‍ സേവി… സേവ്യര്‍.’
സിസ്റ്ററുടെ മുഖത്ത് നിലാവെട്ടം പോലൊരു ചിരി ഉണര്‍ന്നു. കുറച്ച് നേരത്തേക്ക് മൗനയായി. അന്നേരം തന്റെ ഏകാന്തമായ ബാല്യത്തിലേക്കും ദുരിതമുദ്രിതമായ ജീവിതത്തിലേക്കുമൊക്കെ തിരിച്ച് നടക്കുകയായിരുന്നോ സിസ്റ്റര്‍.
‘നിന്നെ കണ്ടിട്ട് മനസിലായില്ല സേവീ. എന്താണെന്നറിയില്ല. ഇപ്പോഴൊന്നും ഓര്‍മയില്‍ നില്‍ക്കണില്ല… ഓര്‍മയില്‍ വരേണ്ടാത്തത് വരണുമുണ്ട്.
സാത്താനാകുമതിനു പിന്നില്‍. ദൈവസ്‌നേഹമുള്ളവരെ അവന് ഇഷ്ടമാകില്ലല്ലോ’- സിസ്റ്റര്‍ ചിരിച്ചു.
അമ്മയാരെന്നോ അച്ഛനാരെന്നോ അറിയാത്ത ബാല്യത്തില്‍ ആ രണ്ട് സ്‌നേഹങ്ങളും തന്നെ അനുഭവിപ്പിച്ചതു സിസ്റ്ററാണ്. അമ്മേയെന്നാണ് നീ നിന്റെ കുഞ്ഞുനാളുകളില്‍ എന്നെ വിളിച്ചിരുന്നതെന്ന് സിസ്റ്റര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അത്രയ്ക്ക് സ്‌നേഹമാകാം സിസ്റ്റര്‍ തനിക്ക് പകര്‍ന്ന് തന്നിട്ടുണ്ടാവുക. അല്ലാതൊരു കുട്ടിയുടെ നാവില്‍നിന്നും അമ്മേയെന്ന സ്വരമുണ്ടാകില്ലല്ലോ? സന്തോഷങ്ങളിലും സന്താപങ്ങളിലുമൊക്കെ കൂട്ടു വരുമായിരുന്ന എല്‍സയെ നിനക്ക് ചേരുന്നവളെന്ന് പറഞ്ഞ് തന്റെ കൈകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ ഏല്‍പ്പിച്ചതും സിസ്റ്റര്‍ തന്നെയാണ്. അവള്‍ക്കും അവളുടെ അപ്പനേയും അമ്മയേയും കുറിച്ചൊന്നും അറിയില്ലായിരുന്നു.
‘സേവീ, കുടിയൊക്കെ ഇപ്പോഴുമുണ്ടോ?’
‘ഇല്ല സിസ്റ്റര്‍…’
‘വേണ്ട മോനേ. അതൊക്കെ ചീത്തയാ. ദൈവസ്മരണ തന്നെയാണെപ്പോഴുമുചിതം.’
ഇപ്പോള്‍ ഒരു കുര്‍ബാനയും മുടക്കാറില്ലെന്നും കൃത്യമായി പള്ളിയില്‍ പോകുന്നുണ്ടെന്നും അയാള്‍ പറഞ്ഞു.
‘നീയെന്തേ എല്‍സയെ കൂടെ കൂട്ടാഞ്ഞത്?’
‘അവള്‍ കഴിഞ്ഞ ദിവസം എന്നെ തനിച്ചാക്കി കര്‍ത്താവിങ്കലേക്ക് പോയി സിസ്റ്ററേ.’
ഇത്രയും പറഞ്ഞ് അതുവരെ അടക്കിനിര്‍ത്തിയിരുന്ന സങ്കടങ്ങളില്‍ അയാള്‍ നനഞ്ഞു. സിസ്റ്റര്‍ മുഖത്തെ കണ്ണട മാറ്റി കണ്ണുകളില്‍ നിറഞ്ഞ നീരു തുടച്ചു.
‘സിസ്റ്ററേ, വിവരം അറിയിക്കാതിരുന്നത് അത്രയും ദൂരം യാത്ര ചെയ്യാനുള്ള ശരീരസുഖമുണ്ടാകുമോന്ന് ഭയന്നാ.’
‘നീയെന്തിനങ്ങനെയൊക്കെ കരുതി. നീ എനിക്ക് മോനെങ്കില്‍ അവളെനിക്ക് മകളുമായിരുന്നു. മരണമല്ലേ? ഞാനെങ്ങനെയെങ്കിലുമൊക്കെ വരുമായിരുന്നല്ലോ.’
‘നീയാ മക്കളെ നല്ലവണ്ണം നോക്കണം. ഇനി എല്‍സയോട് നിറവേറ്റാനുള്ള ഏറ്റവും വലിയ സ്‌നേഹമതാ. അവളില്ലെന്ന് കരുതിയിനി തിന്മയുടെ വഴിയിലൂടൊന്നും പോകരുത്’ എന്ന് സിസ്റ്റര്‍ പറഞ്ഞപ്പോഴും അതൊക്കെ അനുസരിച്ചോളാമെന്ന മട്ടിലയാള്‍ തലയാട്ടുകയായിരുന്നു.
‘മരിക്കുംമുമ്പ് സിസ്റ്ററെ വന്ന് കാണണമെന്ന് എല്‍സയ്ക്ക് ആഗ്രമുണ്ടായിരുന്നു. ആശുപത്രിയിലേക്കവളെ വഹിക്കുന്നേരം അതേക്കുറിച്ചൊന്നും ഞാനോര്‍ത്തില്ല സിസ്റ്റര്‍…’
‘ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട് അവള്‍ക്കു വേണ്ടി.’
ഒരു പ്രതിസന്ധിയിലും എല്‍സ പ്രതിഷേധിച്ചിരുന്നില്ല. അതൊക്കെ ദൈവം അവനു പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്ന പരീക്ഷകളാണെന്നാ അവള്‍ വിശ്വസിച്ചിരുന്നത്. അപൂര്‍വമായുണ്ടാകുമായിരുന്ന സന്തോഷങ്ങളില്‍ ദൈവത്തെ മറന്നുപോകുന്നവളുമായിരുന്നില്ല അവള്‍. ആരും കൂട്ടായില്ലാത്തോര്‍ക്ക് ദൈവംകൂട്ടായുണ്ടാകുമെന്ന് അവള്‍ തന്നെ എത്ര കുറിയാണെന്നോ ഉപദേശിച്ചിട്ടുള്ളത്.
ഇനി തന്നോടൊപ്പം എല്‍സയില്ലെന്ന യാഥാര്‍ഥ്യം അയാള്‍ക്കിപ്പോഴും അംഗീകരിക്കാനായിട്ടില്ല. സിസ്റ്റര്‍ക്ക് മുന്നില്‍നിന്നും എല്‍സയുടെ നന്മകള്‍ പറഞ്ഞ് അയാള്‍ കുറെ കരഞ്ഞു.
സിസ്റ്റര്‍ക്കായി വാങ്ങിയ ഫ്രൂട്ട്‌സ് അടങ്ങിയ കിറ്റ് നിര്‍ബന്ധപൂര്‍വമാകൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ അവര്‍ പറഞ്ഞു.
‘നീ ഇതൊക്കെ ഇനി വാങ്ങികൊടുക്കേണ്ടത് നിന്റെ മക്കള്‍ക്കാ. അതാകും എനിക്കും എല്‍സയ്ക്കും ഇഷ്ടം. ഇവിടെ എനിക്കിതിനൊന്നുമൊരു കുറവുമില്ലെന്ന് നിനക്കറിയാമല്ലോ?’
അപ്പോഴും ഇനി അങ്ങനെയൊക്കെ ചെയ്തുകൊള്ളാമെന്ന അര്‍ഥത്തില്‍ തലകുലുക്കുകയായിരുന്നു അയാള്‍.
പിന്നെ സിസ്റ്ററോട് ഇടയ്ക്ക് ഇറങ്ങാമെന്ന് പറഞ്ഞ് ഒരുപാട് ദൂരം യാത്രചെയ്ത് എത്തേണ്ടുന്ന തന്റെ ചെറിയ വാടകവീടിനേയും ആ വീട്ടില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന മക്കളേയും ഓര്‍ത്തുകൊണ്ട് അയാള്‍ വേഗമാര്‍ന്ന് നീങ്ങുന്ന വാഹനങ്ങളും മനുഷ്യരും നിറഞ്ഞ നഗരനിരത്തിലൂടെ ധൃതിയില്‍ നടക്കാന്‍ തുടങ്ങി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News