2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അനര്‍ഹരായ 3000 ത്തോളം കാര്‍ഡുടമകളില്‍ മാറ്റിവാങ്ങിയവര്‍ 40 പേര്‍ മാത്രം

ചേര്‍ത്തല: അനര്‍ഹ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചിരുന്ന മൂന്ന് പേരെ താലൂക്ക് സപ്ലൈ ഓഫിസ് അധികൃതര്‍ പിടികൂടി. ചേര്‍ത്തല നഗരസഭ അതിര്‍ത്തിയിലുള്ള ഓങ്കാരേശ്വരം, നെടുംബ്രക്കാട്, ചെങ്ങണ്ട പ്രദേശത്തെ 18 വീടുകളില്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹമായി കൈവശം വച്ചിരുന്ന മൂന്ന് മുന്‍ഗണന കാര്‍ഡുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചത്. താലൂക്കില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരായ 3000 ത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ കടന്നു കയറിയിട്ടുണ്ടെന്നും ഇവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സപ്ലൈ ഓഫിസില്‍ കാര്‍ഡ് തിരികെ ഏല്‍പ്പിച്ച് മാറ്റി വാങ്ങണമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച സമയത്തിനുള്ളില്‍ വെറും 40 കാര്‍ഡുടമകള്‍ മാത്രമാണ് പൊതു വിഭാഗത്തിലേക്ക് മാറ്റിയത്. ഈ സാഹചര്യത്തിലാണ് സപ്ലൈ ഓഫിസ് അധികൃതര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനയ്ക്ക് ഇറങ്ങി കാര്‍ഡുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചത്. പരിശോധന തുടര്‍ന്നുള്ള ദിവസങ്ങളിലും തുടരും. മുന്‍ഗണനാ പട്ടികയില്‍ നിന്നും സ്വമേധയാ പുറത്തു പോകുവാന്‍ പല തവണ അവസരം നല്‍കി. അപേക്ഷകള്‍ കുറഞ്ഞപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി പേര്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിക്കാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം അധികൃതര്‍ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങിയത്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, അധ്യാപകര്‍, സഹകരണ ജീവനക്കാര്‍, നാലുചക്ര വാഹനം സ്വന്തമായിട്ടുള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ എന്നിവരാണ് മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെക്കാന്‍ അനര്‍ഹര്‍.
ഇങ്ങനെയുള്ളവര്‍ക്കെതിരേ അനര്‍ഹമായി കൈപ്പറ്റിയ സബ്‌സിഡി റേഷന്‍ സാധനങ്ങളുടെ വില ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് ഈടാക്കുവാനും ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതുമാണ്. താലൂക്കിലെ വിവിധ പഞ്ചായത്തിലേക്ക് അനര്‍ഹ റേഷന്‍ കാര്‍ഡ് പിടിച്ചെടുത്ത് നടപടിയെടുക്കാന്‍ പ്രത്യേക സ്‌ക്വാഡ് ഇറങ്ങിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ എ. സലിം അറിയിച്ചു.
റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ജോസഫ് ജോണ്‍ ജയേഷ്, ഗോപകുമാര്‍, വി.ആര്‍ സ്മിത, ലസിത, സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.