
കൊല്ലം: കേരള സര്‍വകലാശാലയില്‍ ബി ടെക് (സിവില്‍ എന്‍ജിനീയര്‍) പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിക്ക് അനധികൃതമായി മാര്‍ക്ക് ദാനം നല്കാന് ശ്രമിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു. ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ പ്രിന്‍സിപ്പലിന്റെ മകന് അദ്ദേഹത്തിന്റെ സഹോദരന് കൂടിയായ ഇടത് സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സഹായത്തോടെയാണ് ഈ ശ്രമം നടക്കുന്നത്. എന്‍ജിനീയറിങ് കോളജ് നടപ്പാക്കിയ ഇടം പദ്ധതിയില്‍ അംഗമായ വിദ്യാര്‍ഥിയാണ് ഇതിന്റെ പരിരക്ഷയില്‍ അധികം മാര്‍ക്ക് നല്കാന് ചട്ടവിരുദ്ധമായ ശ്രമം നടത്തുന്നത്. ഇടം പദ്ധതി നടപ്പാക്കിയത് ഒരു ഗ്രൂപ്പായിരിക്കെ ഇതിന്റെ പേരില്‍ ഒരു വ്യക്തിക്ക് ആനുകൂല്യം നല്‍കുന്നത് നിയമവിരുദ്ധമാണ്. കുണ്ടറയിലെ എം.എല്‍.എയുടെ പിന്തുണയും പിന്‍ബലവും ഈ ശ്രമത്തിന്റെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ഇക്കാര്യത്തില്‍ ഉചിതമായ അന്വേഷണം ബന്ധപ്പെട്ട അധികാരികള്‍ നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.