
ചെറുവത്തൂര്‍: കുട്ടികളെ പഠിപ്പിക്കേണ്ട സമയത്ത് മൊബൈല്‍ ഫോണില്‍ കളിക്കുന്ന അധ്യാപകരുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ക്ലാസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ നടപടി വരും. അധ്യാപകര്‍ക്ക് വരുന്ന ഫോണില്‍ തട്ടി കുട്ടികളുടെ പഠന സമയം നഷ്ടമാകുന്നുവെന്ന പരാതി ഉയരുകയും വിഷയത്തില്‍ ബാലാവകാശ കമ്മിഷന് ഇടപെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ (അക്കാദമിക്) ആണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, വാട്സ് ആപ് പോലുള്ള സമൂഹ മാധ്യമങ്ങളും അനുവദനീയമല്ല എന്നും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അധ്യാപകര്‍ ക്ലാസ് സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നില്ല എന്ന് പ്രധാന അധ്യാപകരും, വിദ്യാഭ്യാസ ഓഫീസര്‍മാരും ഉറപ്പു വരുത്തണം.
സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു നേരത്തെ വിലക്കുണ്ട്. എന്നാല്‍ പലയിടങ്ങളിലും കുട്ടികള്‍ ഇപ്പോഴും ഫോണുമായി വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.