
തിരുവനന്തപുരം: അധികാരത്തില്‍ വന്നപ്പോള്‍ തൊഴിലാളികളെ മറക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റേതെന്നും കെ.എസ്.ആര്.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതെന്നും വി.എസ് ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് (ഐ.എന്‍.ടി.യു.സി) 64-ാം വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ പിരിച്ചുവിടുകയും സര്‍വിസുകള്‍ നിര്‍ത്തുകയും ചെയ്ത് സ്വകാര്യ ബസ് മുതലാളിമാരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. പിരിച്ചുവിട്ട എം. പാനല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ സുരക്ഷ നല്കാന് കഴിയുമായിരുന്നു. എന്നാല്‍ അതിനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പുതുതായി ഒറ്റ ബസും നിരത്തിലിറക്കാന്‍ ഈ സര്‍ക്കാരിനായിട്ടില്ല. ഇലക്ട്രിക്ക് ബസ് പുറത്തിറക്കാനുള്ള തലതിരിഞ്ഞ തീരുമാനമാകട്ടെ, കനത്ത നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു. യു.ഡി.എഫ് ഭരണകാലത്ത് ജീവനക്കാര്‍ക്കുള്ള ഡി.എ ഏറെക്കുറെ കൊടുത്തുതീര്‍ത്തതാണ്. പുതിയ സര്‍ക്കാര്‍ വന്നതോടെ ജീവനക്കാര്‍ വീണ്ടും ദുരിതത്തിലായെന്നും ശിവകുമാര്‍ പറഞ്ഞു.
യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അധ്യക്ഷനായിരുന്നു. എം.വിന്‍സെന്റ് എം.എല്‍.എ, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, യൂനിയന്‍ ജന. സെക്രട്ടറി ആര്.ശശിധരന് സംസാരിച്ചു. യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ ജോര്‍ജ് സ്വാഗതവും സംസ്ഥാന സെക്രട്ടറി ആര്.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. സമ്മേളനം ഇന്ന് അവസാനിക്കും.