2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അധികാരം അടിച്ചമര്‍ത്തപ്പെട്ടവനു കിട്ടണം

ഇ.കെ. ദിനേശന്‍

തമിഴ്‌നാട്ടിലെ നാഗപട്ടണത്തില്‍ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ഇരുന്നൂറ്റി അന്‍പതോളം ദലിത് കുടുംബങ്ങള്‍ ഇസ്‌ലാമിലേയ്ക്കു മതംമാറ്റം നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത് മുസ്‌ലിംകളും മറ്റും മതപരിവര്‍ത്തനത്തനായി കൊണ്ടുപിടിച്ചു ശ്രമിക്കുന്നുവെന്നല്ല, മറിച്ച്, ഇക്കാലത്തും സവര്‍ണഹിന്ദുത്വം ജാതിവ്യവസ്ഥയെയും അതുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളെയും പഴയപടി നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയില്ലാതെ പാടുപെടുന്നുവെന്നുതന്നെയാണ്.
ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണു മതനിരപേക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പെരുമാറുന്നത്. അത്തരമൊരിടത്താണ്, ഗുജറാത്തിലെ ദലിത്പീഡനവുമായി ബന്ധപ്പെട്ട്, പ്രശസ്ത മറാത്തി എഴുത്തുകാരനായ ലക്ഷ്മണ്‍ ഗെയ്ക്‌വാദ് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാകുന്നത്. അദ്ദേഹം പറയുന്നു: ”വിവേചനം സംസ്‌കൃതിയുടെ ഭാഗമാണെങ്കിലും അതിനെ തിരുത്താന്‍ സാമൂഹ്യജാഗ്രത ആവശ്യമാണ്.” ഇത്തരമൊരു ചുറ്റുപാടിലാണു ദലിത് പ്രക്ഷോഭത്തോടു പൊതുസമൂഹം ഐക്യപ്പെടേണ്ടിവരുന്നത്. മറിച്ച് പൊതുസമൂഹം ഇന്ന് കാണിക്കുന്ന മൗനം അപകടകരമായ അവസ്ഥ തന്നെയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദലിത് ആക്രമണം നടക്കുന്നതു ഗുജറാത്തില്‍ത്തന്നെയാണ്. 1955-ല്‍ ദലിതര്‍ക്കുനേരേ ഗുജറാത്തില്‍ 150 കേസാണ് ഉണ്ടായതെങ്കില്‍ 2015-ല്‍ അതിന്റെ എണ്ണം 1.38 ലക്ഷമായി ഉയര്‍ന്നു. ഗുജറാത്തില്‍ 12,000 തോട്ടിപ്പണിക്കാര്‍ ജീവിക്കുന്നതായി റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. ആ ഗുജറാത്തിലാണ് ജൂലൈ 11-ാം തീയതി ചത്തപശുവിന്റെ തൊലിയുരിഞ്ഞതിന്  ഉന ഗ്രാമത്തില്‍ നാലു ദലിത്‌സഹോദരങ്ങളെ മൃഗീയമായി പീഡിപ്പിച്ചത്. അതിനുശേഷം പൊലിസ് അവരെ അംബേദ്കര്‍ ചതുരത്തിലൂടെ ഒരു കിലോമീറ്ററോളം നടത്തിച്ചു. ഇതിനെതിരേ ആദ്യം പ്രതികരിച്ചതു ദലിത് സഹോദരങ്ങള്‍തന്നെയാണ്. ആത്മഹത്യാശ്രമമായി മാറി ആ പ്രതിരോധം. രോഹിത് വെമുലയെപ്പോലെ രണ്ടു സഹോദരങ്ങള്‍ നീലരാഷ്ട്രീയത്തിന്റെ രക്തസാക്ഷികളായി. രാജ്‌കോട്ട് സ്വദേശി യോഗേഷ് ഹിരാബായി സോളങ്കിയുടെ മരണം ഏറെ പ്രതിഷേധമുണ്ടാക്കി. ജൂലായ് 21 നു നടന്ന ബന്ദ് ഗുജറാത്തിലെ ഗീര്‍ സോമനാഥ്  ജില്ലയുള്‍പ്പെടുന്ന സൗരാഷ്ട്രമേഖലയിലെ ജനജീവിതത്തെ നന്നായി ബാധിച്ചു. ഇതിനിടയില്‍ സബര്‍മതിയില്‍ ഒരു കൂട്ടം ദലിത് സംഘടനകള്‍ സംയുക്തമായി നടത്തിയ സമരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ആ സമരത്തിന്റെ നേതാവ് ജിഗ്‌നേശ് മേവാനി ഇങ്ങനെ പറഞ്ഞു: ”ഇനിമുതല്‍ നമ്മള്‍ ചത്തപശുവിനെ കുഴിച്ചിടുന്ന പണി നിര്‍ത്തണം. പരമ്പരാഗതമായി ചെയ്യുന്ന ഓവുചാല്‍ വൃത്തിയാക്കുന്ന ജോലിയില്‍നിന്നു മാറിനില്‍ക്കണം. നമുക്കുവേണ്ടതു കൃഷിചെയ്യാനാവശ്യമായ ഭൂമിയാണ്.” ഇത്തരം ആഹ്വാനങ്ങള്‍ വെറും വികാരപ്രകടനമായിരുന്നില്ല. ആഗസ്റ്റ് അഞ്ചിന് എണ്ണൂറോളം ദലിത് സമരക്കാര്‍ ഗുജറാത്തില്‍ ‘അസ്മിത യാത്രയ്ക്ക്’ തുടക്കംകുറിച്ചു. ജാഥ കടന്നുപോകുന്ന വഴികളില്‍ ദളിത്പീഡനത്തിന്റെ വീഡിയോ പ്രദര്‍ശനം, ബോധവല്‍ക്കരണം എന്നിവയുണ്ടായിരുന്നു.  1970 കളില്‍ കന്‍ഷിറാം എന്ന ദലിത് യുവാവ് ഉത്തരേന്ത്യയില്‍ ഉയര്‍ത്തിവിട്ട ദലിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി ഈ മുന്നേറ്റം മാറണം. അന്നത്തെ കന്‍ഷീറാമിന്റെ രാഷ്ട്രീയബോധവല്‍ക്കരണത്തിന്റെ സൃഷ്ടിയാണ്  രാജ്യത്തെ ആദ്യ ദലിത് വനിതാമുഖ്യമന്ത്രിയായ മായാവതി. ദലിത് രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയില്‍ കന്‍ഷിറാം നിരന്തരമുയര്‍ത്തിയ മുദ്രാവാക്യം അംബേദ്കറുടെ  ‘നാം ഭരണസമുദായമായി മാറണം’ എന്നതായിരുന്നു.  രാജ്യത്ത് ഇത്തരം ദലിത് മുന്നേറ്റങ്ങള്‍ നടക്കുന്നതു വ്യവസ്ഥാപിത അധികാരരാഷ്ട്രീയവര്‍ഗത്തെ പേടിപ്പെടുത്തുന്നുണ്ട്. അതിന്റെ തെളിവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈകിവന്ന പരിദേവനങ്ങള്‍. ”എന്നെ വെടി വെയ്ക്കൂ” എന്നു പ്രധാനമന്ത്രി പറയുന്നതു ദലിതരോടുള്ള സ്‌നേഹംകൊണ്ടല്ല. മറിച്ച് അടുത്തവരുന്ന തെരഞ്ഞെടുപ്പില്‍ അധികാരം കൈവിട്ടുപോകുന്നതു തടയാന്‍വേണ്ടിയാണ്.
കോണ്‍ഗ്രസിന്റെ തിടുക്കത്തിലുള്ള പ്രതികരണങ്ങളുടെ ലക്ഷ്യം ദലിത് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കലാണ്. അതല്ല, രാജ്യത്തെ പാര്‍ശ്വവല്‍കൃതവിഭാഗത്തോടുള്ള ഐക്യപ്പെടലിന്റെ ഭാഗമാണ് അവരുടെ പ്രതികരണമെങ്കില്‍ 51 വര്‍ഷത്തെ കേന്ദ്രഭരണകാലയളവില്‍ കോണ്‍ഗ്രസിന്  എന്തൊക്കെ ചെയ്യാമായിരുന്നു. ആരും അടിസ്ഥാനപരമായി ചെയ്യേണ്ട രാഷ്ട്രീയപ്രവര്‍ത്തനം ചെയ്തില്ല. അതിനാലാണു ദലിതര്‍  തങ്ങളുടെ രാഷ്ട്രീയമോചനത്തിനുവേണ്ടി ഒരുങ്ങിയിറങ്ങിയത്. ഗുജറാത്തിലെ ദലിത്‌സാഹിത്യകാരനായ അമൃത് മക്വാന സംസ്ഥാനസാമൂഹ്യവകുപ്പു തനിക്ക് തന്ന ദാസി ജീവന്‍ ദലിത് ശ്രേഷ്ഠ പുരസ്‌കാരം തിരിച്ചുനല്‍കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഇങ്ങനെ ദലിത് സമുദായംതന്നെ തങ്ങളുടെ രാഷ്ട്രീയവിമോചനത്തിനുള്ള കരുത്തു കാണിക്കുകയാണ്. ഇത് ഇന്ത്യയുടെ പ്രതീക്ഷയാണ്.
ഓരോ സമരത്തിനും ഓരോ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം അതിന്റെ സന്ദേശം നല്‍കുന്നതു  ഭരണവര്‍ഗത്തിനാണ്. ഇപ്പോള്‍ ഗുജറാത്ത് കേന്ദ്രമായി നടക്കുന്ന ദലിത്പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ സന്ദേശം ലാഘവത്തോടെ കാണേണ്ടതല്ല. കാരണം, അതു രൂപംകൊള്ളുന്നതു വെറും അധികാരാവകാശങ്ങള്‍ക്കുവേണ്ടി മാത്രമല്ല. മറിച്ച്, ഒരു മതത്തില്‍ ജനിച്ചുവെന്ന കാരണത്താല്‍ അതേ മതമേല്‍ക്കോയ്മയുടെ അധികാരഘടനയില്‍നിന്നുള്ള മോചനംകൂടി നിലവിലെ ദലിത്പ്രക്ഷോഭം മുന്നോട്ടുവയ്ക്കുന്നു. അതാകട്ടെ, മതം ഭരണാധികാരത്തിന്റെ അനിഷേധ്യഘടകമാണെന്നു  തെളിയിക്കപ്പെട്ട കാലത്താണെന്ന പ്രത്യേകതകൂടിയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.