2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അദ്ഭുതതാരം വില്‍മ റുഡോള്‍ഫ്

യു.എച്ച് സിദ്ദീഖ്

തളര്‍ന്നു കിടന്നപ്പോള്‍ കണ്ട സ്വപ്നത്തെ യാഥാര്‍ഥ്യമാക്കിയ പെണ്‍കുട്ടി. രോഗ കിടക്കയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അവള്‍ കായിക താരമായി. ഒടുവില്‍ ഒളിംപിക്‌സിന്റെ അതിവേഗ ട്രാക്കില്‍ മിന്നലായി പാഞ്ഞു മൂന്നു സ്വര്‍ണ പതക്കങ്ങളും സ്വന്തമാക്കി. അവളെ വൈദ്യശാസ്ത്രവും ലോകവും അദ്ഭുതത്തോടെ നോക്കി നിന്നു. വില്‍മ റുഡോള്‍ഫ് എന്ന അമേരിക്കകാരിയാണ് ലോകത്തെ അദ്ഭുതപ്പെടുത്തിയ ആ കായിക താരം. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി പോളിയോ രോഗം ബാധിച്ച കാലുകളുമായി അവള്‍ ഓടിക്കയറിയത് കരുത്തര്‍ കൈയടക്കിയ കായിക ലോകത്തിന്റെ നെറുകയിലേക്കായിരുന്നു. 1960 ലെ റോം ഒളിംപിക്‌സിലായിരുന്നു വില്‍മയുടെ അവിശ്വസനീയമായ കുതിപ്പ് ലോകം കണ്ടത്.  100, 200 മീറ്ററുകളിലും 4-100 റിലേയിലും സ്വര്‍ണം നേടിയായിരുന്നു വില്‍മ റുഡോള്‍ഫ് ലോകത്തെ ഞെട്ടിച്ചത്. ഒരു ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സ് പോരാട്ടത്തില്‍ മൂന്ന് സ്വര്‍ണം നേടുന്ന ആദ്യ വനിതയായി മാറാനും വില്‍മയ്ക്ക് സാധിച്ചു. 1940 ജൂണ്‍ 23 ന് അമേരിക്കയിലെ ഗ്രാമപ്രദേശമായ ടെന്നസിയില്‍ ആയിരുന്നു വില്‍മയുടെ ജനനം. റെയില്‍വേ പോര്‍ട്ടറായിരുന്നു വില്‍മയുടെ പിതാവ് എഡിന്‍. എഡിന്‍ – ബ്ലാങ്ക് ദമ്പതികള്‍ക്ക് 22 മക്കളാണ് ജനിച്ചത്. ഇവരില്‍ 20 ാമത്തെ കുട്ടിയായിരുന്നു വില്‍മ.

അതിജീവനത്തിന്റെ നാളുകള്‍

വില്‍മയുടെ ജനനം തന്നെ പൂര്‍ണ വളര്‍ച്ചയില്ലാതെയായിരുന്നു. ജനനത്തിന് ശേഷം ജീവിത്തില്‍ രോഗങ്ങളുടെ കടന്നാക്രമണം. പോളിയോ, ന്യൂമോണിയ, സ്‌കാര്‍ലറ്റ്ഫീവര്‍ ഒപ്പം ഇടതു കാലിന് സ്വാധീന കുറവും. അധികകാലം ആയുസില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി. അമ്മയായിരുന്നു വില്‍മയുടെ പ്രേരക ശക്തി. രോഗകിടക്കിയില്‍ തളര്‍ന്നു കിടക്കുന്ന വില്‍മയില്‍ അമ്മ കായികതാരവുക എന്ന ആഗ്രഹം വളര്‍ത്തിയെടുത്തു. ഒന്‍പതാം വയസില്‍ ഓര്‍ത്തോപീഡിക് ഷൂസ് ധരിച്ച് നടക്കാന്‍ പഠിച്ചു. പിന്നീട് ഓടാനുള്ള ശ്രമവും തുടങ്ങി. പതിയെ കളിക്കളത്തിലേക്ക് പിച്ചവെച്ചു. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടാണ് വില്‍മയെ ആദ്യം ആകര്‍ഷിച്ചത്. അവിടെ നിന്നും ഓട്ടത്തിന്റെ ട്രാക്കിലേക്ക്. പ്രായം 16 ന്റെ പടിവാതില്‍ കടക്കും മുന്‍പേ വില്‍മ ഒരു അദ്ഭുതമായി അമേരിക്കയുടെ ഒളിംപിക്‌സ് സംഘത്തിലും തന്റെ ഇടം ഉറപ്പിച്ചു.

   

അമേരിക്കയുടെ സ്റ്റാര്‍ റണ്ണര്‍
അമേരിക്കയുടെ സ്റ്റാര്‍ റണ്ണര്‍ പദവി ഓടി പിടിച്ച വില്‍മ റുഡോള്‍ഫ് 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സിലാണ് ആദ്യം പങ്കെടുത്തത്. 100 മീറ്ററിന്റെ യോഗ്യത റൗണ്ടില്‍ തന്നെ പുറത്തായി. എങ്കിലും 4-100 റിലേയില്‍ വെങ്കല പതക്കവുമായാണ് മടങ്ങിയത്. ട്രാക്കുകളില്‍ വില്‍മ കുതിക്കുകയായിരുന്നു പിന്നീട്. 1959 ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ 100 മീറ്ററില്‍ വെള്ളി.  4-100 റിലേയില്‍ സ്വര്‍ണം. അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ യൂനിവേഴ്‌സിറ്റി മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണം. തുടര്‍ച്ചയായ നാല് വര്‍ഷം വില്‍മ തന്നെയായിരുന്നു സര്‍വകലാശാല മീറ്റിലെ താരം. റോം ഒളിംപിക്‌സിലേക്ക് വില്‍മ യാത്ര തിരിക്കുന്നത് ഏറെ മോഹങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റിയായിരുന്നു. ലോകത്തിലെ അതിവേഗക്കാരിയായ ബെറ്റി കുട്ബര്‍ട്ടിന്റെ പിന്‍ഗാമിയാവുക. 100 മീറ്റര്‍ ഫൈനലില്‍ എതിരാളികളെ മൂന്നു വാരയോളം പിന്നിലാക്കിയായിരുന്നു ഫിനിഷിങ്. ലോക റെക്കോര്‍ഡ് തകര്‍ത്ത അതിസാഹസിക പ്രകടനം. 11 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. ഷര്‍ളി സ്ട്രിക്‌ലാന്റ്, വിയേറ ക്രെപ്കിന എന്നിവരുടെ പേരിലുള്ള ലോകറെക്കോര്‍ഡ് വില്‍മയുടെ വേഗതയ്ക്ക് മുന്നില്‍ വഴിമാറി. എങ്കിലും ലോക റെക്കോര്‍ഡ് ബുക്കില്‍ എഴുതി ചേര്‍ക്കപ്പെട്ടില്ല. നിര്‍ഭാഗ്യത്തിന്റെ രൂപത്തിലെത്തിയ കാറ്റിന്റെ വേഗതയാണ് തിരിച്ചടിയായത്. 200 മീറ്ററിലും വില്‍മ തന്നെ ജേതാവായി. 24.13 സെക്കന്‍ഡിലായിരുന്നു സുവര്‍ണ ഫിനിഷിങ്. 1962 ല്‍ 22 ാമത്തെ വയസില്‍ യു.എസ്-സോവിയറ്റ് മീറ്റില്‍ രണ്ട് സ്വര്‍ണം നേടി വില്‍മ കളിക്കളത്തിലെ പോരാട്ടം അവസാനിപ്പിച്ചു.  1994 നവംബര്‍ 12 നാണ് വില്‍മ റുഡോള്‍ഫ് ജീവിതത്തിന്റെ ട്രാക്കില്‍ നിന്നും വിടചൊല്ലിയത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.