
ബെയ്ജിങ്: പാങ്ഗോങ് തടാകത്തിനു സമീപം ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ വീണ്ടുമൊരു ഏറ്റുമുട്ടലിനുള്ള അന്തരീക്ഷം രൂപപ്പെട്ടെങ്കിലും അതിര്‍ത്തിയില്‍ സംഘര്ഷമില്ലാതിരിക്കാനും സൈനികര്‍ ക്യാംപിലേക്ക് തിരികെ മടങ്ങാനുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈന.
1975നു ശേഷം ആദ്യമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവയ്പുണ്ടായ ശേഷം ലഡാക്കിലെ പോലെ വീണ്ടും പ്രകോപനമുണ്ടാക്കുന്നതില്‍ നിന്ന് ചൈനയെ തടയുന്നത് അതിശൈത്യമാണെന്നാണ് വിലയിരുത്തല്‍. നിങ്ങള്‍ക്കറിയാമോ, അവിടെ മോശം കാലാവസ്ഥയാണ്. സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തിലാണത്. തണുപ്പുകാലത്ത് അവിടെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റില്ല. അതിനാല്‍ നയതന്ത്ര-സൈനികതല ചര്‍ച്ചയിലൂടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്- സൈനികരെ പിന്‍വലിച്ച് നിലവിലെ സ്ഥിതി തുടരുന്നതിനെ കുറിച്ച ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാന്‍ പറഞ്ഞു. പരസ്പര ചര്‍ച്ചയിലൂടെ എത്രയും പെട്ടെന്ന് കൊടും തണുപ്പില്‍ നിന്ന് സൈനികരെ രക്ഷിക്കാനാണ് ചൈനയുടെ ശ്രമം.
അതേസമയം ഇന്ത്യന്‍ സൈനികര്‍ കൊടും തണുപ്പിനെ നേരിടാനുള്ള തയാറെടുപ്പിലാണ്. ഇന്ന് ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന-റഷ്യ വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ചയും ഉച്ചഭക്ഷണവും തീരുമാനിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.