അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അതിര്‍ത്തി വികസനമെന്നത് 18ാം നൂറ്റാണ്ടിലെ വികല മനസുകളുടെ സങ്കല്‍പ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കില്‍ ചൈനയുമായി ബന്ധപ്പെട്ട അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. ലോകമാകെ തന്നെ വിപുലീകരണത്തിന്റെ ശക്തികള്‍ മൂലം പ്രയാസം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി മേഖലയായ രാജസ്ഥാനിലെ ലോഗേവാലയില്‍ സൈനികരോടൊത്ത് ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണകാരികളെയും നുഴഞ്ഞുകയറ്റക്കാരെയും അഭിമുഖീകരിക്കാന്‍ ശേഷിയുള്ള രാജ്യം മാത്രമേ സുരക്ഷിതമായിരിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അന്തര്‍ദ്ദേശീയ സഹകരണത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും സമവാക്യങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും ജാഗ്രതയാണ് സുരക്ഷയ്ക്ക് ഏറ്റവും പ്രധാനം. ഇന്ത്യയുടെ നയം വളരെ വ്യക്തമാണ്. ഇന്ത്യ ചര്‍ച്ചകളാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ നമ്മെ പരീക്ഷിക്കാനുള്ള ഒരു ശ്രമമുണ്ടായാല്‍ പ്രതിരോധവും അതുപോലെ തീവ്രമായിരിക്കും. ഇന്ത്യ ദേശതാല്‍പര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ലോകത്തിന് വ്യക്തമായി അറിയാം. സായുധസേനകള്‍ നല്‍കുന്ന സുരക്ഷ മൂലം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വേദികളിലെ സമ്മര്‍ദ്ദത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയും. നമ്മുടെ സൈനിക ശേഷി അതിന്റെ വിലപേശല്‍ ശക്തിവര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഭീകരവാദത്തിന്റെ സംരക്ഷകരെ അവരുടെ മണ്ണില്‍ വച്ചുതന്നെ ഇന്ത്യ ആക്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഞ്ഞുമൂടിയ മലനിരകളിലോ അല്ലെങ്കില്‍ മരൂഭൂമിയിലോ എവിടെ ആയാലും സൈനികരോടൊത്തു ചേരുമ്പോള്‍ മാത്രമേ തന്റെ ദീപാവലി സമ്പൂര്‍ണമാകുകയുള്ളൂവെന്നും മോദി പറഞ്ഞു. 130 കോടി ഇന്ത്യക്കാര്‍ സൈന്യത്തോടൊപ്പം ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. സായുധസേനയ്ക്ക് വേണ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്കും സേനയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി കഴിയുന്നത്ര സ്റ്റാര്‍ട്ട് അപ്പുകളുമായി യുവാക്കള്‍ മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments are closed for this post.