
ചെന്നൈ: അണ്ണാ ഡി.എം.കെയുടെ രണ്ടുപക്ഷങ്ങള്‍ തമ്മില്‍ ലയിക്കുന്നതിന്റെ ഭാഗമായി മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പക്ഷവുമായി ചര്‍ച്ച നടത്താനായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഏഴംഗ കമ്മിഷനെ നിയോഗിച്ചു.
രാജ്യസഭാംഗവും അണ്ണാ ഡി.എം.കെ (അമ്മ) നേതാവുമായ ആര്.വൈദ്യലിംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചര്‍ച്ച നടത്താനായി നിയോഗിച്ചിരിക്കുന്നത്. സംഘത്തില്‍ മന്ത്രിമാരായ സി. ശ്രീനിവാസന്, കെ.എ ചെങ്കോട്ടയ്യന്, ഡി. ജയകുമാര്‍ എന്നിവരും ഉള്‍പ്പെടും.
തങ്ങളെ പളനിസാമി വിഭാഗം നേരത്തെതന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചര്‍ച്ചക്കായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതായും അറിയിച്ചതായി പനീര്‍ശെല്‍വം വിഭാഗത്തിന്റെ വക്താവ് വെളിപ്പെടുത്തി.
അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല, ഡെപ്യൂട്ടി ജന.സെക്രട്ടറി ടി.ടി.വി ദിനകരന് എന്നിവരുള്‍പ്പെടെ ഇവരുടെ കുടുംബത്തിലെ 30 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ഇതുസംബന്ധിച്ച രേഖ തെളിവായി ഹാജരാക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നു. ഇരുവരെയും നിലനിര്‍ത്തിക്കൊണ്ട് ചര്‍ച്ച നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച തടസപ്പെട്ടിരുന്നത്.
തുടര്‍ന്ന് ഇന്നലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ജയകുമാര്‍, സി. ഷണ്മുഖം, എസ്.പി വേലുമണി, ആര്. വൈദ്യലിംഗം എന്നിവരുമായി പാര്‍ട്ടി ആസ്ഥാനത്ത് മുഖ്യമന്ത്രി പളനിസാമി ചര്‍ച്ച നടത്തി. ശശികലയെയും ദിനകരനെയും പുറത്താക്കിക്കൊണ്ടുള്ള കത്ത് ഹാജരാക്കണമെന്ന പനീര്‍ശെല്‍വം വിഭാഗത്തിന്റെ ആവശ്യം ചര്‍ച്ചയില്‍ ഉന്നയിച്ചു. തുടര്‍ന്നാണ് പനീര്‍ശെല്‍വവുമായി ചര്‍ച്ച നടത്താന്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചത്.
അതേസമയം പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും ഒന്നിക്കുന്ന കാര്യത്തില്‍ മുന്ധാരണകളൊന്നും ആരും മുന്നോട്ടുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പളനി സാമി മാധ്യമങ്ങളോടു പറഞ്ഞു.
പാര്‍ട്ടിയെ ഒന്നിപ്പിക്കുകയും പളനിസാമി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോള്‍ തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യമെന്ന് പളനിസാമി പക്ഷം നേതാവും എം.പിയുമായ ആര്. വൈദ്യലിംഗം അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ച രണ്ടില ചിഹ്നം പുനസ്ഥാപിക്കുകയും നല്ല ഭരണം കാഴ്ചവയ്ക്കുകയും ചെയ്യാനാണ് സര്‍ക്കാരും പാര്‍ട്ടിയും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേക ഉപാധികളൊന്നും മുന്നോട്ടുവച്ചല്ല തങ്ങള്‍ ചര്‍ച്ച നടത്തുന്നത്. പരസ്പര ധാരണയിലെത്താന്‍ ഇരുകൂട്ടരും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടിലചിഹ്നം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ ഹരജി പിന്‍വലിക്കുക, ജയലളിതയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക എന്നിവ പനീര്‍ശെല്‍വം വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്.
അതിനിടയില്‍ പനീര്‍ ശെല്‍വത്തെ പാര്‍ട്ടി ജന.സെക്രട്ടറിയാക്കിയും പളനിസാമിയെ മുഖ്യമന്ത്രിയായി തുടരാനുവദിച്ചും പാര്‍ട്ടിയില്‍ സമവായമുണ്ടാക്കാനുള്ള നീക്കവും സജീവമായി നടക്കുന്നുണ്ട്.