2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അട്ടിമറി ആരോപണം അംഗീകരിക്കില്ല ട്രംപിനെ തള്ളി റിപ്പബ്ലിക്കന്‍ നേതാക്കള്‍

 

അടിസ്ഥാനരഹിത ആരോപണങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡെമോക്രാറ്റ് പാര്‍ട്ടി ശ്രമിക്കുന്നെന്നും മുഴുവന്‍ തപാല്‍ വോട്ടുകളും എണ്ണരുതെന്നുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ എതിര്‍ത്ത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍. ട്രംപിന്റെ പരാമര്‍ശങ്ങള്‍ യു.എസ് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ ആവശ്യം എല്ലാവരുടേയും വോട്ടുകള്‍ എണ്ണണമെന്ന അമേരിക്കക്കാരുടെ വിശ്വാസത്തെ തന്നെ തകര്‍ക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു.
തപാല്‍ ബാലറ്റുകളെക്കുറിച്ച് ആഴ്ചകള്‍ക്ക് മുന്‍പേ ട്രംപ് പരാതിപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ഈ ആരോപണം ശക്തമാക്കി. വൈകിവരുന്ന ബാലറ്റ് എണ്ണല്‍ അന്യായവും അഴിമതി നിറഞ്ഞതുമാണെന്നായിരുന്നു വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ അവകാശവാദങ്ങളുടെ വിശദാംശങ്ങളോ തെളിവുകളോ ഹാജറാക്കാന്‍ ട്രംപിന് സാധിച്ചിരുന്നില്ല. വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള ഒരു സംഭവവും സംസ്ഥാന- ഫെഡറല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ട്രംപിന്റെ വാദത്തെ എതിര്‍ത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത്.
അട്ടിമറി സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങള്‍ ഭ്രാന്താണെന്നായിരുന്നു ഇല്ലിനോയിസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ആദം കിന്‍സിംഗറിന്റെ ട്വീറ്റ്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആശങ്ക ട്രംപിനുണ്ടെങ്കില്‍ അത് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ എത്തിക്കേണ്ടതുണ്ടെന്നും അല്ലാതെ ഒരു അടിസ്ഥാനവുമില്ലാതെ പ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന പ്രസിഡന്റുമാരുടെ ഇത്തരം അഭിപ്രായത്തിന് വിലകല്‍പ്പിക്കേണ്ടതില്ല എന്നാണ് 2024 ല്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ലാരി ഹോഗന്‍ പറഞ്ഞത്.
അമേരിക്ക വോട്ടുകള്‍ എണ്ണുകയാണ്. മുന്‍കാലങ്ങളില്‍ നടന്നതുപോലെ തന്നെ തെരഞ്ഞെടുപ്പ് ഫലത്തെ നമ്മള്‍ മാനിക്കണം. വ്യക്തകള്‍ക്കല്ല തെരഞ്ഞെടുപ്പ് പ്രക്രിയക്കും ജനാധിപത്യത്തിനുമാണ് ഇവിടെ പ്രാധാന്യമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും അരിസോണയിലും തെരഞ്ഞെടുപ്പ് അട്ടിമറി ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു.
ഫലങ്ങള്‍ വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ സമയം നല്‍കേണ്ടത് അനിവാര്യമാണെന്നും ട്രംപ് സഖ്യകക്ഷിയും സെനറ്റ് നേതാവുമായ മിച്ച് മക്കോണല്‍ പറഞ്ഞു.
ട്രംപിന്റെ അട്ടിമറി ആരോപണം അപകടകരവും രാജ്യം കെട്ടിപ്പടുത്ത അടിത്തറയെ തകര്‍ക്കുകയും ചെയ്യുമെന്നായിരുന്നു ടെക്‌സസിലെ റിപ്പബ്ലിക്കന്‍ നേതാവായ വില്‍ ഹര്‍ഡ് പ്രതികരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.