സാക്ഷികൾക്ക് പൊലിസ് സംരക്ഷണമുണ്ടായിരുന്നു
പാലക്കാട് • ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ പതിനാലാം സാക്ഷിയും കൂറ് മാറി. ആനന്ദനാണ് ഇന്നലെ കോടതിയിൽ മൊഴി മാറ്റിയത്. കേസിൽ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ഇയാൾ. നേരത്തെ കേസിലെ സാക്ഷികൾക്ക് പൊലിസ് സംരക്ഷണം നൽകാൻ ഉത്തരവുണ്ടായിരുന്നു.
പാലക്കാട് ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. സാക്ഷികൾ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നൽകുന്നത്. ഇതോടൊപ്പം കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നൽകാനും തീരുമാനിച്ചിരുന്നു.
അട്ടപ്പാടി മധുകേസിൽ സാക്ഷികൾ കൂറ് മാറുന്നതിൽ മധുവിന്റെ സഹോദരി കോടതിയിൽ പൊട്ടിക്കരഞ്ഞ് സങ്കടം പറഞ്ഞിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ടെന്നാണ് സരസു പറഞ്ഞത്.
കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദം ഉണ്ടെന്നുകാണിച്ച് കുടുംബം എസ്.പിക്ക് പരാതി നൽകുകയും ചെയ്തു. 12ാമത്തെ സാക്ഷി കൂറുമാറിയ സാഹചര്യത്തിലാണ് സ്വന്തം സഹോദരന് നീതി തേടി പോരാടുന്ന സരസു നിസ്സഹായവസ്ഥ പങ്കുവച്ചത്. കൂറുമാറാതിരിക്കാൻ പണം ചോദിക്കുകയാണ് സാക്ഷികളെന്ന് സരസു പറഞ്ഞിരുന്നു.
ഇതിനെ തുടർന്നാണ് അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ച് മധുവിന്റെ കുടുംബം പാലക്കാട് എസ്.പിക്ക് പരാതി നൽകിയത്. മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭനങ്ങളും ഭയന്നാണ് തീരുമാനമെന്നും സരസു പറഞ്ഞിരുന്നു.
Comments are closed for this post.