
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി സ്വകാര്യസ്ഥാപനത്തിന് പാട്ടത്തിന് നല്കിയ കരാര്‍ പാലക്കാട് കലക്ടര്‍ റദ്ദ് ചെയ്തത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമെന്ന് മന്ത്രി എ.കെ ബാലന്. ആദിവാസികളുടെ പുനരധിവാസത്തിന് നല്കിയ 2,730 ഏക്കര്‍ നിക്ഷിപ്ത വനഭൂമി അട്ടപ്പാടി ഫാമിങ് സൊസൈറ്റി തൃശൂരിലെ എല്‍.എ ഹോംസ് എന്ന സ്ഥാപനത്തിന് 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കിയ കരാറാണ് റദ്ദ് ചെയ്തത്.
ആ ഭൂമി കരാര്‍ കൊടുക്കുന്നത് ശരിയല്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. ആദിവാസികള്‍ നല്കിയ കേസില്‍ ഹൈക്കോടതി കരാര്‍ റദ്ദു ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സൊസൈറ്റിക്ക് കരാറുമായി ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. റദ്ദ് ചെയ്ത സ്ഥിതിക്ക് ചട്ടവിരുദ്ധമായാണോ കരാര്‍ നല്‍കിയത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും മന്ത്രി ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചു.