2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അടി, ഇടി, കാര്‍ഡ്, തോല്‍വി; ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് വീണ്ടും പരാജയം

പാരീസ്: ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് രണ്ടാം തോല്‍വി. കഴിഞ്ഞ ദിവസം മാഴ്‌സല്ലെക്കെതിരേ നടന്ന മത്സരം നാടകീയതകള്‍ക്ക് ശേഷമാണ് സമാപിച്ചത്.
മത്സരത്തില്‍ പി.എസ്.ജിയെ മാഴ്‌സലെ ഒരു ഗോളിന് തോല്‍പിക്കുകയും ചെയ്തു. ലീഗിലെ ആദ്യ മത്സരത്തിലും പി.എസ്.ജി പരാജയപ്പെട്ടിരുന്നു. കയ്യാങ്കളിയിലേക്ക് നീണ്ട മത്സരത്തില്‍ അഞ്ച് താരങ്ങളാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. പത്ത് തവണ മഞ്ഞക്കാര്‍ഡും റഫറി പുറത്തെടുത്തു.
മത്സരത്തിന്റെ 31ാം മിനുട്ടില്‍ ഫ്‌ളോറിന്‍ ത്വാവിനായിരുന്നു മാഴ്‌സലേയുടെ ഗോള്‍ നേടിയത്. ഇതിന് ശേഷം ഇരു ടീമിലേയും താരങ്ങള്‍ പരുക്കന്‍ മത്സരമാണ് പുറത്തെടുത്തത്. പി.എസ്.ജി താരങ്ങളായ കുര്‍സോവ, പെരഡസ്, നെയ്മര്‍ എന്നിവര്‍ക്കും മാഴ്‌സലെ താരങ്ങളായ ജോര്‍ദാന്‍ അമവി, ദാരിയോ ബെന്‍ഡെറ്റോ എന്നിവരമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. കൊവിഡ് മാറിയതിന് ശേഷം നെയ്മറും ഡി മരിയയും പി.എസ്.ജിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു. പലപ്പോഴും മത്സരം പരുക്കന്‍ രീതിയിലേക്ക് മാറിയതാണ് ഇരു ടീമുകള്‍ക്കും തിരിച്ചടിയായത്. 96ാം മിനുട്ടിലായിരുന്നു ഇരു ടീമിലേയും താരങ്ങല്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിനെ തുടര്‍ന്നായിരുന്നു റഫറി താരങ്ങളെ പുറത്താക്കിയത്. 1979ന് ശേഷം ആദ്യമായാണ് ഫ്രഞ്ച് ലീഗിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാനാവാതെ പിഎസ്ജി തോല്‍വി വഴങ്ങുന്നത്.
മറ്റു മല്‍സരങ്ങളില്‍ ലില്ലെ 1-0ന് മെറ്റ്‌സിനെയും ലെന്‍സ് 3-2ന് ലോറിയെന്റിനെയും റെന്നസ് 4-2ന് നിമെസിനെയും മൊണാക്കോ 2-1ന് നാന്റസിനെയും പരാജയപ്പെടുത്തി. സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയ 4-2ന് ലെവന്റെയെയും റയല്‍ ബെറ്റിസ് 1-0ന് അലാവസിനെയും തോല്‍പ്പിച്ചു. വിയ്യാറയല്‍ ഹുയസ്‌ക, റയല്‍ സോസിഡാഡ് റയല്‍ വല്ലഡോലിഡ് മല്‍സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. മാന്വെല്‍ വല്ലെയോയുടെ ഇരട്ടഗോളുകളാണ് വലന്‍സിയക്കു ജയം നേടിക്കൊടുത്തത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. അതേ സമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ ഹാമിന് തോല്‍വി പിണഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എവര്‍ട്ടണ്‍ ടോട്ടന്‍ ഹാമിനെ പരാജയപ്പെടുത്തിയത്. 55ാം മിനുട്ടില്‍ ഡൊമനിക് കള്‍വര്‍ട്ടായിരുന്നു എവര്‍ട്ടണ് വേണ്ടി വിജയ ഗോള്‍ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ലെസ്റ്റര്‍ സിറ്റി വെസ്റ്റ് ബ്രോമിനെ പരാജയപ്പെടുത്തി. പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച ആദ്യ മത്സരത്തില്‍ തന്നെ വെസ്റ്റ് ബ്രോമിന് തോല്‍വി പിണഞ്ഞു. ലെസ്റ്ററിന് വേണ്ടി ജാമി വാര്‍ഡി രണ്ടും തിമോത്തി ഒരു ഗോളും സ്വന്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.