സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തിക്കൊല്ലരുതെന്ന് പ്രതിപക്ഷം
ഡീസൽ വിലവർധന: പ്രതിവർഷ നഷ്ടം 2,000 കോടിയെന്ന് മന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. മന്ത്രി ആന്റണി രാജുവിന്റെ മറുപടിയെ തുടർന്ന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സിയെ തകർക്കുന്നതിനുപിന്നിൽ സിൽവർലൈൻ അജൻഡയെന്നും അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തിക്കൊല്ലരുതെന്നും അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് തിരുവഞ്ചൂർ പറഞ്ഞു. കെ സ്വിഫ്റ്റ് പദ്ധതിയും കെ.എസ്.ആർ.ടി.സിയെ കുളംതോണ്ടുന്നതാണെന്നും തിരുവഞ്ചൂർ ആരോപിച്ചു. സുശീൽഖന്ന റിപ്പോർട്ട് അടക്കം നടപ്പാക്കി കെ.എസ്.ആർ.ടി.സിയെ നവീകരിക്കുകയാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യുവിനെ ബോധിപ്പിക്കാൻ സർക്കാരിന് ആകുമോയെന്നായിരുന്നു തിരുവഞ്ചൂരിൻ്റെ ചോദ്യം. പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ പുതിയ കമ്പനി രൂപീകരിക്കുന്നത് എന്തിനാണെന്നും തിരുവഞ്ചൂർ ചോദിച്ചു. എന്നാൽ, ഹൈക്കോടതിയുടെ പച്ചക്കൊടിയോടെ നിയമവിധേയമായിട്ടാണ് കെ സ്വിഫ്റ്റ് രൂപീകരിച്ചതെന്ന് മന്ത്രി ആന്റണി രാജു മറുപടി നൽകി.
മൂന്നുമാസം കൊണ്ട് ഡീസൽ ലിറ്ററിന് കൂടിയത് 38 രൂപയാണ്. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷമുള്ള അധികനഷ്ടം 2,000 കോടിയാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ഫ്യൂവൽ സബ്‌സിഡി നൽകി കടത്തിൽ നിന്ന് കരകയറ്റണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട്. യു.ഡി.എഫ് കാലത്ത് 2,700 ബസുകൾ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗത്തിൽ മറുപടി നൽകി. ആറുവർഷം തുടർച്ചയായി ഭരിച്ചിട്ടും പിണറായി സർക്കാർ വാങ്ങിയത് വെറും 110 ബസുകൾ മാത്രമാണെന്നും സതീശൻ പരിഹസിച്ചു.
Comments are closed for this post.