
പെരുമ്പാവൂര്‍:വിദ്യാര്‍ഥികളില്ലാതെ അടച്ചുപൂട്ടിയ കിഴക്കെ ഐമുറി മാവിന്‍ചുവട്ടിലെ മാര്‍ത്തോമാ എല്‍.പി സ്കൂള്‍ ഇപ്പോള്‍ വോട്ടെടുപ്പിന് മാത്രമാണ് തുറക്കുന്നത്. വര്‍ഷങ്ങളായി കൂവപ്പടി പഞ്ചായത്തിലെ 35ാം ബൂത്തിലെ വോട്ടെടുപ്പ് കേന്ദ്രമാണിത്. സ്കൂള്‍ പൂട്ടിയതോടെ കാടുകയറിയ പരിസരം വോട്ടെടുപ്പിന് വേണ്ടി വൃത്തിയാക്കി. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം താല്കാലിക വൈദ്യുതി കണക്ഷന് ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വെള്ളവും മറ്റും സൗകര്യങ്ങളും സജ്ജമാക്കി. പോളിങ് സ്റ്റേഷന് പരിശോധനയ്ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ ആദ്യം അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുപ്രകാരം സൗകര്യങ്ങള്‍ ഒരുക്കിയതിനെ തുടര്‍ന്ന് പോളിങ് സ്റ്റേഷന് അനുവദിക്കുകയായിരുന്നുവെന്ന് പഞ്ചായത്തംഗം ഫെജിന് പോള്‍ പറഞ്ഞു.
കൂവപ്പടി പഞ്ചായത്തിലെ 13 -ാം വാര്‍ഡിലുള്‍പ്പെട്ട 904 പേരാണ് ഈ ബൂത്തില്‍ വോട്ടര്‍മാര്‍. 1920 ല്‍ മാര്‍ത്തോമാ സഭ ആരംഭിച്ചതാണ് ഈ എല്‍.പി സ്കൂള്‍. രണ്ടര ഏക്കറോളം വിസ്തൃതമായ സ്കൂള്‍വളപ്പില്‍ പഴയ ഓടുമേഞ്ഞ കെട്ടിടം ഇപ്പോഴുമുണ്ട്. പില്ക്കാലത്ത് നിര്‍മിച്ച, നാല് ക്ലാസ്മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് പോളിങ് സ്റ്റേഷന്. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വ്യാപകമായതോടെ കുട്ടികള്‍ കുറഞ്ഞ് അടച്ചുപൂട്ടിയതാണ് ഈ സ്കൂള്‍.
മൂന്നുകൊല്ലം മുന്‍പ് അടച്ചുപൂട്ടുമ്പോള്‍ ഒരു വിദ്യാര്‍ഥിയും മൂന്ന് അധ്യാപകരും മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്. ഈ സ്കൂള്‍ പുനരുജ്ജീവിപ്പിക്കാനുളള ശ്രമം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.