
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ഉന്നത വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്സ് (ഐ.എച്ച്.ആര്.ഡി.), ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ (എല്‍.ബി.എസ്.), സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ (സി.സി.ഇ.ഇ.), കോ-ഓപറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എജ്യുക്കേഷന്‍ (കേപ്പ്), ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ്ങ് കോളജ് എന്നിവയെ ലയിപ്പിച്ച് ഒറ്റ സ്ഥാപനമാക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്.
ഈ സ്ഥാപനങ്ങളെയെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഒറ്റ സ്ഥാപനമാക്കുന്നതില്‍ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്.
ഒരേ ലക്ഷ്യത്തിനുവേണ്ടി വിവിധ സ്ഥാപനങ്ങള്‍ വേണ്ടെന്ന ആലോചനയാണ് ഇത്തരത്തിലൊരു നീക്കത്തിനു പിന്നിലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്.
ഭരണ സൗകര്യത്തിനും പ്രവര്‍ത്തന മികവിനുമായി ഈ സ്ഥാപനങ്ങളെയെല്ലാം ഒറ്റ കുടക്കീഴിലാക്കുന്നതാണ് നല്ലത്. ഇവയില്‍ പല സ്ഥാപനങ്ങളും നഷ്ടത്തിലാണ്. വിദ്യാര്‍ഥികളില്ലാത്തതിനാല്‍ പല കോഴ്സുകളും നഷ്ടത്തിലുമാണ്.
എന്നാല്‍ തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആര്.ടി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ്ങ് കോളജ് അവര്‍ക്കുള്ള ഏക സ്ഥാപനമാണ്. ഇതു വിട്ടുനല്‍കുന്നതില്‍ ഗതാഗത വകുപ്പിന് അനുകൂല നിലപാടില്ല. അതുപോലെ കേപ്പിന്റെ ഭരണാവകാശം മുഴുവനായി ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറുന്നതില്‍ സഹകരണ വകുപ്പിനും താല്പര്യ കുറവുണ്ട്.
ഒന്‍പത് എന്‍ജിനീയറിങ്ങ് കോളജുകളും മറ്റ് മാനേജ്മെന്റ് പഠന സ്ഥാപനങ്ങളും നഷ്ടമാകുന്നതിന്റെ പ്രശ്നങ്ങള്‍ സഹകരണ വകുപ്പിനുമുണ്ട്. തുടര്‍വിദ്യാകേന്ദ്രം ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍തന്നെ ആയതിനാല്‍ അത് ലയിപ്പിക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. ഈ സ്ഥാപനങ്ങളുടെയെല്ലാം ചെയര്മാന് മുഖ്യമന്ത്രിയാണെങ്കിലും ഭരണനിര്‍വഹണത്തില്‍ ഇടപെടുന്നത് മന്ത്രിമാരാണ്.
അതുകൊണ്ടുതന്നെ സഹകരണ വകുപ്പിന്റെ അഭിമാനമായ കേപ്പിന്റെ നിയന്ത്രണം ഉന്നത വിദ്യാഭ്യാസ വകുപ്പിനു നല്കുന്നതില് വകുപ്പിന് അതൃപ്തിയുണ്ട്.
ഇവിടുത്തെ നിയമനങ്ങളും അഡ്മിഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ നിയന്ത്രണവും എന്നെന്നേക്കുമായി ഈ വകുപ്പുകള്‍ക്ക് നഷ്ടമാകുമെന്നതിനാല്‍ ലയനത്തിനെതിരേ ഉദ്യോഗസ്ഥര്‍ക്കും എതിര്‍പ്പുണ്ട്.
ലയനം സാധ്യമാക്കുന്നതിലൂടെ ഈ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്തുന്നതിനും ആലോചനയുണ്ട്.
മുഖ്യമന്ത്രി ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള എല്‍.ബി.എസിന്റെ അവസ്ഥയും ഇതുതന്നെയാണ്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പേരില്‍ സംസ്ഥാനത്തുള്ള ഏക സ്ഥാപനമായ എല്‍.ബി.എസിനെ ലയിപ്പിക്കുന്നതോടെ അദ്ദേഹത്തിന്റെ പേരില്‍ സംസ്ഥാനത്തുള്ള ഏക സ്ഥാപനവും അപ്രത്യക്ഷമാകും.
ഈ സ്ഥാപനങ്ങളുടെ ലയനം സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് ഐ.എച്ച്.ആര്.ഡിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങളെ ഒന്നാക്കുമ്പോള്‍ ജീവനക്കാരുടെ തസ്തികകള്‍, ശമ്പളം, മേധാവി തുടങ്ങിയ കാര്യങ്ങും ക്രമീകരിക്കുന്നതിനുള്ള സ്പെഷ്യല്‍ റൂള്‍ തയാറാക്കുന്നതിനു നടപടികള്‍ സ്വീകരിക്കാന്‍ എല്‍.ബി.എസ്. ഡയറക്ടര്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സാങ്കേതികമായ പ്രശ്നങ്ങള്‍ പരിഹരിച്ച് അടുത്ത ആറുമാസത്തിനുള്ളില്‍ ഈ അഞ്ച് സ്ഥാപനങ്ങളുടെ ലയനം പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്.