2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അജ്മീര്‍ ദര്‍ഗാ സ്‌ഫോടനം; ഇന്ദ്രേഷിനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ എന്‍.ഐ.എ കോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി: 2007ല്‍ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടന കേസില്‍ പ്രതികളായിരുന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍ എന്നിവരെ കുറ്റവിമുക്തരാക്കിയ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) നടപടിക്കെതിരായ ഹരജിയില്‍ ജയ്പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതി വാദം കേള്‍ക്കും.
പങ്ക് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജന്‍സി സ്വാധി പ്രഗ്യാ സിങ് ഠാക്കൂര്‍, മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, പ്രിന്‍സ്, രാജേന്ദ്ര എന്നീ നാല് പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേസ് അവസാനിപ്പിച്ചതിനെതിരേ ദര്‍ഗ നടത്തിപ്പുകാരനായ സയ്യിദ് സര്‍വര്‍ ചിശ്തി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുമെന്ന് പ്രത്യേക ജഡ്ജി ദിനേഷ് ഗുപ്ത പറഞ്ഞു. ഇതില്‍ വാദം കേട്ടതിന് ശേഷമേ നാലു പേരെ കുറ്റവിമുക്തരാക്കി കേസ് അവസാനിപ്പിച്ച് കൊണ്ട് എന്‍.ഐ.എ നല്‍കിയ റിപ്പോര്‍ട്ട് സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഈ നാല് പേര്‍ക്കെതിരേ അജ്മീര്‍ ദര്‍ഗ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നുവെന്നാണ് ഏപ്രില്‍ മൂന്നിന് എന്‍.ഐ.എ ജയ്പൂരിലെ പ്രത്യേക കോടതിയില്‍ നല്‍കിയ അനുബന്ധ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2005 ഒക്ടോബര്‍ 30ന് ഇന്ദ്രേഷ് കുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും അജ്മീര്‍ സ്‌ഫോടനത്തിന് ആസൂത്രണം ചെയ്തുവെന്നുമായിരുന്നു എന്‍.ഐ.എ ആദ്യം നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. ഈ യോഗത്തില്‍ സ്വാധി പ്രഗ്യാ സിങ് ഠാക്കൂറും പങ്കെടുത്തിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
എന്നാല്‍, കേന്ദ്രത്തില്‍, മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഹിന്ദുത്വര്‍ പ്രതികളായ സ്‌ഫോടന കേസുകളുടെ അന്വേഷണം ദുര്‍ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവര്‍ക്കെതിരേ തെളിവില്ലെന്ന് പറഞ്ഞ് എന്‍.ഐ.എ കോടതിയില്‍ അനുബന്ധ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
2007 ഒക്ടോബര്‍ 11നാണു അജ്മീറിലെ ഖ്വാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയില്‍ നോമ്പു തുറക്കുന്ന സമയത്ത് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.