2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അച്ഛാദിന്‍ വരുന്നതും കാത്ത്…

രാജ്യത്തെ ജനങ്ങളെ പെരുവഴിയിലാക്കുന്നതു ഹോബിയാക്കിയെടുത്ത നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ടുനിരോധന നയം അമ്പതു പിന്നിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞ ഡിസംബര്‍ 31 വന്നിട്ടും മാറ്റങ്ങളൊന്നും കൂടാതെ നോട്ടു നിരോധനം ജനങ്ങളെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുക എന്ന വ്യാജേന ഒരുമ്പെട്ടിറങ്ങി നടത്തിയ ഈ നോട്ടു നിരോധന തീരുമാനം വെറും മൂന്നു മണിക്കൂര്‍ മുമ്പ് യോഗം ചേര്‍ന്നു തീരുമാനിച്ചതാണെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്.
പ്രധാനമായും വിനിമയം ചെയ്യപ്പെടുന്ന നോട്ടുകള്‍ നിരോധിച്ച രാജ്യങ്ങളൊന്നും തന്നെ പിന്നീട് സാമ്പത്തിക അസന്തുലിതാവസ്ഥയില്‍ നിന്ന് കരകയറിയിട്ടില്ല എന്നറിഞ്ഞിട്ടും ഇതിനു മുതിര്‍ന്നത് ആത്മാഹുതിക്ക് തുല്യമായിരുന്നു. പക്ഷേ, സ്വന്തക്കാരെന്ന് തോന്നുന്നവര്‍ക്കൊക്കെ ആദ്യം തന്നെ വിവരം നല്‍കപ്പെട്ടിരുന്നു എന്നും കേട്ടു വരുന്നുണ്ട്. അതുകൊണ്ടാണത്രെ തകര്‍പ്പന്‍ ജിയോ സിം ഓഫറുമായി അംബാനിയടക്കമുള്ളവര്‍ ഇറങ്ങിപ്പുറപ്പെട്ടത്.
ചില്ലറയില്ലാത്തതിനാല്‍ ഹോസ്പിറ്റലില്‍ ചികിത്സ നിഷേധിക്കപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ രോദനം കേട്ടിട്ടും കക്ഷികള്‍ക്ക് ഒരു കുലുക്കവുമില്ല. പൊരിയുന്ന വെയിലത്തും പാതിരാക്കും പ്രായഭേദമന്യേ വരി നിന്ന് അവസാനം എന്തോ നേടിയ അനുഭൂതിയോടെ പുതുതായി കിട്ടിയ നോട്ടുമായി തിരിച്ചുവരുമ്പോള്‍ കുഴഞ്ഞു വീണു ചരമം പുല്‍കിയവരും അനവധി. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെപ്പറ്റി ന്യായമായ ചോദ്യങ്ങളുന്നയിച്ച രാഹുല്‍ ഗാന്ധിക്ക് കേള്‍ക്കേണ്ടി വന്നത് പരിഹാസ്യ സ്വരങ്ങളും, അതേപ്പറ്റി ശബ്ദിച്ച എം.ടി വാസുദേവന്‍ നായര്‍ക്ക് ഏല്‍ക്കേണ്ടി വന്നത് ഭീഷണി സ്വരങ്ങളും.
എല്ലാത്തിനുമിടയിലും അച്ഛാദിന്‍ വരും എന്ന് തന്നെയാണ് ഇന്നലെയും മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചത്. മോദിയുടെയും ശിങ്കിടികളുടെയും ഗതകാലം അറിയുന്നവര്‍ക്ക് ഈ പ്രസ്താവന ചിരിപടര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. അച്ഛാ ദിന്‍ വരുന്നതും കാത്ത് കഴിയുന്ന ജനതയ്ക്ക് പ്രധാനമന്ത്രിയോട് അച്ഛാദിന്‍ വന്നില്ലെങ്കിലും ഈ സാമ്പത്തിക അസന്തുലിതാവസ്ഥക്ക് ഒന്ന് ഒടുക്കം കണ്ടെത്തിയാല്‍ മതി എന്ന അപേക്ഷ മാത്രമേയുള്ളൂ.

മുഹമ്മദ് ശാക്കിര്‍ മണിയറ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.