2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

സക്കരിയ ഒരു പ്രതീകമാണ്


ബംഗളൂരു സ്‌ഫോടനക്കേസ് ചുമത്തപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സക്കരിയ കഴിഞ്ഞദിവസം രോഗശയ്യയില്‍ കിടക്കുന്ന ഉമ്മയെ വന്നുകണ്ടതും തിരികെപ്പോയതുമായ രംഗങ്ങള്‍ ഉള്ളം ഉലയ്ക്കുന്നതായിരുന്നു. 2009 ഫെബ്രുവരി അഞ്ച് മുതല്‍ ഈ പാവം ചെറുപ്പക്കാരന്‍ കര്‍ണാടകയില്‍ ജയിലിലാണ്. ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ 18 വയസ് പ്രായമുണ്ടായിരുന്ന സക്കരിയയുടെ 10 വര്‍ഷങ്ങളാണ് വിചാരണ പോലുമില്ലാതെ അഴിക്കുള്ളില്‍ പൊലിഞ്ഞുതീര്‍ന്നത്. ചെയ്ത തെറ്റ് എന്തെന്നറിയാതെയുള്ള ഈ ശിക്ഷാനടപടി ക്രൂരവും അപരിഷ്‌കൃതവുമാണ്. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ ആളുടെ കടയില്‍ ഏതോ കാലത്ത് ജോലി ചെയ്തിരുന്നുവെന്ന് മാത്രമാണ് സക്കരിയക്കെതിരേയുള്ള ആരോപണം. സക്കരിയ തെറ്റുകാരനാണെന്ന് താന്‍ ഒരിക്കലും മൊഴി നല്‍കിയിട്ടില്ലെന്ന് മുഖ്യസാക്ഷി വെളിപ്പെടുത്തിയതോടെയാണ് അതുവരെ നാട്ടുകാരാലും അയല്‍പക്കക്കാരാലും അകറ്റിനിര്‍ത്തപ്പെട്ട ഈ കുടുംബത്തിനുമേലുള്ള അവിശ്വാസം മാറിയത്.

10 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ കഴിഞ്ഞ ദിവസത്തേതടക്കം മൂന്നു തവണ മാത്രമാണ് സക്കരിയയ്ക്ക് പരോള്‍ അനുവദിച്ചത്. 2016ല്‍ ജ്യേഷ്ഠസഹോദരന്‍ വിവാഹിതനായപ്പോഴായിരുന്നു ആദ്യത്തേത്. അടുത്തവര്‍ഷം ഇതേ സഹോദരന്‍ ഹൃദയാഘാതത്താല്‍ മരിച്ചപ്പോഴായിരുന്നു അടുത്ത പരോള്‍. കഴിഞ്ഞ ദിവസം പരോളില്‍വന്ന സക്കരിയക്ക് ഉമ്മയുടെ അടുത്തിരിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ലഭിച്ചത്. ഒരു ദിവസത്തേക്ക് അനുവദിക്കപ്പെട്ട പരോളില്‍ മുക്കാല്‍ഭാഗ സമയവും യാത്രയിലായിരുന്നു. സക്കരിയയുടെ ചെലവിലായിരുന്നു പരോള്‍ അനുവദിച്ചത്. അകമ്പടിയായി വന്ന കര്‍ണാടക പൊലിസിന്റെയും സഞ്ചരിച്ച വാഹനത്തിന്റെയും ചെലവ് വരെ ഈ ചെറുപ്പക്കാരന്റെമേല്‍ ഭരമേല്‍പ്പിക്കപ്പെട്ടു.

സ്‌ഫോടനക്കുറ്റം ചുമത്തിയ കര്‍ണാടക പൊലിസിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സക്കരിയക്കെതിരേ ഒരു തെളിവുപോലും 10 വര്‍ഷത്തിനിടയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന സുപ്രിംകോടതി വിധിയും കാറ്റില്‍ പറത്തിയാണ് നഗ്നമായ നീതിനിഷേധം നടന്നുകൊണ്ടിരിക്കുന്നത്. മകന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട് ജയിലില്‍നിന്ന് പുറത്തുവരണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമേ ഇപ്പോള്‍ ശയ്യാവലംബിയായ മാതാവ് ബിരിയുമ്മക്കുള്ളൂ. മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബിരിയുമ്മ മുട്ടാത്ത വാതിലുകളില്ല. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമില്ല.

പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ വോട്ട് ബാങ്ക് മാത്രം മുന്നില്‍ കാണുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിരിയുമ്മയെ പോലെയുള്ളവര്‍ അപ്രസക്തരാണ്. ഇത്തരം കേസുകളില്‍ ഇടപെട്ടവരെന്ന ചീത്തപ്പേര് വീഴുമോ എന്ന പൊതുബോധം പേറുന്നവരാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളൊക്കെയും. ഇത്തരക്കാരില്‍നിന്ന് നിരപരാധികള്‍ക്ക് ഒരിക്കലും നീതി കിട്ടുകയില്ലെന്ന് സക്കരിയ തന്നെ ഒരു പാഠമാണ്. തികഞ്ഞ നീതിനിഷേധമാണ് സക്കരിയ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യം തെളിഞ്ഞിട്ടും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഈ യുവാവിനു വേണ്ടി ശബ്ദിക്കാത്തത് സവര്‍ണ പൊതുബോധം സൃഷ്ടിച്ച മതേതരത്വത്തിനാലും തീവ്രവാദ ബോധത്തിനാലുമാണ്. അതുകൊണ്ടാണ് പൊട്ടിക്കാത്ത ബോംബിന്റെ പേരില്‍ മുസ്‌ലിം യുവാവ് തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ലെറ്റര്‍ബോംബിന്റെ നിര്‍മാതാവായ സവര്‍ണന്‍ അങ്ങനെ ചെയ്തത് മാനസിക കുഴപ്പത്താലാണെന്ന് രമണ്‍ ശ്രീവാസ്തവയെപ്പോലുള്ള പൊലിസ് മേധാവികള്‍ വിധിയെഴുതുന്നത്. ഇടതുപക്ഷത്തെ പോലും ഇത്തരം സവര്‍ണബോധമാണ് ഭരിക്കുന്നതെന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യഉപദേശകനായി തുടരുന്നതിലൂടെ വെളിപ്പെടുന്നത്.

സക്കരിയയുടേത് പോലുള്ള ദുരനുഭവങ്ങള്‍ക്ക് ഇരയായി എത്രയോ പേര്‍ ഇപ്പോഴും ജയിലറക്കുള്ളില്‍ തീതിന്ന് കഴിയുന്നുണ്ട്. അവരില്‍ രണ്ടു സഹോദരന്മാരാണ് കണ്ണൂരിലെ ശറഫുദ്ദീനും സഹോദരന്‍ തസ്‌ലീമും. സക്കരിയക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ചെറുപ്പക്കാരനാണ് ശറഫുദ്ദീന്‍. കഴിഞ്ഞ 10 വര്‍ഷമായി ഈ യുവാവും സക്കരിയക്കൊപ്പം ജയിലിലാണ്. പക്ഷാഘാതമടക്കമുള്ള രോഗങ്ങള്‍ പിടിപെട്ട് ജയിലില്‍ കഴിയുന്ന ശറഫുദ്ദീന് നിയമസഹായത്തിനും വീട്ടിലെ ചെലവിനും വേണ്ടി അധ്വാനിച്ച തസ്‌ലീം എന്ന ചെറുപ്പക്കാരനെയും കര്‍ണാടക പൊലിസ് ഭീകരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മുഖ്യസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കുറ്റാരോപണം. അങ്ങനെയൊരു സാക്ഷിയെ ഹാജരാക്കാന്‍ ഇതുവരെ കര്‍ണാടക പൊലിസിന് കഴിഞ്ഞിട്ടുമില്ല. യു.ഡി.എഫ് ഭരിക്കുമ്പോഴാണ് തസ്‌ലീം എന്ന ചെറുപ്പക്കാരന്‍ ഈ ക്രൂരതക്ക് വിധേയനായത് എന്നതില്‍നിന്നു തന്നെ സവര്‍ണ പൊതുബോധം ഊട്ടിയെടുത്ത തീവ്രവാദ സങ്കല്‍പത്തിന്റെ അടിമകളാണ് ഭരണകൂടങ്ങളൊക്കെയും എന്നതാണ് യാഥാര്‍ഥ്യം.

ഹൂബ്ലി ഭീകരാക്രമണക്കേസിലെ പ്രതികളെന്ന് ആരോപിച്ച് യഹ്‌യ കമ്മുക്കുട്ടി എന്ന മലയാളിയടക്കം 17 പേരെ നിരപരാധികളാണെന്ന് കണ്ട് 2016 ലാണ് പ്രത്യേക കോടതി വെറുതെവിട്ടത്. നീണ്ട ഏഴു വര്‍ഷമാണ് നിരപരാധികളായ ഇവര്‍ ജയിലില്‍ കൊടിയ പീഡനങ്ങള്‍ക്കിരയായത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന യഹ്‌യയുടെ കൈയില്‍ ഖലീല്‍ജിബ്രാന്‍ എഴുതിയ പ്രവാചകന്‍ എന്ന പുസ്തകം കണ്ടു എന്നതായിരുന്നു അദ്ദേഹത്തെ തീവ്രവാദിയാക്കാന്‍ കര്‍ണാടക പൊലിസ് കണ്ടെത്തിയ ന്യായം.

മുക്കം സ്വദേശിയായ യഹ്‌യയുടെ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് അഭിനവ രാജ്യസ്‌നേഹികള്‍ നടത്തിയ മാര്‍ച്ചും എന്‍.ഐ.എക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും മറക്കാറായിട്ടില്ല. 2016ല്‍ ഇവരെ നിരപരാധികളായിക്കണ്ട് വെറുതെവിട്ടപ്പോള്‍ എന്‍.ഐ.എക്ക് അഭിവാദ്യമര്‍പ്പിച്ചവരെ പിന്നീട് കണ്ടതുമില്ല. ഇത്തരം അവസ്ഥകള്‍ നേരിടുന്ന കുടുംബങ്ങള്‍ കേരളത്തില്‍ എത്രയോ ഉണ്ട്. നാളെയും ഉണ്ടായിക്കൂടെന്നില്ല. മതേതരത്വത്തിന്റെ മൂലപ്രമാണം തിരയുന്നവരെയും ഭീകരവാദത്തിന്റെ വേരുകള്‍ ചികയുന്നവരെയും അന്നേരം കണ്ടുകൊള്ളണമെന്നില്ല. ജയില്‍ മോചിതനായ യഹ്‌യ എന്‍ജിനീയര്‍ പറഞ്ഞതു പോലെ ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ ഇത്തരം നിയമവിരുദ്ധ നീക്കങ്ങളെ തടയുവാന്‍ സാധിക്കൂ.

സവര്‍ണ പൊതുബോധം സൃഷ്ടിച്ച മതേതരത്വമുഖം കൊണ്ട് മുസ്‌ലിം ജനതയെ അളക്കുന്ന ഇടതുപക്ഷവും മതേതരത്വമാകേണ്ടതിന്റെ അടിസ്ഥാനം തിരയുന്ന മതേതര-മതന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സക്കരിയയെ പോലുള്ളവര്‍ ഒരു വിഷയമോ ഇരയോ ആയിക്കാണാത്ത ഈ കാലത്ത് സക്കരിയ ഒരു പ്രതീകമാണ്. ബിരിയുമ്മയെ പോലുള്ള നിസ്സഹായരായ ഉമ്മമാരാകട്ടെ മതേതര ജനാധിപത്യ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചോദ്യചിഹ്നവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.