2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

യുവജനങ്ങള്‍ നമ്മുടെ അഭിമാനം മാത്രമല്ല, ഭാവി കൂടിയാണ്

മുരളി തുമ്മാരുകുടി

ചൈനയില്‍ ഒരു കുടുംബത്തില്‍ ഒരു കുട്ടി മാത്രമെന്ന സര്‍ക്കാര്‍ നിയമം വന്നതിനുശേഷം അവിടെയുണ്ടായ തലമുറയെ ‘കൊച്ചുചക്രവര്‍ത്തിമാര്‍’ എന്നാണു വിളിച്ചിരുന്നത്. ഒറ്റക്കുട്ടി ആയിരുന്നതിനാല്‍ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ലാളിച്ചു വഷളാക്കുന്നു, സമൂഹത്തില്‍ താല്‍പ്പര്യമില്ല, ആരുമായും ഒന്നും ഷെയര്‍ ചെയ്തു പഠിച്ചിട്ടില്ല, കംപ്യൂട്ടര്‍ ഗെയിം കളിച്ചുനടക്കുകയാണ്… എന്നൊക്കെയായിരുന്നു ആ തലമുറ നേരിട്ടിരുന്ന ആരോപണങ്ങള്‍.

 

2008 ലെ ഭൂമികുലുക്കം ആ ധാരണ തിരുത്തിക്കുറിച്ചു. ചൈന സമീപകാലത്തൊന്നും കാണാത്ത തരത്തില്‍ ഭൂമി കുലുങ്ങി. ഒരു ലക്ഷത്തോളം പേര്‍ മരിക്കുകയും പത്തുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തപ്പോള്‍ പഴയ തലമുറ സ്തബ്ധരായിപ്പോയി. ആ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും മുന്നിട്ടിറങ്ങിയതു സ്വാര്‍ത്ഥന്മാരാണെന്നു മുതിര്‍ന്ന സമൂഹം വിലയിരുത്തുകയും എഴുതിത്തള്ളുകയും ചെയ്ത കൊച്ചുതമ്പുരാക്കന്മാരും തമ്പുരാട്ടിമാരുമായിരുന്നു.

കേരളം ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്നതില്‍ നമ്മുടെ പുതിയ തലമുറ കാണിച്ച താല്‍പ്പര്യവും ഇടപെടലും മനോധൈര്യവും ലോകോത്തരമാണ്. ലോകത്തെ തൊണ്ണൂറു ശതമാനം രക്ഷാപ്രവര്‍ത്തനവും നടത്തുന്നത് ഔദ്യോഗിക സംവിധാനങ്ങളോ സേനയോ ഐക്യരാഷ്ട്രസഭയോ അല്ല, ചുറ്റുവട്ടത്തുള്ളവരാണ്.

അതുതന്നെയാണു കേരളത്തിലും സംഭവിച്ചത്. മുന്‍പു കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത മഹാപ്രളയം മുന്നിലെത്തിയിട്ടും നമ്മുടെ കുട്ടികള്‍ പേടിച്ചില്ലെന്നു മാത്രമല്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ദുരന്തം ബാധിച്ച പ്രദേശത്തുള്ളവരും ദുരന്തം കേട്ടറിഞ്ഞെത്തിയവരും പകലും രാത്രിയും ദുരിതബാധിതര്‍ക്കായി മുന്നിട്ടിറങ്ങി.

ചുറ്റുമുള്ളവര്‍ ആളുകളെ രക്ഷിക്കാനിറങ്ങിയപ്പോള്‍ അമേരിക്ക, സിംഗപ്പൂര്‍, ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയിടങ്ങളില്‍ ഉറക്കം കളഞ്ഞും നമ്മുടെ പുതിയ തലമുറ രക്ഷാപ്രവര്‍ത്തനത്തിനുള്ള വെബ്‌സൈറ്റ് ഉണ്ടാക്കുന്നതിലും ആവശ്യമായ പണം സംഘടിപ്പിക്കുന്നതിലും ഇടപെട്ടു. തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെയുള്ള നഗരങ്ങളില്‍ രാത്രികളിലും ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കു ഭക്ഷണവും വസ്ത്രവും സംഭരിക്കാനുള്ള ഇടങ്ങളില്‍, സാധാരണഗതിയില്‍ വൈകിട്ട് ഏഴു കഴിഞ്ഞാല്‍ പുറത്തിറങ്ങാത്ത നമ്മുടെ പെണ്‍കുട്ടികള്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.
വന്‍ദുരന്തങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ പകച്ചുനില്‍ക്കുന്ന സമയത്ത് ആരും വിളിക്കാതെ, സമചിത്തതയോടെ നമ്മുടെ കുട്ടികള്‍ മുന്നിട്ടിറങ്ങിയെന്നതും ജാതിയും മതവും പാര്‍ട്ടിയും ഒന്നും അവരെ വിഭജിച്ചില്ലെന്നതും നമ്മുടെ സമൂഹത്തിന്റെ ഭാവിയില്‍ വലിയ പ്രത്യാശ തരുന്ന ഒന്നാണ്.

ദുരന്തകാലത്തുണ്ടായ ഈ അറിവും ഉണര്‍വും രണ്ടാഴ്ച കഴിയുന്നതോടെ നഷ്ടപ്പെടരുത്. മുഖ്യമന്ത്രി പറഞ്ഞപോലെ പഴയ കേരളമല്ല നമ്മള്‍ പുനര്‍നിര്‍മ്മിക്കേണ്ടത്. നാളത്തെ കേരളം യുവാക്കളുടേതാണ്. അപ്പോള്‍ അതെന്തായിരിക്കണമെന്നു തീരുമാനിക്കേണ്ടതു മുതിര്‍ന്ന രാഷ്ട്രീയക്കാരും മുതിര്‍ന്ന ബ്യൂറോക്രാറ്റുകളും മാത്രമല്ല. ലോകത്തെമ്പാടുമുള്ള നമ്മുടെ പുതിയ തലമുറയുടെ അറിവും ചിന്തകളും ഉള്‍പ്പെടുത്താനുള്ള സംവിധാനം നമുക്കു വേണം. പുനര്‍നിര്‍മ്മാണത്തില്‍ പുതിയ തലമുറയ്ക്കു സ്ഥാനം കൊടുത്തുവേണം പദ്ധതി രൂപീകരിക്കാന്‍.
ഇതിലും വലിയ മറ്റൊരു കാര്യം കൂടിയുണ്ട്. ബന്ദും ഹര്‍ത്താലും നടത്താന്‍ റോഡിലിറങ്ങിയില്ലെങ്കിലും നമ്മുടെ സമൂഹത്തില്‍ പുതിയ തലമുറയ്ക്കും വേണ്ടത്ര താല്പര്യമുണ്ടെന്നു മനസ്സിലായ സ്ഥിതിക്കു രാഷ്ട്രീയത്തിലും നയരൂപീകരണത്തിലും അധികാരസ്ഥാനങ്ങളിലും യുവാക്കള്‍ക്കും യുവതികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കണം. ഇല്ലെങ്കില്‍ കുട്ടികള്‍ അതു ചോദിച്ചു വാങ്ങണം. അതായിരിക്കണം ഈ ദുരന്തത്തിന്റെ മുഖ്യ ബാക്കിപത്രം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News