
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് 16 വയസുകാരന് സൗരഭ് ചൗധരി സ്വര്‍ണം നേടിയത്. 244.2 പോയിന്റ് നേടിയാണ് സൗരഭ് സ്വര്‍ണം നേടിയത്. രണ്ടാം സ്ഥാനം നേടിയ ദക്ഷിണ കൊറിയയുടെ സുങ് യോ 236.7 പോയിന്റും നേടി.
215.6 പോയിന്റുമായി സ്വിറ്റ്സര്‍ലന്റിന്റെ സോളാരി ജോസണ്‍ വെങ്കലവും നേടി. ഈ വര്‍ഷം സൗരഭിന്റെ മൂന്നാം സ്വര്‍ണമാണിത്. കഴിഞ്ഞ മാസം ഇന്തോനേഷ്യയില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസ്, രണ്ടാഴ്ച മുമ്പ് നടന്ന ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ് എന്നിവയിലും 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ മനു ഭക്കറും സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ യൂത്ത് ഒളിംപിക്സില്‍ ഷൂട്ടിങ്ങില്‍ മാത്രം ഇന്ത്യക്ക് നാലു മെഡലുകളായി. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് ഷൂട്ടിങ്ങില്‍ ഇന്ത്യ നേടിയത്. ഷാഹു മാനെ, മെഹുലി ഘോഷ് എന്നിവര്‍ക്കാണ് ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ ലഭിച്ചത്. ലോകഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ സൗരഭ് ജൂനിയര്‍ വിഭാഗത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.