2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

യോഗിയും സിദ്ധരാമയ്യയും തമ്മില്‍ ട്വിറ്റര്‍ യുദ്ധം: ഞങ്ങള്‍ പിന്തുടരുന്നത് ഗോഡ്‌സെയുടെ ഹിന്ദുത്വമല്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ ട്വിറ്റര്‍ യുദ്ധം. ബീഫ് കഴിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന സിദ്ധരാമയ്യയ്ക്ക് ഹിന്ദുവാകാന്‍ കഴിയില്ലെന്ന യോഗിയുടെ ആരോപണത്തോടുള്ള പ്രതികരണമായാണ് സിദ്ധരാമയ്യ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഞങ്ങള്‍ പിന്തുടരുന്നത് സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വമാണ്, അല്ലാതെ ഗോഡ്‌സെയുടേതല്ലെന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു.

ഇന്നലെ കര്‍ണാടക ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയ നവകര്‍ണാടക യാത്രയില്‍ സംബന്ധിക്കാന്‍ യോഗി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ പോര് ആരംഭിച്ചത്. റാലിയിലാണ് യോഗി ‘ഹിന്ദു’ പരാമര്‍ശം നടത്തിയത്.

പശുക്കളെക്കുറിച്ചും ഇവയെ കൊല്ലുന്നവര്‍ക്കെതിരേയും വിവേകാനന്ദന്‍ എന്താണ് പറഞ്ഞതെന്ന് വായിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലുള്ളതുപോലുള്ള ഭരണമല്ല കര്‍ണാടകയില്‍ നടത്തുന്നത്. യു.പിയില്‍ പട്ടിണികൊണ്ട് ആളുകള്‍ മരിക്കുകയാണ്. ഇന്ദിരാ കാന്റീന്‍ പോലുള്ള ഷോപ്പുകളുടെ സാന്നിധ്യത്തെക്കുറിച്ചും ഏതുരീതിയിലാണ് ഭരണം നടത്തുന്നതെന്നും മനസിലാക്കണമെങ്കില്‍ ബംഗളൂരുവിലേക്ക് വരണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഇതോടെ വീണ്ടും മറുപടിയുമായി യോഗി രംഗത്തെത്തി. കര്‍ണാടകയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ടെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനെപ്പറ്റിയും പറയുന്നില്ലെന്നും അദ്ദേഹം കുറിച്ചു. യു.പി മുഖ്യമന്ത്രിയെന്ന നിലയില്‍ നിങ്ങളുടെ സഖ്യകക്ഷി ദുരിതത്തെ നീക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്നും യോഗി ട്വീറ്റ് ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News