2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വയനാട്ടില്‍ പച്ചയേ കാണാന്‍ കഴിഞ്ഞുള്ളൂ; കോണ്‍ഗ്രസിന് ‘പച്ച വൈറസ്’ പിടികൂടി, മുസ്‌ലിം ലീഗിനെ വിടാതെ പിന്തുടര്‍ന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിയുടെ ഭാഗമായ മുസ്‌ലിംലീഗിനെ വിടാതെ പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ്സിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണെന്നാണ് യോഗിയുടെ ഏറ്റവും പുതിയ പരാമര്‍ശം. കോണ്‍ഗ്രസ്സിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു. വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോ നിങ്ങള്‍ കണ്ടിട്ടുണ്ടോ? പച്ചനിറം മാത്രമെ അവിടെ കാണാന്‍ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസ് പതാക കാണാന്‍ കഴിഞ്ഞതേയില്ല. കോണ്‍ഗ്രസിനെ പച്ച വൈറസ് പിടികൂടിയിരിക്കുന്നു. അതുവഴി കോണ്‍ഗ്രസ് രോഗബാധിതയായി- യോഗി പറഞ്ഞു.

ഈ മാസം നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ഹരിത പതാകകളുമായി റാലിയില്‍ അണിനിരന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ വിമര്‍ശനം. ലീഗിനെ വൈറസ് എന്ന് അധിക്ഷേപിച്ച് യോഗി ആദിത്യനാഥ് നേരത്തെയും രംഗത്തെത്തിയിരുന്നു. യോഗിയുടെ ആരോപണത്തിനെതിരെ ലീഗ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലിരിക്കെയാണ് അദ്ദേഹം വിമര്‍ശനം ആവര്‍ത്തിച്ചത്.

വയനാട്ടിലെ രാഹുലിന്റെ റാലി കണ്ടാല്‍ അത് ഇന്ത്യയാണോ പാകിസ്താനാണോ എന്ന് പറയാനാകില്ലെന്നും എന്തിനാണ് ഇതുപോലൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നും കഴിഞ്ഞദിവസം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ചോദിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.