2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുസ്‌ലിം ലീഗിനെ വൈറസ് എന്നു വിശേഷിപ്പിച്ചത് പ്രത്യേക സാഹചര്യത്തിലെന്ന് യോഗി ആദിത്യനാഥ്

 

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിനെ വൈറസ് എന്നു വിശേഷിപ്പിച്ചത് പ്രത്യേക സാഹചര്യത്തിലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണ് യോഗി വിവാദ പ്രസ്താവന നടത്തിയത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് യോഗിയുടെ പ്രതികരണം.

‘1857ലെ സ്വാതന്ത്ര സമരത്തില്‍ എല്ലാവരും മംഗല്‍ പാണ്ഡെയോടൊപ്പം ചേര്‍ന്ന് ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടി. പിന്നെ ഈ മുസ്ലിം ലീഗെന്ന വൈറസ് വന്ന് രാജ്യത്തിന്റെ വിഭജനം വരെ കൊണ്ടെത്തിച്ചു. ഇപ്പോള്‍ വീണ്ടു അതേ അപകടം വന്നെത്തിയിരിക്കുകയാണ്. പച്ചപ്പതാക വീണ്ടും പറക്കുന്നു. കോണ്‍ഗ്രസിനെ മുസ്‌ലിം ലീഗ് വൈറസ് ബാധിച്ചിരിക്കുകയാണ്. കരുതിയിരുന്നോളൂ’- ഇതായിരുന്നു യോഗിയുടെ ട്വീറ്റ്.

പരാമര്‍ശം വിവാദമാവുകയും യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മൂന്നുദിവസത്തെ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അയോധ്യ: തര്‍ക്ക പരിഹാരത്തിന് മുസ്‌ലിം വിഭാഗം മുന്‍കൈ എടുക്കണമായിരുന്നു

അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിം കോടതി പുറപ്പെടുവിക്കുന്ന അന്തിമവിധി അംഗീകരിക്കുമെന്ന് യോഗി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര വിവാദം സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

മധ്യസ്ഥതയ്ക്ക് സുപ്രിം കോടതി സമയം അനുവദിച്ചപ്പോള്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ മുസ്‌ലിം വിഭാഗം മുന്‍കൈ എടുക്കണമായിരുന്നു. പക്ഷെ, അതുണ്ടായില്ല. പോസിറ്റീവായി ചിന്തിക്കുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് പരിഹാരവുമായി മുന്നോടുപോകാനാവൂ. പക്ഷെ, അതില്ലാത്ത സ്ഥിതിക്ക് സുപ്രിംകോടതിക്കു മാത്രമേ തീരുമാനമെടുക്കാനാവൂ- യോഗി പറഞ്ഞു.

യു.പിയില്‍ മുസ്‌ലിംകള്‍ 18% മാത്രം, പക്ഷെ ആനുകൂല്യങ്ങള്‍ 35 ശതമാനം പറ്റുന്നതും അവര്‍ തന്നെ; യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ 18% മാത്രമാണുള്ളത്. പക്ഷേ ആനുകൂല്യങ്ങളില്‍ 35 ശതമാനവും ലഭിക്കുന്നത് അവര്‍ക്കാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ മുസ്‌ലിംകള്‍ പാവപ്പെട്ടവരാണെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. കൂടുതല്‍ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ അത് നല്‍കുന്നുണ്ട്. മുസ്‌ലിംകള്‍ ആണെന്നതുകൊണ്ട് ആര്‍ക്കും ആനുകൂല്യം നല്‍കാതിരിക്കുന്നില്ല. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഒരു മാനദണ്ഡം സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതുപ്രകാരം അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ വിവേചനമില്ലാതെ എല്ലാവരിലും എത്തുന്നുവെന്നും യോഗി അവകാശപ്പെട്ടു. വികസനം എല്ലാവരുടേതുമാണെന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. വികസനപദ്ധതികള്‍ 25 ലക്ഷം വീടുകളിലേക്ക് എത്തിക്കുമ്പോള്‍ അവിടെ ഹിന്ദുവെന്നോ മുസ്‌ലിം എന്നോ വ്യത്യാസം നോക്കാറില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.